Pavel Durov: പവേലിന്റെ അറസ്റ്റ് ശുദ്ധ അസംബന്ധം; പ്രതികരിച്ച് ടെലഗ്രാം
Telegram CEO Arrest: ലൈംഗിക ചൂഷണം, കള്ളപ്പണം വെളുപ്പില്‍ തുടങ്ങിയ ആരോപണങ്ങളുമായി ബന്ധപ്പെട്ട് പവേല്‍ ദുരോവ് കസ്റ്റഡിയില്‍ തുടരുകയാണ്. ലെ ബുര്‍ഗ്വേ വിമാനത്താവളത്തില്‍വെച്ചാണ് ദുരോവ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. അസര്‍ബൈജാനിലെ ബകുവില്‍നിന്ന് സ്വകാര്യ ജെറ്റില്‍ എത്തിയപ്പോഴാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
പാരിസ്: ടെലഗ്രാം സിഇഒ പവേല്‍ ദുരോവ് അറസ്റ്റിലായതില്‍ പ്രതികരിച്ച് കമ്പനി. യൂറോപ്യന്‍ യൂണിയന്‍ നിയമം പാലിച്ച് പ്രവര്‍ത്തിക്കുന്ന ദുബായ് ആസ്ഥാനമായുള്ള ടെലഗ്രാം നിയമലംഘനമൊന്നും നടത്തിയിട്ടില്ലെന്ന് കമ്പനി അറിയിച്ചു. ടെലഗ്രാം മെസേജുകളുടെ പേരില്‍ കമ്പനിയുടെ സ്ഥാപകന്‍ പവേലിനെ അറസ്റ്റ് ചെയ്തത് ശുദ്ധ അസംബന്ധമാണെന്നും കമ്പനി പ്രസ്താവനയിലൂടെ പറഞ്ഞു. പവേലിന് ഒന്നും ഒളിച്ച് വെക്കാനില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.
ലൈംഗിക ചൂഷണം, കള്ളപ്പണം വെളുപ്പില്‍ തുടങ്ങിയ ആരോപണങ്ങളുമായി ബന്ധപ്പെട്ട് പവേല്‍ ദുരോവ് കസ്റ്റഡിയില്‍ തുടരുകയാണ്. ലെ ബുര്‍ഗ്വേ വിമാനത്താവളത്തില്‍വെച്ചാണ് ദുരോവ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. അസര്‍ബൈജാനിലെ ബകുവില്‍നിന്ന് സ്വകാര്യ ജെറ്റില്‍ എത്തിയപ്പോഴാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ടെലഗ്രാം ആപ്പുമായി ബന്ധപ്പെട്ട് ഫ്രാന്‍സില്‍ പ്രാഥമികാന്വേഷണം നടക്കുന്ന കേസിലാണ് അറസ്റ്റ്. ദുരോവ് ഞായറാഴ്ച കോടതിയില്‍ ഹാജരാകാനിരിക്കെയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
Also Read: Telegram: ഇന്ത്യയില്‍ ടെലഗ്രാം നിരോധിച്ചേക്കും, ആപ്പിനെതിരെ അന്വേഷണം
കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ ഫ്രാന്‍സില്‍ നിയോഗിക്കപ്പെട്ട ഏജന്‍സിയായ ഒഎഫ്എംഐഎന്‍ നേരത്തെ ദുരോവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. വഞ്ചന, മയക്കുമരുന്ന് കടത്ത്, സൈബര്‍ ഇടത്തിലെ ഭീഷണിപ്പെടുത്തല്‍, സംഘടിത കുറ്റകൃത്യങ്ങള്‍, തീവ്രവാദം പ്രോത്സാഹിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ദുരോവിനെതിരെ ചുമത്തിയിരിക്കുന്നതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ടെലഗ്രാമില്‍ ക്രിമിനല്‍ ഉപയോഗം നിയന്ത്രിക്കുന്നതില്‍ ദുരോവ് പരാജയപ്പെട്ടുവെന്ന് ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് അറിഞ്ഞിട്ടും ദുരോവ് പാരീസിലേക്ക് വന്നത് അത്ഭുതപ്പെടുത്തിയെന്നാണ് അന്വേഷണ ഏജന്‍സിയുടെ പ്രതികരണം.
