Yahya Sinwar: ‘പ്രതിരോധം ശക്തിപ്പെടുത്തും’; രക്തസാക്ഷികള്‍ മരിക്കുന്നില്ല, പോരാട്ടം തുടരുമെന്ന് ഇറാന്‍
Iran on Yahya Sinwar's Death: ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സ് ഗസയില്‍ നടത്തിയ ഏറ്റുമുട്ടലില്‍ മൂന്നുപേരെ വധിച്ചെന്നും അതില്‍ ഒരാള്‍ യഹ്യ സിന്‍വാര്‍ ആണെന്നുമാണ് നേരത്തെ ഇസ്രായേല്‍ പറഞ്ഞിരുന്നു. പിന്നീട് നടത്തിയ ഡിഎന്‍എ പരിശോധനയിലാണ് യഹ്യ സിന്‍വാറാണ് അതിലൊരാള്‍ എന്ന കാര്യം വ്യക്തമായതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ടെഹ്‌റാന്‍: ഹമാസ് തലവന്‍ യഹ്യ സിന്‍വാറിന്റെ (Yahya Sinwar) മരണത്തിന് പിന്നാലെ ഇസ്രായേലിന് മറുപടി നല്‍കി ഇറാന്‍. വാര്‍ത്താക്കുറിപ്പിലൂടെയാണ് ഇറാന്റെ മറുപടി. പ്രതിരോധം ശക്തിപ്പെടുത്തുമെന്ന് ഇറാന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. പലസ്തീന്റെ വിമോചനത്തിനായി യഹ്യ നല്‍കിയ സംഭാവനകള്‍ യുവാക്കള്‍ക്കും കുട്ടികള്‍ക്കും എന്നും മാതൃകയാണ്. അധിനിവേശവും ആക്രമണം എത്രനാള്‍ തുടരുന്നുവോ അത്രയും നാള്‍ പ്രതിരോധവും നിലനില്‍ക്കുമെന്ന് ഇറാന്‍ പറയുന്നു.
രക്തസാക്ഷികള്‍ ഒരിക്കലും മരിക്കുന്നില്ല, അവര്‍ ജീവിച്ചിരിക്കുന്നവര്‍ക്ക് പോരാട്ടത്തിനുള്ള പ്രചോദനമായി എക്കാലവും തുടരുമെന്നും ഇറാന്‍ വ്യക്തമാക്കി. ഇസ്രായേലിന് തിരിച്ചടി നല്‍കുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇനി സമാധാനത്തിനോ ചര്‍ച്ചയ്‌ക്കോ ഇടമില്ലെന്ന് എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ ഇറാന്‍ വ്യക്തമാക്കി. യഹ്യ സിന്‍വാറിന്റെ മരണവാര്‍ത്ത പങ്കുവെച്ചുകൊണ്ടുള്ള പോസ്റ്റിലാണ് ഇറാന്‍ മുന്നറിയിപ്പ്.
ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സ് ഗസയില്‍ നടത്തിയ ഏറ്റുമുട്ടലില്‍ മൂന്നുപേരെ വധിച്ചെന്നും അതില്‍ ഒരാള്‍ യഹ്യ സിന്‍വാര്‍ ആണെന്നുമാണ് നേരത്തെ ഇസ്രായേല്‍ പറഞ്ഞിരുന്നു. പിന്നീട് നടത്തിയ ഡിഎന്‍എ പരിശോധനയിലാണ് യഹ്യ സിന്‍വാറാണ് അതിലൊരാള്‍ എന്ന കാര്യം വ്യക്തമായതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ യഹ്യ സിന്‍വാര്‍ കൊല്ലപ്പെട്ടത് മറ്റ് ആക്രമണങ്ങള്‍ക്കിടെ യാദൃച്ഛികമായാണെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
അതേസമയം, യഹ്യ സിന്‍വാറിന്റെ മരണം നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തെ നിര്‍ണായക ഘട്ടത്തിലെത്തിച്ചൂവെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹമാസിന് ശേഷമുള്ള പുതിയ കാലത്തിന് തുടക്കമാവുകയാണ്. ഹമാസ് എന്ന സംഘടന ഗസ ഭരിക്കാന്‍ ബാക്കിയാകില്ലെന്നും നെതന്യാഹു പറഞ്ഞതായി ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യഹ്യ സിന്‍വാര്‍ ഇത്രയും നാള്‍ നിങ്ങളുടെ ജീവിതം നശിപ്പിക്കുകയായിരുന്നു. ഹമാസിന്റെ കീഴില്‍ നിന്ന് പുറത്തുകടക്കാനുള്ള അവസരമാണിത്. സിന്‍വാര്‍ ഒരു സിംഹമാണെന്നായിരിക്കും നിങ്ങളോട് പറഞ്ഞത്, എന്നാല്‍ അവന്‍ ഗുഹയ്ക്കുള്ളില്‍ ഒളിക്കുകയായിരുന്നുവെന്നും ഗസയിലെ ജനങ്ങളോടായി നെതന്യാഹു പറഞ്ഞു.
