5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Mpox: എംപോക്‌സിൻ്റെ വകഭേദം യൂറോപ്പിലും; രോഗബാധ സ്ഥിരീകരിച്ചത് സ്വീഡനിൽ

Mpox ​In Sweden: എംപോക്‌സിന്റെ ക്ലേഡ് വൺ രൂപാന്തരത്തെ തുടർന്നുള്ള രോഗബാധയാണ് സ്വീഡനിൽ സ്ഥിരീകരിച്ചിരിക്കുന്നത്. ആഫ്രിക്കയിലെ എംപോക്‌സ് ബാധിത മേഖല സന്ദർശിച്ചതാണ് രോഗബാധയ്ക്കു കാരണമെന്നാണ് സൂചന. രോഗിക്ക് ചികിത്സ ആരംഭിച്ചിട്ടുണ്ട്.

Mpox: എംപോക്‌സിൻ്റെ വകഭേദം യൂറോപ്പിലും; രോഗബാധ സ്ഥിരീകരിച്ചത് സ്വീഡനിൽ
Mpox In Africa.
neethu-vijayan
Neethu Vijayan | Updated On: 16 Aug 2024 14:24 PM

സ്‌റ്റോക്ക്‌ഹോം: എംപോക്‌സിൻ്റെ അതീവ ഗുരുതര വകഭേദം സ്വീഡനിൽ സ്ഥിരീകരിച്ചതായി (Mpox ​In Sweden) അധികൃതർ. സ്വീഡന്റെ ആരോഗ്യ-സാമൂഹികകാര്യ വകുപ്പു മന്ത്രി ജേക്കബ് ഫോഴ്‌സ്‌മെഡാണ് ഇക്കാര്യം വാർത്താസമ്മേളനത്തിൽ അറിയിച്ചത്. ആഫ്രിക്കയ്ക്ക് പുറത്തും യൂറോപ്പ് ഭൂഖണ്ഡത്തിലും ഇതാദ്യമായാണ് എംപോക്‌സ് വകഭേദം സ്ഥിരീകരിക്കുന്നത്. എംപോക്‌സിന്റെ ക്ലേഡ് വൺ രൂപാന്തരത്തെ തുടർന്നുള്ള രോഗബാധയാണ് സ്വീഡനിൽ സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്തിന്റെ പബ്ലിക് ഹെൽത്ത് ഏജൻസിയാമ് ഇക്കാര്യം പ്രസ്താവനയിലുടെ വ്യക്തമാക്കിയത്.

നിലവിലെ ആഫ്രിക്കയിലെ എംപോക്‌സ് ബാധിത മേഖല സന്ദർശിച്ചതാണ് രോഗബാധയ്ക്കു കാരണമെന്നാണ് സൂചന. രോഗിക്ക് ചികിത്സ ആരംഭിച്ചിട്ടുണ്ട്. ക്ലേഡ് വൺ, ക്ലേഡ് ടു എന്നിങ്ങനെ എംപോക്‌സിന് പ്രധാനമായും രണ്ടു വകഭേദങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. നേരത്തെ 2022-ൽ ക്ലേഡ് ടു മങ്കിപോക്‌സ് ബാധയെ തുടർന്ന് ലോകാരോഗ്യസംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

അതേസമയം ക്ലേഡ് വണ്ണിനെ അപേക്ഷിച്ച് രൂക്ഷത കുറവാണ് ക്ലേഡ് ടുവിന്. സ്വീഡൻ ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ നേരത്തെതന്നെ ക്ലേഡ് ടു മങ്കിപോക്‌സ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആഫ്രിക്കൻരാജ്യങ്ങളിൽ എംപോക്‌സ് അതിവേഗം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ലോകാരോഗ്യസംഘടന ബുധനാഴ്ച ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. 1970ൽ കോംഗോയിലാണ് രോഗം ആദ്യം റിപ്പോർട്ട് ചെയ്തത്. പിന്നീട് സമീപത്തെ ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് രോഗം പകരുകയായിരുന്നു. രോ​ഗം ബാധിച്ച് ഇതുവരെ അഞ്ഞൂറിലേറെപ്പേർ മരണപ്പെട്ടതായാണ് റിപ്പോർട്ടുകൾ.

ആഫ്രിക്കൻ രാജ്യങ്ങളിൽ പടർന്നുപിടിച്ച എംപോക്സ് ഇപ്പോൾ ലോകത്തിന് തന്നെ ഭീഷണിയായി മാറുന്ന സാഹചര്യമാണെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആഗോളതലത്തിലെ സഹകരണം കൊണ്ട് മാത്രമേ ഈ രോഗബാധ നിയന്ത്രിക്കാൻ സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകാരോഗ്യ സംഘടനയുടെ ഏറ്റവും ഗുരുതരമായ ജാഗ്രതാനിർദ്ദേശങ്ങളിലൊന്നാണ് ആരോഗ്യ അടിയന്തരാവസ്ഥ. 2009 മുതൽ ഇതുവരെ ഏഴ് തവണ ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷവും എംപോക്സ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ഡബ്ല്യുഎച്ച്ഒ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

ALSO READ: എംപോക്സ് പടരുന്നു; ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

എന്താണ് എംപോക്‌സ്?

