Bashar Al Assad : സിറിയയില്‍ നിന്ന് മുങ്ങി, പൊങ്ങിയത് റഷ്യയില്‍; ബാഷര്‍ അല്‍ അസദും കുടുംബവും മോസ്‌കോയില്‍
Syrian President Bashar Al Assad In Russia : 53 വര്‍ഷമായി സിറിയയില്‍ തുടര്‍ന്നുപോരുന്ന അസദ് കുടുംബവാഴ്ചയാണ് അവസാനിച്ചത്. 2000 മുതലാണ് ബാഷര്‍ അല്‍ അസദ് പ്രസിഡന്റായത്. 1971 മുതല്‍ അദ്ദേഹത്തിന്റെ പിതാവ് ഹാഫിസ് അല്‍ അസദായിരുന്നു രാജ്യം ഭരിച്ചിരുന്നത്
ഡമാസ്‌കസ്: വിമതരുടെ അപ്രതീക്ഷിത നീക്കത്തെ തുടര്‍ന്ന് സിറിയ വിട്ട പ്രസിഡന്റ് ബാഷര്‍ അല്‍ അസദും കുടുംബവും റഷ്യയിലെത്തിയെന്ന് റിപ്പോര്‍ട്ട്. അസദിനും കുടുംബത്തിനും മോസ്‌കോ അഭയം നല്‍കിയതായി റഷ്യന്‍ സ്‌റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു. തലസ്ഥാന നഗരമായ ഡമാസ്‌കസില്‍ വിമതസനേ പ്രവേശിച്ചതിന് പിന്നാലെയാണ് അസദ് രാജ്യം വിട്ടത്. പിന്നാലെ സിറിയയെ സ്വതന്ത്രമാക്കിയതായി വിമതര്‍ പ്രഖ്യാപിച്ചിരുന്നു. മാനുഷിക പരിഗണനയിലാണ് റഷ്യ അസദിന് അഭയം നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കുമൊപ്പമാണ് അസദ് രാജ്യം വിട്ടത്.
ഹോംസ് ഉള്‍പ്പെടെയുള്ള സിറിയയിലെ പല സുപ്രധാന നഗരങ്ങള്‍ വിമതര്‍ ആദ്യം കൈയ്യടക്കിയിരുന്നു. . ഹോംസില്‍ 3,500-ലധികം തടവുകാരെയാണ് വിമതര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് മോചിപ്പിച്ചത്. ഇതിന് പിന്നാലെയാണ് ഡമാസ്‌കസിലേക്ക് പ്രവേശിച്ചത്.
വിമതരുടെ നീക്കത്തില്‍ അസദിന്റെ സൈന്യവും തളര്‍ന്നിരുന്നു. രാജ്യം വിട്ട സൈനികര്‍ക്ക് അഭയം നല്‍കിയതായി ഇറാഖ് സ്ഥിരീകരിച്ചിരുന്നു.
53 വര്‍ഷമായി സിറിയയില്‍ തുടര്‍ന്നുപോരുന്ന അസദ് കുടുംബവാഴ്ചയാണ് അവസാനിച്ചത്. 2000 മുതലാണ് ബാഷര്‍ അല്‍ അസദ് പ്രസിഡന്റായത്. 1971 മുതല്‍ അദ്ദേഹത്തിന്റെ പിതാവ് ഹാഫിസ് അല്‍ അസദായിരുന്നു രാജ്യം ഭരിച്ചിരുന്നത്.
read also: അധികാരം വിമതര്‍ക്ക് കൈമാറുന്നതായി പ്രഖ്യാപിച്ച് പ്രധാനമന്ത്രി; സിറിയയില്‍ കുടുംബവാഴ്ച അവസാനിച്ചോ?
അതേസമയം, സിറിയയില്‍ ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്ന് എംബസി വൃത്തങ്ങള്‍ വ്യക്തമാക്കി. ഡമാസ്‌കസില്‍ ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനം തുടരുന്നുണ്ട്. എല്ലാ ഇന്ത്യന്‍ പൗരന്മാരുമായി ബന്ധപ്പെടുന്നുണ്ടെന്നാണ് എംബസി വൃത്തങ്ങളുടെ വിശദീകരണം. സിറിയയില്‍ ആഭ്യന്തര സംഘര്‍ഷം ശക്തി പ്രാപിച്ചപ്പോള്‍ തന്നെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിദേശകാര്യമന്ത്രാലയം ജാഗ്രതാ നിര്‍ദ്ദേശം പുറത്തുവിട്ടിരുന്നു.
ഇന്ത്യക്കാര്‍ വേഗം സിറിയ വിടണമെന്നും, ഇനി ഒരു അറിയിപ്പ് നല്‍കുന്നതുവരെ സിറിയയിലേക്ക് പോകരുതെന്നുമായിരുന്നു നിര്‍ദ്ദേശം.
ഇറാന്‍ എംബസിക്ക് നേരെ ആക്രമണം
ഡമാസ്‌കസിലെ ഇറാന്‍ എംബസി വിമതര്‍ അക്രമിച്ചതായി റിപ്പോര്‍ട്ട്. എംബസി കെട്ടിടത്തിലേക്ക് വിമതര്‍ ഇരച്ചുകയറി. ഫയലുകളടക്കം നശിപ്പിച്ചു. എംബസിയുടെ ചുവരില്‍ പതിപ്പിച്ചിരുന്ന ആയത്തുല്ല അലി ഖമേനി ഉള്‍പ്പെടെയുള്ള ഇറാന്‍ നേതാക്കളുടെ ചിത്രങ്ങള്‍ കീറിയെറിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. എംബസി ജീവനക്കാര്‍ സുരക്ഷിതരാണെന്നാണ് വിവരം. സംഭവം നടക്കുന്നതിന് മുമ്പ് തന്നെ അവര്‍ സ്ഥലംവിട്ടിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.