School Bags : സ്കൂൾ ബാഗുകളുടെ ഭാരം വിദ്യാർത്ഥികളുടെ ഭാരത്തിൻ്റെ 10 ശതമാനം വരെ; നിബന്ധനകളുമായി അബുദാബി
Abu Dhabi Schools to Limit Student Backpack Weight : അബുദാബിയിലെ സ്കൂൾ വിദ്യാർത്ഥികളുടെ ബാഗുകളുടെ ഭാരത്തെപ്പറ്റി നിയന്ത്രണങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്. വിദ്യാർത്ഥികളുടെ ശരീരഭാരത്തിൻ്റെ 10 ശതമാനത്തിന് മുകളിൽ ഭാരം സ്കൂൾ ബാഗുകൾക്കുണ്ടാവരുതെന്നാണ് നിർദ്ദേശം.
വിദ്യാർത്ഥികളുടെ സ്കൂൾ ബാഗുകളുടെ ഭാരം നിയന്ത്രിക്കാൻ നിബന്ധനകളുമായി അബുദാബി വിദ്യാഭ്യാസ വകുപ്പ്. വിദ്യാർത്ഥികളുടെ ശരീരഭാരത്തിൻ്റെ അഞ്ച് മുതൽ 10 ശതമാനം വരെ ഭാരം മാത്രമേ ഇവരുടെ സ്കൂൾ ബാഗുകൾക്കുണ്ടാവൂ എന്നതാണ് പുതിയ നിയമം. ബാഗുകളുടെ ഭാരം കുറയ്ക്കാനായി ഡിജിറ്റൽ ബുക്കുകൾ നൽകണമെന്നും വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിക്കുന്നു. മുൻപ് രക്ഷിതാക്കളടക്കം സ്കൂൾ ബാഗുകളുടെ ഭാരത്തിനെതിരെ രംഗത്തുവന്നിരുന്നു. പുതിയ നിയമം രക്ഷിതാക്കൾ സ്വാഗതം ചെയ്തിട്ടുണ്ട്.
സ്കൂൾ ബാഗുകളുടെ ഭാരം കുട്ടികളുടെ ആകെ ഭാരത്തിൻ്റെ 10 ശതമാനത്തിൽ കൂടാൻ പാടില്ല എന്ന് വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിക്കുന്നു. ഇ ബുക്കുകളും ഓൺലൈൻ പഠന രീതികളും കൂടുതലായി അവലംബിക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് പറയുന്നു.
ഡിജിറ്റൽ പുസ്തകങ്ങൾ ഉപയോഗിച്ചാൽ ബാഗുകളുടെ ഭാരം ഗണ്യമായി കുറയുമെന്ന് ജെംസ് വേൾഡ് അക്കാദമി അബുദാബിയുടെ വൈസ് പ്രിൻസിപ്പൽ ഡേവിഡ് ക്രാഗ്സ് പറഞ്ഞു. ഇങ്ങനെ ഒരു ഡിവൈസിലൂടെ കുട്ടികൾക്ക് പഠനസാമഗ്രികളെല്ലാം ലഭിക്കും. ഇത് ബാഗുകളുടെ ഭാരം ഗണ്യമായി കുറയ്ക്കും. മോഡുലാർ ബുക്കുകളാണെങ്കിൽ പഠനത്തിനാവശ്യമായ ഭാഗങ്ങൾ മാത്രമേ കുട്ടികൾ ചുമക്കേണ്ടതുള്ളൂ. സ്കൂൾ ലൈബ്രറിയിൽ വിദ്യാർത്ഥികളുടെ പഠനാവശ്യത്തിനുള്ള പുസ്തകങ്ങൾ ഉൾപ്പെടുത്തിയതോടെ അവിടെയും ഭാരം കുറയ്ക്കാനായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോക്കർ സംവിധാനം ഉപയോഗിച്ച് സ്കൂളുകളിൽ പുസ്തകങ്ങൾ സൂക്ഷിക്കാനാവുമെന്ന് ഷൈനിങ് സ്റ്റാർ ഇൻ്റർനാഷണൽ സ്കൂൾ പ്രിൻസിപ്പൽ അഭിലാഷ സിംഗ് പറഞ്ഞു. എന്നാൽ, ഇതിന് മറ്റ് ചില പ്രതിസന്ധികളുണ്ട്. പുസ്തകങ്ങൾ സ്കൂളിൽ സൂക്ഷിച്ചാൽ ഹോംവർക്കുകൾ പൂർത്തിയാക്കുന്നതിലും പരീക്ഷകൾക്കായി തയ്യാറാവുന്നതിലും ബുദ്ധിമുട്ടുണ്ടാക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
യുഎഇയിലെ സ്കൂൾ ബാഗുകളുടെ ഭാരം കുട്ടികൾക്ക് താങ്ങാനാവുന്നില്ല എന്ന പരാതിയുമായി വിദ്യാർത്ഥികളുടെ മാതാപിതാക്കൾ രംഗത്തുവന്നിരുന്നു. സെപ്തംബർ ആദ്യ വാരം ഖലീജ് ടൈംസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. വിശാലമായ ക്യാമ്പസുകളാണ് സ്കൂളുകൾക്കുള്ളതെന്നും കുട്ടികൾക്ക് ഏറെ ദൂരം നടക്കുകയും പടികൾ കയറുകയും ചെയ്യേണ്ടിവരുന്നുണ്ടെന്നും മാതാപിതാക്കൾ പറഞ്ഞതായി റിപ്പോർട്ടിലുണ്ടായിരുന്നു. ഭാരമേറിയ സ്കൂൾ ബാഗുകൾ കാരണം ഇത് കുട്ടികൾക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെന്നും തങ്ങളുടെ സമൂഹമാധ്യമ ഗ്രൂപ്പിലൂടെ മാതാപിതാക്കൾ പരാതിപ്പെട്ടിരുന്നു.
രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിഷയത്തിൽ ഡോക്ടർമാരും പ്രതികരിച്ചു. ശരീരത്തിൻ്റെ 20 ശതമാനത്തിലധികം ഭാരം സ്കൂൾ ബാഗിനുണ്ടാവരുതെന്നായിരുന്നു ഡോക്ടർമാരുടെ മുന്നറിയിപ്പ്. കുട്ടികൾ ഭാരമേറിയ ബാഗുകൾ ചുമന്ന് സ്കൂളുകളിലെത്തുന്നത് നല്ലതല്ല. വാഗുകളുടെ ഭാരം കുറച്ചില്ലെങ്കിൽ കുട്ടികളുടെ ശാരീരികാരോഗ്യം തകരാറിലാവും. അത് പഠനത്തെയും മുന്നോട്ടുള്ള ജീവിതത്തെയും മോശമായി ബാധിക്കുമെന്നും ഡോക്ടർമാർ പറഞ്ഞിരുന്നു.