യഹ്യ സിന്‍വാര്‍
1962ലാണ് അദ്ദേഹത്തിന്റെ ജനനം. ഈജിപ്തിന്റെ നിയന്ത്രണത്തിലായിരുന്ന ഖാന്‍ യൂനിസിലെ ഒരു അഭയാര്‍ഥി ക്യാമ്പിലാണ് യഹ്യ സിന്‍വാര്‍ ജനിച്ചത്. 1948ലുണ്ടായ അറബ്-ഇസ്രായേല്‍ യുദ്ധത്തില്‍ അല്‍-മജ്ദല്‍ അസ്ഖലാനില്‍ നിന്ന് ഗസയിലേക്ക് പലായനം ചെയ്തവരായിരുന്നു യഹ്യ സിന്‍വാറിന്റെ കുടുംബം. അധിനിവേശ ഭരണകൂടം നടത്തിയ അതിക്രമങ്ങള്‍ സഹിച്ചുകൊണ്ടായിരുന്നു സിന്‍വാറിന്റെ വളര്‍ച്ച.
ഖാന്‍ യൂനിസിലെ സെക്കന്‍ഡറി സ്‌കൂള്‍ ഫോര്‍ ബോയ്സില്‍ നിന്ന് ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ഗസയിലെ ഇസ്ലാമിക് യൂണിവേഴ്സിറ്റിയില്‍ നിന്ന് അറബിക് പഠനത്തില്‍ ബിരുദവും സിന്‍വാര്‍ നേടി. വിദ്യാഭ്യാസ കാലയളവില്‍ തന്നെ ഫലസ്തീനിലെ മുസ്ലിം ബ്രദര്‍ഹുഡിന്റെ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ ഭാഗമായും സിന്‍വാര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഗസയിലെ ഇസ്ലാമിക് യൂണിവേഴ്സിറ്റിയില്‍ അധിനിവേശ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്നാരോപിച്ചുകൊണ്ട് 1980കളില്‍ നിരന്തരമുള്ള അറസ്റ്റിന് സിന്‍വാറിന് വിധേയനാകേണ്ടി വന്നിട്ടുണ്ട്. 1982 ലായിരുന്നു അദ്ദേഹത്തെ ആദ്യമായി അറസ്റ്റ് ചെയ്തത്. അന്ന് ആറുമാസത്തോളം ഫറ ജയിലില്‍ കഴിയേണ്ടതായി വന്നു. അവിടെ വെച്ചാണ് ഫലസ്തീനിന്റെ പ്രമുഖ നേതാക്കളെ കണ്ടുമുട്ടുന്നത്.
പിന്നീട് 1985ല്‍ അടുത്ത അറസ്റ്റ്. ജയില്‍ മോചിതനായ അദ്ദേഹം റാവ്ഹി മുഷ്താഹയുമായി ചേര്‍ന്നുകൊണ്ട് മുനസ്സമത്ത് അല്‍ ജിഹാദ് വല്‍-ദവ എന്ന സംഘടനയ്ക്ക് രൂപം നല്‍കി. 1987ലെ ഹമാസ് രൂപീകരണത്തോടെ സിന്‍വാര്‍ അതിന്റെ ഭാഗമായി. എന്നാല്‍ 1988ല്‍ വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു. രണ്ട് ഇസ്രായേല്‍ സൈനികരുടെയും നാല് ഫലസ്തീന്‍ പൗരന്മാരുടെയും കൊലപാതകത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ചുകൊണ്ടായിരുന്നു ഈ അറസ്റ്റ്. ഈ സംഭവത്തില്‍ നാല് ജീവപര്യന്തം തടവുകള്‍ക്കാണ് സിന്‍വാര്‍ ശിക്ഷിക്കപ്പെട്ടത്.
