Peru Bolivia Conflict: ഇവരുടെ തർക്കം സ്ഥലത്തിൻറെ പേരില്ല, ഒരു നൃത്തത്തിൻറെ പേരിൽ
ലാ മൊറെനാഡാ " എന്ന നൃത്തരൂപത്തിന്റെ പേരിലാണ് ഇരുരാജ്യങ്ങളും തമ്മിൽ തർക്കം നിലവിലുള്ളത്
സാധാരണ എല്ലാ രാജ്യങ്ങൾക്കും അതിർത്തി തർക്കമാണ് സ്ഥിരം സംഭവങ്ങളിൽ ഒന്ന്. ഇതിന് പുറമെ ജല, വ്യോമപാതകളുടെ പേരിലും തർക്കം മുറുകുന്നത് പതിവായ കാര്യമാണ്. എന്നാൽ ലോകത്തെ രണ്ട് ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ കാര്യം കുറച്ച് വ്യത്യസ്തമാണ്. പെറുവിന്റെയും ബൊളീവിയയുടെയും കാര്യമാണിത്
ലാ മൊറെനാഡാ ” എന്ന നൃത്തരൂപത്തിന്റെ പേരിലാണ് ഇരുരാജ്യങ്ങളും തമ്മിൽ തർക്കം നിലവിലുള്ളത്. ഈ നൃത്ത രൂപം തങ്ങളുടെ രാജ്യത്താണ് ഉത്ഭവിച്ചതെന്നാണ് ബൊളീവിയയുടെ അവകാശവാദം. എന്നാൽ പെറുവിലാണെന്ന് അവരും വാദിക്കുന്നു.
ഏതാനും വർഷങ്ങൾക്ക് മുമ്പ് ലാ മൊറെനാഡായെ പെറു പ്യൂണോ നഗരത്തിന്റെ സാംസ്കാരിക പൈതൃകമായി പ്രഖ്യാപിച്ചിരുന്നു.പെറുവിലെ മാദ്ധ്യമങ്ങളിൽ ഇത് വലിയ വാർത്തയായതോടെ പ്രതിഷേധവുമായി ബൊളീവിയ രംഗത്തെത്തിയിരുന്നു. എന്നാൽ, തങ്ങൾ ഒരു രാജ്യത്തിന്റെയും കലാരൂപത്തെ മോഷ്ടിക്കുന്നില്ലെന്ന് പറഞ്ഞ പെറു ബൊളീവിയയുടെ ആരോപണങ്ങളെ തള്ളി.
തെക്കൻ പെറുവിനെയും ബൊളീവിയയേയും തമ്മിൽ ബന്ധിപ്പിക്കുന്ന ഘടകമാണ് ലാ മൊറെനാഡാ എന്നും ഈ നൃത്തത്തെ സംരക്ഷിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നെന്നും പെറു വ്യക്തമാക്കിയിട്ടുണ്ട്. കാലക്രമേണ സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമായതിനാൽ ഒരൊറ്റ പ്രദേശത്തിന്റെ ഉടമസ്ഥാവകാശമല്ല മറിച്ച് പങ്കിടുകയാണ് വേണ്ടതെന്നും ചില കലകൾക്ക് അതിരുകളില്ലെന്നും പെറു ചൂണ്ടിക്കാട്ടുന്നു.
2001ൽ ലാ മൊറെനാഡാ നൃത്തമുൾപ്പെടെയുള്ള കലാരൂപങ്ങൾ ചേർന്ന ബൊളീവിയയിലെ ഒറുറോ ഫെസ്റ്റിവൽ ആഘോഷത്തിന് യുനെസ്കോയുടെ അംഗീകാരം ലഭിച്ചിരുന്നു. ലാ മൊറെനാഡാ നൃത്തത്തിൽ ലാറ്റിനമേരിക്കയുടെയും ആഫ്രിക്കയിൽ നിന്നെത്തിയ കറുത്ത വംശജരായ അടിമകളുടെയും സംസ്കാരങ്ങൾ ഇടകലർന്നിട്ടുണ്ട്.