Syria Conflict : സിറിയ പിടിച്ചെടുത്തെന്ന് വിമതരുടെ പ്രഖ്യാപനം, സ്ഥലം കാലിയാക്കി അസദ്‌

Syria civil war updates : ഡമാസ്‌കസിന് സമീപമുള്ള ബര്‍സെയിലാണ് ഇപ്പോള്‍ വിമതര്‍ തമ്പടിച്ചിരിക്കുന്നത്. ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. വൈദ്യുതിയടക്കം വിച്ഛേദിക്കപ്പെട്ടു

Syria Conflict : സിറിയ പിടിച്ചെടുത്തെന്ന് വിമതരുടെ പ്രഖ്യാപനം, സ്ഥലം കാലിയാക്കി അസദ്‌

സിറിയയിലെ വിമത മുന്നേറ്റം (image credits: PTI)

Updated On: 

08 Dec 2024 12:54 PM

ഡമാസ്‌കസ്‌: സിറിയ പിടിച്ചെടുത്ത് വിമതര്‍. അസദ് ഭരണകൂടത്തില്‍ നിന്ന് സിറിയയെ മോചിപ്പിച്ചെന്നാണ് വിമതരുടെ അവകാശവാദം. വിമതസേന തലസ്ഥാന നഗരമായ ഡമാസ്‌കസ്‌ വളഞ്ഞതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അസദ് ഭരണകൂടത്തിന്റെ പ്രതിരോധം തളരുന്നുവെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് സിറിയ പിടിച്ചെടുത്തതായി വിമതസേന പ്രഖ്യാപിച്ചത്.

ഡമാസ്‌കസിന് സമീപമുള്ള ബര്‍സെയില്‍ വിമതര്‍ തമ്പടിച്ചിരുന്നു. പിന്നാലെയാണ് ഡമാസ്‌കസിലേക്ക് പ്രവേശിച്ചതെന്നാണ് സൂചന. വൈദ്യുതിയടക്കം വിച്ഛേദിക്കപ്പെട്ടു. ഇന്റര്‍നെറ്റ് സേവനങ്ങളിലും പ്രതിസന്ധി നേരിടുന്നുണ്ട്. ആളുകളെല്ലാം വീടുകളില്‍ തുടരുകയാണ്.

പ്രസിഡന്റ് രാജ്യം വിട്ടു

പ്രസിഡൻ്റ് ബാഷർ അൽ അസദ് രാജ്യം വിട്ടെന്ന് അഭ്യൂഹം പ്രചരിക്കുന്നുണ്ട്. എന്നാല്‍ പ്രസിഡന്റ് ഇക്കാര്യം നിഷേധിച്ചു. പ്രസിഡന്റ് രാജ്യത്ത് തന്നെയുണ്ടെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ വിമാനത്തില്‍ അസദ് അജ്ഞാത പ്രദേശത്തേക്ക് പുറപ്പെട്ടതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹോംസ് നഗരം വിമതര്‍ നേരത്തെ കൈപിടിയിലാക്കിയിരുന്നു. അല്‍ അസദിന്റെ സൈന്യം അൽ ഖൈം അതിർത്തി കടന്ന് ഇറാഖിലേക്ക് പലായനം ചെയ്യുന്നുവെന്നാണ് വിവരം. സിറിയന്‍ സൈനികര്‍ക്ക് അഭയം കൊടുത്തതായി ഇറാഖ് സ്ഥിരീകരിച്ചു.

തങ്ങള്‍ ഹോംസ് നഗരത്തെ സ്വതന്ത്രമാക്കിയെന്നായിരുന്നു വിമത കമാൻഡർ ഹസ്സൻ അബ്ദുൾ ഗനിയുടെ അവകാശവാദം. ഹോംസില്‍ 3,500-ലധികം തടവുകാരെയാണ് വിമതര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് മോചിപ്പിച്ചത്. പല സുപ്രധാന നഗരങ്ങളും വിമതരുടെ നിയന്ത്രണത്തിലാണ്. അലപ്പോ, ഹമ, ദെയ്ര്‍ അല്‍ സോര്‍, ക്വിനെയ്ത്ര, ദേറാ, സുവെയ്ദ തുടങ്ങിയ പ്രദേശങ്ങള്‍ വിമതര്‍ കൈയ്യടക്കി.

സിറിയൻ സൈനികരും വിവിധ സുരക്ഷാ ഏജൻസികളിലെ അംഗങ്ങളും നഗരത്തിൽ നിന്ന് പിൻവാങ്ങിയതായും വിമതർ നഗരത്തിൻ്റെ ഭാഗങ്ങളിൽ പ്രവേശിച്ചതായും ബ്രിട്ടൻ ആസ്ഥാനമായുള്ള സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സിൻ്റെ തലവനായ റാമി അബ്ദുറഹ്മാൻ വ്യക്തമാക്കി.

ALSO READ: സിറിയയില്‍ എന്താണ് സംഭവിക്കുന്നത്? മിഡില്‍ ഈസ്റ്റിനെ ബാധിക്കുന്നതെങ്ങനെ?

ലെബനൻ്റെ അതിർത്തിയിലുള്ള സിറിയൻ നഗരമായ ഖുസൈറിൽ നിന്ന് ഹിസ്ബുള്ള ഗ്രൂപ്പ് പിൻവാങ്ങിയെന്ന് സിറിയൻ സൈനിക വൃത്തങ്ങൾ നേരത്തെ വ്യക്തമാക്കിയിരുന്നു.

സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് വീണ്ടും രൂപപ്പെടുന്നില്ലെന്നും, മാനുഷിക വിപത്ത് ഉണ്ടാകുന്നില്ലെന്നും ഉറപ്പുവരുത്തുന്നതിലാണ് യുഎസ് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. സിറിയയുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ ഭീകരസംഘടനയെ അനുവദിക്കില്ലെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.

സിറിയയില്‍ മുമ്പ് സംഭവിച്ച ആഭ്യന്തര യുദ്ധത്തോടെയാണ് ഐഎസ്‌ഐഎസ് രംഗത്തെത്തിയതെന്ന്‌ യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവന്‍ ഓര്‍മിപ്പിച്ചു.

സിറിയയിലെ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇറാൻ, റഷ്യ, തുർക്കി എന്നീ രാജ്യങ്ങളിലെ നയതന്ത്രജ്ഞർ യോഗം ചേര്‍ന്നിരുന്നു. സിറിയൻ സർക്കാരും വിമതരും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കാന്‍ തീരുമാനിച്ചുവെന്നായിരുന്നു ഇറാന്‍ വിദേശകാര്യമന്ത്രിയുടെ പ്രതികരണം.

ചാമ്പ്യന്‍സ് ട്രോഫിയിലെ റണ്‍വേട്ടക്കാര്‍
മുന്തിരി കഴിച്ചോളൂ; പലതുണ്ട് ഗുണങ്ങൾ
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