മങ്കിപോക്സ് എന്ന പേരിലായിരുന്നു നേരത്തെ ഈ വൈറസ് ബാധ അറിയപ്പെട്ടിരുന്നത്. എന്നാൽ വംശീയതയും തെറ്റിദ്ധാരണയ്ക്കുള്ള സാധ്യതയുമുണ്ടെന്ന വാദങ്ങൾ ഉയർന്നതോടെ പിന്നീട് ലോകാരോഗ്യസംഘടന എംപോക്സ് എന്ന് പേര് മാറ്റുകയായിരുന്നു. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് എംപോക്സ്. ഈ രോ​ഗം കൂടുതലായി കണ്ടുവരുന്നത് മധ്യ, പടിഞ്ഞാറൻ ആഫ്രിക്കയിലാണ്. വസൂരിയുടെ ലക്ഷണങ്ങളുമായി സാദൃശ്യമുള്ളതാണ് എംപോക്സിൻറെ ലക്ഷണങ്ങൾ. 1970ൽ കോംഗോയിൽ 9 വയസുള്ള ആൺകുട്ടിയിലാണ് മനുഷ്യരിൽ ആദ്യമായി എംപോക്സ് കണ്ടെത്തിയത്.

രോ​ഗം പകരുന്നത് എങ്ങനെ

രോഗം ബാധിച്ച മൃഗങ്ങളുടെ രക്തം, ശരീര സ്രവങ്ങൾ എന്നിവ വഴിയുള്ള നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് സാധാരണയായി എംപോക്സ് മനുഷ്യരിലേക്ക് പകരുന്നത്. വിവിധ ഇനം കുരങ്ങുകൾ, അണ്ണാൻ, എലികൾ എന്നിവയുൾപ്പെടെയുള്ള മൃഗങ്ങളിൽ എംപോക്സ് വൈറസ് അണുബാധ കണ്ടെത്തിയിട്ടുണ്ട്. രോഗബാധിതനായ ഒരാളുടെ ശ്വാസകോശ സ്രവങ്ങളുമായുള്ള അടുത്ത സമ്പർക്കത്തിലൂടെ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് ഈ രോഗം പകരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

എംപോക്സിൻ്റെ ലക്ഷണങ്ങൾ ഇവ

പനി, തീവ്രമായ തലവേദന, നടുവേദന, പേശി വേദന, ഊർജക്കുറവ് എന്നിവയാണ് എംപോക്സിൻ്റെ പ്രാരംഭ ലക്ഷണങ്ങൾ. പനി വന്ന് 13 ദിവസത്തിനുള്ളിൽ ദേഹത്ത് വസൂരിക്ക് സമാനമായ കുമിളകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങും. കുമിളകൾ കൂടുതലായും കാണപ്പെടുന്നത് മുഖത്തും കൈകാലുകളിലുമാണ്. കൈപ്പത്തി, ജനനേന്ദ്രിയം, കൺജങ്ക്റ്റിവ, കോർണിയ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു.

എംപോക്സ് ഇൻകുബേഷൻ കാലയളവ് ആറ് മുതൽ 13 ദിവസം വരെയാണെന്നാണ് വിദ​ഗ്ധർ പറയുന്നത്. ചില സാഹചര്യങ്ങളിൽ ഇത് അഞ്ച് മുതൽ 21 ദിവസം വരെയാകാം. രണ്ട് മുതൽ നാല് ആഴ്ച വരെ എംപോക്സിൻ്റെ ലക്ഷണങ്ങൾ നീണ്ടു നിൽക്കാറുണ്ട്. എന്നാൽ ഈ രോ​ഗത്തിന് മരണ നിരക്ക് പൊതുവെ കുറവാണ്.

പ്രതിരോധവും ചികിത്സയും

വൈറൽ രോഗമായതിനാൽ എംപോക്സ് പ്രത്യേക ചികിത്സ ലഭ്യമല്ലെന്നാണ് റിപ്പോർട്ട്. കുട്ടികളിലാണ് സാധാരണയായി രോഗം അപകടകരമായി കാണപ്പെടുന്നത്. രോഗ ലക്ഷണങ്ങൾ ലഘൂകരിക്കുന്നതിനും, രോഗം മൂലമുണ്ടാകുന്ന സങ്കീർണതകൾ ഒഴിവാക്കുന്നതിനും, ദീർഘകാല പ്രത്യാഘാതങ്ങൾ തടയുന്നതിനും എംപോക്സ് ലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. നിലവിൽ എംപോക്സിൻറെ വാക്സിനേഷൻ ലഭ്യമാണ്. വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നതോ സ്ഥിരീകരിച്ചതോ ആയ രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവർത്തകരും രോഗബാധിതരുടെ സ്രവങ്ങൾ കൈകാര്യം ചെയ്യുന്നവരും രോഗപ്പകർച്ച ഒഴിവാക്കാനുള്ള മുൻകരുതലുകൾ എടുക്കേണ്ടതാണ്.