South Korea: ദക്ഷിണ കൊറിയയിൽ നാടകീയ നീക്കങ്ങൾ; പട്ടാളഭരണം പിൻവലിച്ച് പ്രസിഡൻ്റ്
South Korea Martial Law Lifted: പ്രതിപക്ഷം ഉത്തര കൊറിയയോട് ആഭിമുഖ്യം പുലർത്തുന്നതായും ഭരണം അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നും പ്രസിഡൻ്റ് യൂൻ സുക് യോൽ ആരോപണം ഉന്നയിച്ചിരുന്നു. ദേശവിരുദ്ധ ശക്തികളെ അടിച്ചമർത്താനാണ് തീരുമാനമെന്നായിരുന്നു ഇതിന് പിന്നാലെ അദ്ദേഹം അറിയിച്ചത്. സ്വതന്ത്ര ദക്ഷിണ കൊറിയയെ പുനർനിർമിക്കുകയും സംരക്ഷിക്കുകയും ചെയ്യുമെന്നും അദ്ദേഹം ഉറപ്പ് നൽകിയിരുന്നു.
ദക്ഷിണ കൊറിയയിൽ പ്രഖ്യാപിച്ച പട്ടാളനിയമം മണിക്കൂറുകൾക്കുള്ളിൽ പിൻവലിച്ച് പ്രസിഡൻ്റ് യൂൻ സുക് യോൽ (president yoon suk yeol). പ്രാദേശിക സമയം പുലർച്ചെ 4:30ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രസിഡൻ്റ് യൂൻ സുക് യോൽ നിയമം പിൻവലിച്ചതായി അറിയിച്ചത്. ദേശീയ അസംബ്ലി (പാർലമെൻ്റ്) യുടെ ആവശ്യം അംഗീകരിക്കുന്നതായും ക്യാബിനെറ്റ് യോഗം പട്ടാളനിയമം പിൻവലിക്കാൻ തീരുമാനിച്ചതായും പ്രസിഡൻ്റ് വ്യക്തമാക്കി. ഇതിന് പിന്നാലെ സൈനികരെ പിൻവലിക്കുകയും ചെയ്തു.
ഇന്നലെ അർധരാത്രിയിൽ ചേർന്ന ദേശീയ അസംബ്ലി സമ്മേളനത്തിൽ പട്ടാളനിയമം പ്രഖ്യാപിക്കാനുള്ള പ്രസിഡൻ്റിൻ്റെ തീരുമാനത്തിനെതിരെ ദക്ഷിണ കൊറിയൻ എംപിമാർ ഏകകണ്ഠമായി വോട്ട് രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് യൂൻ സുക് യോലിൻ്റെ പ്രഖ്യാപനമുണ്ടായത്.
ദക്ഷിണ കൊറിയയിൽ ചൊവ്വാഴ്ച രാത്രിയോടെയാണ് രാഷ്ട്രീയ പ്രവർത്തനങ്ങളും സമരങ്ങളും നിരോധിച്ചും മാധ്യമങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയും പട്ടാളനിയമം കൊണ്ടുവരാൻ ഭരണകൂടം പ്രഖ്യാപിച്ചത്.
പ്രതിപക്ഷം ഉത്തര കൊറിയയോട് ആഭിമുഖ്യം പുലർത്തുന്നതായും ഭരണം അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നും പ്രസിഡൻ്റ് യൂൻ സുക് യോൽ ആരോപണം ഉന്നയിച്ചിരുന്നു. ദേശവിരുദ്ധ ശക്തികളെ അടിച്ചമർത്താനാണ് തീരുമാനമെന്നായിരുന്നു ഇതിന് പിന്നാലെ അദ്ദേഹം അറിയിച്ചത്. സ്വതന്ത്ര ദക്ഷിണ കൊറിയയെ പുനർനിർമിക്കുകയും സംരക്ഷിക്കുകയും ചെയ്യുമെന്നും അദ്ദേഹം ഉറപ്പ് നൽകിയിരുന്നു.
