Sunita Williams: നേവിയില്‍ നിന്ന് നാസയിലേക്ക്; വര്‍ഷം ഒരു കോടി ശമ്പളം, സുനിതാ വില്യംസെന്ന പോരാളി
Sunita Williams Life story: 1998ൽ സുനിത വില്യംസിനെ ബഹിരാകാശയാത്രികയായി തിരഞ്ഞെടുത്തു. ആ വർഷം ഓഗസ്റ്റിൽ പരിശീലനത്തിനായി റിപ്പോർട്ട് ചെയ്തു. 2006 ഡിസംബര്‍ മുതല്‍ 2007 ജൂണ്‍ വരെ നീണ്ട എക്സ്പിഡിഷൻ 14/15 എന്ന ദൗത്യത്തില്‍ 29 മണിക്കൂറും 17 മിനിറ്റും ദൈർഘ്യമുള്ള നാല് ബഹിരാകാശ നടത്തങ്ങൾ നടത്തി വനിതകളുടെ ലോക റെക്കോഡ് നേടി

വെല്ലുവിളികളെ പുഞ്ചിരിയോടെ തോല്‍പിച്ച പോരാളികളാണ് സുനിത വില്യംസും ബുച്ച് വില്‍മോറും. പോരാട്ട വീര്യത്തിന്റെ അടയാളപ്പെടുത്തലായ സുനിതയെയും വില്‍മോറിനെയും വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് ലോകം. ബഹിരാകാശ യാത്രയില്‍ മുമ്പൊരിക്കലും ആരും കടന്നുപോകാത്ത തരത്തിലുള്ള വെല്ലുവിളികളാണ് ഇരുവരും നേരിട്ടത്. ബഹിരാകാശ പര്യവേഷണത്തില്‍ ഒരിക്കലും മറക്കാനാകാത്ത പേരാണ് സുനിതയുടെയും വില്‍മോറിന്റെയും.
നേവിയില്‍ നിന്ന് നാസയിലേക്ക്
മുന്‍ നാവിക ഉദ്യോഗസ്ഥയാണ് സുനിത. 1965 സെപ്റ്റംബർ 19 ന് ഒഹായോയിലെ യൂക്ലിഡിൽ ഡോ. ദീപക്, ബോണി പാണ്ഡ്യ എന്നിവരുടെ മകളായാണ് ജനനം. മസാച്യുസെറ്റ്സിലെ നീധാമിലായിരുന്നു കുട്ടിക്കാലം ചെലവഴിച്ചത്. 1987 ൽ യുഎസ് നേവൽ അക്കാദമിയിൽ നിന്ന് ഫിസിക്കൽ സയൻസിൽ ബിരുദം നേടി. 1995 ൽ ഫ്ലോറിഡ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് എഞ്ചിനീയറിംഗ് മാനേജ്മെന്റിൽ മാസ്റ്റർ ഓഫ് സയൻസ് സ്വന്തമാക്കി. 1987-ൽ യുഎസ് നാവികസേനയിൽ എൻസൈൻ ആയി സുനിത വില്യംസ് നിയമിതയായി. 1989ല്‍ നേവല്‍ ഏവിയേറ്ററായി.
1998 ൽ നാസ സുനിത വില്യംസിനെ ബഹിരാകാശയാത്രികയായി തിരഞ്ഞെടുത്തു. ആ വർഷം ഓഗസ്റ്റിൽ അവർ പരിശീലനത്തിനായി റിപ്പോർട്ട് ചെയ്തു. 2006 ഡിസംബര്‍ മുതല്‍ 2007 ജൂണ്‍ വരെ നീണ്ട എക്സ്പിഡിഷൻ 14/15 എന്ന ദൗത്യത്തില്‍ 29 മണിക്കൂറും 17 മിനിറ്റും ദൈർഘ്യമുള്ള നാല് ബഹിരാകാശ നടത്തങ്ങൾ നടത്തി വനിതകളുടെ ലോക റെക്കോഡ് സ്വന്തമാക്കി.




രണ്ടാമത്തെ ബഹിരാകാശ യാത്രയായ ‘എക്സ്പെഡിഷൻ 32/33’ 2012 ജൂലൈ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ നടന്നു. ആ ദൗത്യത്തിന്റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നാല് മാസം ചെലവഴിച്ച് ഗവേഷണം നടത്തുകയും മൂന്ന് ബഹിരാകാശ നടത്തങ്ങൾ നടത്തുകയും ചെയ്തു. 10 ദിവസത്തെ ദൗത്യത്തിനായി കഴിഞ്ഞ ജൂണിലാണ് വില്യംസും വില്‍മോറും ബഹിരാകാശത്തേക്ക് പുറപ്പെട്ടത്. എന്നാല്‍ സ്റ്റാര്‍ലൈനറിലെ സാങ്കേതികപ്രശ്‌നം മൂലം മടങ്ങിവരവ് ഒമ്പത് മാസത്തോളം നീളുകയായിരുന്നു.
ശമ്പളം, ആസ്തി
ജിഎസ്-15 പേ ഗ്രേഡിലാണ് സുനിത വില്യംസിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഏകദേശം 152,258 ഡോളറാണ് ഇവരുടെ വാര്‍ഷിക ശമ്പളം. അതായത് ഏകദേശം 1.26 കോടി രൂപ. പ്രതിമാസം ഏകദേശം 12,688 ഡോളറാണ് ലഭിക്കുന്നത്. ഏകദേശം 10.5 ലക്ഷം രൂപ. കൂടാതെ, മറ്റ് ആനുകൂല്യങ്ങളും ലഭ്യമാണ്. ഏകദേശം അഞ്ച് മില്യണ്‍ ഡോളറാണ് അവരുടെ ആസ്തിയെന്ന് വിവിധ മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.