5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Syria Civil War: ഇത് മികച്ച അവസരം; സിറിയയില്‍ വ്യോമാക്രമണം നടത്തി അമേരിക്ക

US Air Strike in Syria: വ്യോമാക്രമണത്തില്‍ ഐഎസ്‌ഐഎലിന്റെ നിരവധി കേന്ദ്രങ്ങള്‍ തകര്‍ത്തതായും നേതാക്കളെ വധിച്ചതായും യുഎസ് അവകാശപ്പെടുന്നുണ്ട്. നേതാക്കളും വിവിധ താവളങ്ങളും ഉള്‍പ്പെടെ എഴുപത്തിയഞ്ചിലധികം ലക്ഷ്യ സ്ഥാനങ്ങള്‍ തകര്‍ത്തതായാണ് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കുന്നത്.

Syria Civil War: ഇത് മികച്ച അവസരം; സിറിയയില്‍ വ്യോമാക്രമണം നടത്തി അമേരിക്ക
സിറിയയില്‍ നിന്നുള്ള ദൃശ്യം (Image Credits: PTI)
shiji-mk
Shiji M K | Published: 09 Dec 2024 16:17 PM

ദമസ്‌കസ്: സിറിയയില്‍ വ്യോമാക്രമണം നടത്തിയ യുഎസ്. വിമത സേന പിടിച്ചടക്കിയ സിറിയയിലെ ഐഎസ്‌ഐഎല്‍ കേന്ദ്രങ്ങള്‍ക്ക് നേരെയാണ് അമേരിക്കയുടെ വ്യോമാക്രമണം ഉണ്ടായത്. ബഷര്‍ അല്‍ അസദിനെ സ്ഥാനഭ്രഷ്ടനാക്കി ഹയാത്ത് തഹ്‌രീര്‍ അഷാം ഭരണം പിടിച്ചടക്കിയ സിറിയില്‍ ഭീകരവാദികള്‍ പിടിമുറുക്കാതിരിക്കാന്‍ വേണ്ടിയാണ് ആക്രമണം നടത്തിയതെന്ന് യുഎസ് വ്യക്തമാക്കി. പിടിച്ചടക്കിയ സ്ഥലങ്ങള്‍ ഭീകരവാദികള്‍ സുരക്ഷിത താവളമാക്കുന്നത് തടയാനുമാണ് അവരുടെ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്ന് വൈറ്റ് ഹൗസ് പ്രസ്താവനയിലൂടെ വിശദീകരിച്ചു.

വ്യോമാക്രമണത്തില്‍ ഐഎസ്‌ഐഎലിന്റെ നിരവധി കേന്ദ്രങ്ങള്‍ തകര്‍ത്തതായും നേതാക്കളെ വധിച്ചതായും യുഎസ് അവകാശപ്പെടുന്നുണ്ട്. നേതാക്കളും വിവിധ താവളങ്ങളും ഉള്‍പ്പെടെ എഴുപത്തിയഞ്ചിലധികം ലക്ഷ്യ സ്ഥാനങ്ങള്‍ തകര്‍ത്തതായാണ് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കുന്നത്.

ബോയിങ് ബി 52, മക്‌ഡൊണല്‍ ഡഗ്ലസ് എഫ് 15 ഈഗിള്‍ തുടങ്ങിയ യുദ്ധവിമാനങ്ങള്‍ ഉള്‍പ്പെടെ ആക്രമണത്തിന്റെ ഭാഗമായെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ എത്ര സിവിലിയന്മാര്‍ക്ക് പരിക്കേറ്റതായി അറിയില്ലെന്നും നാശനാഷ്ടങ്ങള്‍ വിലയിരുത്തി വരികയാണെന്നുമാണ് സെന്റ്‌കോ വിശദീകരിക്കുന്നത്. വിമതര്‍ രാജ്യം പിടിച്ചടക്കിയതിന് പിന്നാലെ വിവിധ രാജ്യങ്ങളില്‍ നിന്നായി തീവ്രവാദി സംഘങ്ങള്‍ സിറിയയിലേക്ക് എത്താന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിന് പിന്നാലെയാണ് അമേരിക്ക വ്യോമാക്രമണം നടത്തിയത്.