ALSO READ: ദക്ഷിണ കൊറിയയില്‍ പട്ടാള ഭരണം; കമ്മ്യൂണിസ്റ്റ് ശക്തികളില്‍ നിന്നും സംരക്ഷിക്കാനെന്ന് പ്രസിഡന്റ്
യോളിന്റെ പീപ്പിൾ പവർ പാർട്ടിയും പ്രധാന പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർട്ടിയും അടുത്ത വർഷത്തെ ബജറ്റ് ബില്ലിനെച്ചൊല്ലി ഏറെ നാളായി തർക്കം തുടരുന്നതിനിടെയായിരുന്നു പുതിയ നീക്കം. ദേശീയ അസംബ്ലി ക്രിമിനലുകളുടെ താവളമായി മാറിയിരിക്കുകയാണെന്ന് പ്രസിഡന്റ് കുറ്റപ്പെടുത്തുകയും ചെയ്തു. ജനങ്ങളുടെ ഉപജീവനമാർഗം പരിഗണിക്കാതെ പ്രതിപക്ഷ പാർട്ടി ഭരണം സ്തംഭിപ്പിപ്പിച്ചത് ഇംപീച്ച്‌മെന്റ് നടപടിയിൽ നിന്നും പ്രത്യേക അന്വേഷണങ്ങളിൽ നിന്നും അവരുടെ നേതാവിനെ സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പ്രതിപക്ഷ നിയമനിർമാതാക്കൾ മയക്കുമരുന്ന കുറ്റകൃത്യങ്ങളെ ചെറുക്കുന്നത് ഉൾപ്പെടെയുള്ള പൊതു സുരക്ഷയ്ക്കുള്ള ബജറ്റുകൾ വെട്ടിക്കുറയ്ക്കുകയും ചെയ്തിരുന്നു. 300 അംഗ ദക്ഷിണ കൊറിയൻ പാർലമെന്റിൽ ഭൂരിപക്ഷമുള്ളത് പ്രതിപക്ഷത്തിനാണ്. അതിനാൽ സ്വതന്ത്ര ദക്ഷിണ കൊറിയയുടെ തുടർച്ച ഉറപ്പുവരുത്തുന്നതിനായി സൈനിക നിയമം ഏർപ്പെടുത്തുന്നത് അനിവാര്യമാണെന്നാണ് യോൾ കഴിഞ്ഞ ദിവസം പറഞ്ഞത്.
ഈ നിയമം രാജ്യത്തിന്റെ വിദേശനയത്തെ ബാധിക്കില്ലെന്നും രാജ്യവിരുദ്ധ ശക്തികളെ എത്രയും പെട്ടെന്ന് ഒഴിവാക്കി താൻ രാജ്യത്തെ സാധാരണ നിലയിലേക്ക് കൊണ്ടുവരുമെന്നുമായിരുന്നു അദ്ദേഹത്തിൻ്റെ അവകാശവാദം. സൈനിക നിയമം ഏർപ്പെടുത്തിയതിന് പിന്നാലെ ആണവായുധങ്ങളുള്ള ഉത്തര കൊറിയയുമായി യുദ്ധം ചെയ്യുന്ന എല്ലാ ദക്ഷിണ കൊറിയൻ യൂണിറ്റുകളോടും ജാഗ്രത പുലർത്താൻ ഭരണകൂടം ഉത്തരവിടുകയും ചെയ്തു.
നാല് പതിറ്റാണ്ടായി ജനാധിപത്യം നിലനിൽക്കുന്ന ദക്ഷിണ കൊറിയ ഏഷ്യൻ രാജ്യങ്ങളിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളിൽ ഒന്നാണ്. ഉത്തര കൊറിയയിൽനിന്ന് പല സാഹചര്യങ്ങളിലും ഭീഷണിനേരിടുന്ന അയൽരാജ്യം കൂടിയാണ് ദക്ഷിണ കൊറിയ. എന്നാൽ ഇപ്പോഴത്തെ നീക്കത്തിന് കാരണം ഭീഷണിയെ തുടർന്നാണോ എന്ന കാര്യം പ്രസിഡൻ്റ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.