ജയില്‍ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് 2008ല്‍ തലച്ചോറിലെ ട്യൂമര്‍ നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് വിധേയനായത്. 23 വര്‍ഷക്കാലം ജയിലില്‍ കഴിയേണ്ടി വന്ന അദ്ദേഹം ഇക്കാലയളവില്‍ ഹീബ്രു പഠിക്കുകയും ഇസ്രായേല്‍ കാര്യങ്ങളിലും ആഭ്യന്തര കാര്യങ്ങളിലും ആഴത്തിലുള്ള പഠനം നടത്തുകയും ചെയ്തിരുന്നു. 2011ല്‍ ഹമാസ് പിടികൂടിയ ഇസ്രായേല്‍ സൈനികന്‍ ഗിലാദ് ഷാലിത്തിനെ മോചിപ്പിക്കുന്നതിനുള്ള കൈമാറ്റ ഇടപാടിന്റെ ഭാഗമായി സിന്‍വാറും മോചിപ്പിക്കപ്പെട്ടു. 2012ല്‍ ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോയിലേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.
എന്നാല്‍ 2015 ല്‍ സിന്‍വാറിനെ അമേരിക്ക ആഗോളഭീകരനായി മുദ്രകുത്തി. 2017ല്‍ ഹമാസ് വിഭാഗത്തിന്റെ പൊളിറ്റിക്കല്‍ ബ്യൂറോയുടെ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട ഹനിയയുടെ പിന്‍ഗാമിയായ സിന്‍വാര്‍ ഗസയുടെ തലവനായി മാറി. പിന്നീട് ഇസ്രായേല്‍ കണ്ടത് കരുത്തുറ്റ നേതാവിന്റെ അല്ലെങ്കില്‍ കരുത്തുറ്റ ഒരു പോരാളിയുടെ വളര്‍ച്ചയാണ്. ഹമാസ് നിര്‍മിച്ച തുരങ്കപാതയുടെ ആസൂത്രണം നടത്തിയത് സിന്‍വാര്‍ തന്നെയായിരുന്നു. 2021 മെയ് 15ന് യഹ്യ സിന്‍വാറിന്റെ വീടിന് നേരെ ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയിരുന്നു. ഇസ്രായേലും ഫലസ്തീനികളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ വെറും നാല് തവണ മാത്രമാണ് യഹ്യ പരസ്യമായി പ്രത്യക്ഷപ്പെട്ടത്.
അല്‍ ഖസാം ബ്രിഗേഡിന്റെ സൈനിക ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിച്ചിരുന്നത് അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. ഹമാസിന്റെ പുതിയ നേതാവായി പ്രഖ്യാപിച്ചതിന് പിന്നാലെ യഹ്യ സിന്‍വാര്‍ കൊലയാളിയാണെന്നായിരുന്നു ഇസ്രായേല്‍ പ്രതികരിച്ചത്. സിന്‍വാറിനെ ഈ ഭൂമുഖത്ത് നിന്നുതന്നെ തുടച്ചുനീക്കുമെന്നും ഇസ്രായേല്‍ പറഞ്ഞിരുന്നു.
അടിച്ചമര്‍ത്തലും അപമാനവും നേരിട്ടുകൊണ്ട് മരിക്കുന്നതിനേക്കാള്‍ രക്തസാക്ഷികളായി മരിക്കാനാണ് ഞങ്ങള്‍ക്ക് താത്പര്യം. ഞങ്ങള്‍ മരിക്കാന്‍ തയാറാണ്. പതിനായിരങ്ങളും ഞങ്ങള്‍ക്കൊപ്പം മരിക്കുമെന്ന സിന്‍വാറിന്റെ വാചകം ഓര്‍മിപ്പിച്ചുകൊള്ളട്ടെ.