2013ലാണ് റഷ്യന്‍ പൗരനായ പവേല്‍ മെസേജിങ് ആപ്പായ ടെലഗ്രാം സ്ഥാപിച്ചത്. എന്നാല്‍ 2014ല്‍ പവേലിന്റെ ഉടമസ്ഥയിലുണ്ടായിരുന്ന വികെ എന്ന സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റ് നിയമങ്ങള്‍ പാലിക്കുന്നില്ലെന്ന് റഷ്യയുടെ ആരോപണത്തെ തുടര്‍ന്ന് അദ്ദേഹം രാജ്യം വിടുകയായിരുന്നു. തുടര്‍ന്ന് ദുബായ് ആസ്ഥാനമാക്കി പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. പ്രതിപക്ഷത്ത് നില്‍ക്കുന്ന കമ്മ്യൂണിറ്റികളെ അടച്ചുപൂട്ടാനുള്ള സര്‍ക്കാരിന്റെ ആവശ്യങ്ങളെ അംഗീകരിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ദുരോവിന് റഷ്യ വിടേണ്ടി വന്നത്. അന്താരാഷ്ട്ര മാധ്യമങ്ങള്‍ പറയുന്നത് അനുസരിച്ച് ദുരോവ് 2021ല്‍ ഫ്രഞ്ച് പൗരത്വം സ്വീകരിച്ചത്.
നിലവില്‍ ടെലഗ്രാമിന് ലോകത്താകമാനം 900 മില്യണ്‍ സജീവ ഉപഭോക്താക്കളാണുള്ളത്. 39 വയസുകാരനായ പവേലിന് 15.5 ബില്യണ്‍ ഡോളറിന്റെ ആസ്തിയുണ്ടെന്നാണ് ഫോബ്സിന്റെ കണക്കുകള്‍ സൂചിപിക്കുന്നത്.
അതേസമയം, ഇന്ത്യയില്‍ ടെലഗ്രാം ആപ്പ് നിരോധിക്കാന്‍ സാധ്യത. ടെലഗ്രാം മേധാവി പവേല്‍ ദുരോവ് പാരിസിലെ വിമാനത്താവളത്തില്‍ അറസ്റ്റിലായതിന് പിന്നാലെയാണ് പുതിയ നീക്കം. ടെലഗ്രാമിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യന്‍ സൈബര്‍ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍, കേന്ദ്ര ആഭ്യന്തര മന്ത്രാലയം, കേന്ദ്ര ഇലക്ട്രോണിക്സ് ആന്റി ഐടി മന്ത്രാലയം എന്നീ വകുപ്പുകള്‍ക്ക് കീഴിലായിരിക്കും അന്വേഷണം.
ടെലഗ്രാമിലെ പിയര്‍ 2 പിയര്‍ കമ്മ്യൂണിക്കഷന്‍ വഴി ഇന്ത്യയില്‍ ചൂതാട്ടം, തട്ടിപ്പ് പോലുള്ള നിയമവിരുദ്ധമായ കാര്യങ്ങള്‍ നടക്കുന്നതായാണ് മണി കണ്‍ട്രോളിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇക്കാര്യങ്ങളെല്ലാം അന്വേഷിച്ചതിന് ശേഷമായിരിക്കും ആപ്പ് നിരോധിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കുകയെന്നാണ് ബിസിനസ് ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നത്.
രാജ്യത്ത് അഞ്ച് മില്യണ്‍ ഉപഭോക്താക്കളാണ് ടെലഗ്രാമിനുള്ളത്. എന്നാല്‍ കമ്പനിക്ക് ഇന്ത്യയില്‍ ഔദ്യോഗിക ഓഫീസുകളില്ല. ഇത് ഡാറ്റയും മറ്റും കൈമാറുന്നതിനും കമ്പനിയുമായി ബന്ധപ്പെടുന്നതിനും സാര്‍ക്കാരിന് നേരത്തെ തടസം സൃഷ്ടിച്ചിട്ടുണ്ട്. അതിനാല്‍ ഇവയെല്ലാം കണക്കിലെടുത്താവും ഇപ്പോള്‍ അന്വേഷണം നടത്തുന്നത്.