Bryan Johnson: ‘നഗ്നനായി ഓഫീസിലെത്തും, ലൈംഗികകാര്യങ്ങൾ സംസാരിക്കും’; കോടീശ്വരൻ ബ്രയാൻ ജോൺസണിനെതിരേ ആരോപണങ്ങൾ
Allegations Against Bryan Johnson: നഗ്നനായും അല്പവസ്ത്രം ധരിച്ചും ബ്രയാൻ ജോൺസൺ തന്റെ 'ബ്ലൂപ്രിന്റി'ന്റെ ഓഫീസിലെത്തിയിരുന്നുവെന്നാണ് റിപ്പോർട്ട്. ജീവനക്കാരുമായി തന്റെ ലൈംഗികവൃത്തികളെക്കുറിച്ചും ഉദ്ധാരണം അടക്കമുള്ള വിഷയങ്ങളെക്കുറിച്ചും ഇയാൾ സംസാരിച്ചിരുന്നതായുമാണ് വിവരം.

അമേരിക്കൻ വ്യവസായിയും ശതകോടീശ്വരനു ബ്രയാൻ ജോൺസണെതിരെ ഗുരുതര ആരോപണം. ബ്രയാൻ ജോൺസണിന്റെ കമ്പനിയായ ‘ബ്ലൂപ്രിന്റി’ൽ നടക്കുന്ന അദ്ദേഹത്തിന്റെ വിചിത്രമായ ചില പെരുമാറ്റരീതികളെക്കുറിച്ചാണ് ആരോപണം പുറത്തുവന്നിരിക്കുന്നത്. ഇക്കാര്യങ്ങൾ പുറത്ത് പറയാതിരിക്കാൻ ജീവനക്കാരുമായി നിർബന്ധിത കരാർ തയ്യാറാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.
നഗ്നനായും അല്പവസ്ത്രം ധരിച്ചും ബ്രയാൻ ജോൺസൺ തന്റെ ‘ബ്ലൂപ്രിന്റി’ന്റെ ഓഫീസിലെത്തിയിരുന്നുവെന്നാണ് റിപ്പോർട്ട്. ജീവനക്കാരുമായി തന്റെ ലൈംഗികവൃത്തികളെക്കുറിച്ചും ഉദ്ധാരണം അടക്കമുള്ള വിഷയങ്ങളെക്കുറിച്ചും ഇയാൾ സംസാരിച്ചിരുന്നതായുമാണ് വിവരം. ഇയാൾടൊപ്പം ജോലി ചെയ്തിരുന്ന മുപ്പതുപേരുമായി നടത്തിയ അഭിമുഖത്തിന് പിന്നാലെയാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. ഈ വിവരങ്ങൾ പുറത്തുവിടാതിരിക്കാൻ ജീവനക്കാരുമായി ചില കരാറുകളിൽ ഒപ്പുവെയ്പ്പിച്ചിരുന്നു.
ഈ കരാറിൽ പറയുന്നത് അനുസരിച്ച് ബ്രയാൻ ജോൺസണിന്റെ വീട്, ജോലിസ്ഥലം, വ്യക്തിപരമായ കാര്യങ്ങൾ, വാഹനങ്ങൾ, വിമാനങ്ങൾ തുടങ്ങി സ്വകാര്യമായ വിവരങ്ങളെല്ലാം രഹസ്യമായി സൂക്ഷിക്കണം. 20 പേജുള്ള കരാറിൽ ഇത്തരത്തിൽ നിരവധി നിയന്ത്രണങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കരാറുകളിൽ ഒപ്പുവച്ചതിനാൽ ഇയാളുടെ ഈ രീതികൾക്കെതിരെ ശബ്ദമുയർത്താൻ കഴിയാത്ത നിലവിൽ സാഹചര്യത്തിലാണ് ജീവനക്കാർ. പ്രായം കൂടുന്നത് തടയാമെന്ന് അവകാശവാദവുമായി ബ്രയാൻ ജോൺസൺ ഇതുമായി ബന്ധപ്പെട്ട പല വിവാദങ്ങളിൽ നേരത്തെയും ഉൾപ്പെട്ടിട്ടുണ്ട്.
പ്രായം കൂടുന്നത് തടയാനും യുവത്വം നിലനിർത്താനുമായി കോടികളാണ് ബ്രയാൻ ജോൺസൺ ചെലവിടുന്നത്. ഒരു വർഷം 2 മില്യൺ ഡോളറാണ് (ഏകദേശം 17 കോടിയോളം രൂപ) പ്രായം കുറയാൻ ബ്രയാൻ ജോൺസൺ ചെലവിടുന്നത്. കർശനമായ ആരോഗ്യചിട്ടകളിലൂടെയും മെഡിക്കൽ സപ്ലിമെന്റുകളിലൂടെയും തന്റെ പ്രായം അഞ്ചുവയസ്സുവരെ കുറച്ചതായി ബ്രയാൻ ജോൺസൺ നേരത്തെ അവകാശപ്പെട്ടിരുന്നു.