അതിനിടെ, വിമതരുടെ ഭരണത്തെ പിന്താങ്ങി കൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്തെത്തിയിരുന്നു. ഞായറാഴ്ച വൈറ്റ് ഹൗസില്‍ നടത്തിയ പ്രസംഗത്തിലാണ് ബൈഡന്‍ വിമതരുടെ ഭരണത്തെ അമേരിക്ക പിന്താങ്ങുന്നതിന്റെ സൂചന നല്‍കിയത്. ഏറെ ദുരിതങ്ങള്‍ അനുഭവിക്കേണ്ടി വന്ന സിറിയന്‍ ജനതയ്ക്ക് ബഷറിനെ വീഴ്ത്തി ഭരണം പിടിച്ചടക്കിയ എച്ച്ടിഎസ്സിന്റെ കൈകളിലൂടെ അഭിമാനകരമായ ഭാവി സൃഷ്ടിക്കാന്‍ കിട്ടിയ മികച്ച അവസരമാണിതെന്ന് ബൈഡന്‍ പറഞ്ഞിരുന്നു.

Also Read: Bashar Al Assad : സിറിയയില്‍ നിന്ന് മുങ്ങി, പൊങ്ങിയത് റഷ്യയില്‍; ബാഷര്‍ അല്‍ അസദും കുടുംബവും മോസ്‌കോയില്‍

അതേസമയം, വിമതരുടെ നീക്കത്തിന് പിന്നാലെ രാജ്യം വിട്ട ബഷറിനും കുടുംബത്തിനും റഷ്യ അഭയം നല്‍കി. റഷ്യന്‍ സ്റ്റേറ്റ് മീഡിയയാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. മാനുഷിക പരിഗണന നല്‍കികൊണ്ടാണ് ബഷറിനും കുടുംബത്തിനും റഷ്യ അഭയം നല്‍കിയതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബഷറും കുടുംബവും സിറിയ വിട്ടുവെന്നും സമാധാനപരമായ അധികാര കൈമാറ്റത്തിന് തയാറാണെന്ന് അറിയിച്ചതായും റഷ്യന്‍ വിദേശകാര്യം മന്ത്രാലയം വ്യക്തമാക്കി.

ബഷര്‍ റഷ്യയിലെത്തിയതിനാല്‍ സൈനിക കേന്ദ്രങ്ങള്‍ക്കും നയതന്ത്ര ഓഫീസുകള്‍ക്കും സുരക്ഷ ഉറപ്പാക്കുമെന്ന് വിമതര്‍ അറിയിച്ചതായും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. 14 വര്‍ഷം നീണ്ട അധികാരത്തിന് അന്ത്യം കുറിച്ചുകൊണ്ടാണ് ബഷര്‍ സിറിയ വിട്ടത്. ഭാര്യ അസ്മയും രണ്ട് മക്കളുമാണ് കൂടെ. തലസ്ഥാനം കീഴടക്കിയതായി വിമതര്‍ പ്രഖ്യാപിക്കുന്ന സമയത്ത് ദമസ്‌കസ് വിമാനത്താവളം വഴി ഇവര്‍ രക്ഷപ്പെടുകയായിരുന്നു.

കഴിഞ്ഞ് 57 വര്‍ഷമായി അസദ് കുടുംബമാണ് സിറിയയില്‍ ഭരണം നടത്തിയിരുന്നത്. 1971 മുതല്‍ സിറിയ ഭരിച്ചിരുന്നത് ബഷറിന്റെ പിതാവായ ഹാഫിസ് അല്‍ അസദായിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ വിയോഗത്തിന് പിന്നാലെ അധികാരം 2000 ത്തില്‍ ബഷറിലേക്കെത്തി.