Miracle Fertility Scam: ’15 മാസം ഗര്‍ഭിണി’, അറിവില്ലായ്മയെ ചൂഷണം ചെയ്ത് നടത്തിയത് വന്‍ തട്ടിപ്പ്; പുറത്തുവന്നത് കൊടുംചതിയുടെ കഥ
Miracle Fertility Scam News: ഗര്‍ഭധാരണത്തിന് സ്ത്രീകളില്‍ വലിയ സാമൂഹിക സമര്‍ദ്ദമാണ് ചെലുത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. ഈ സാമൂഹിക പശ്ചാത്തലം മുതലാക്കിയാണ് തട്ടിപ്പുകള്‍ അരങ്ങേറുന്നത്
ചതി, തട്ടിപ്പുകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകളാണ് എല്ലാ ദിവസവും പുറത്തുവരുന്നത്. രാജ്യഭേദങ്ങളില്ലാതെ തട്ടിപ്പുകള്‍ അരങ്ങേറുന്നു. അറിവില്ലായ്മയെ ചൂഷണം ചെയ്താണ് മിക്ക തട്ടിപ്പുകളും അരങ്ങേറുന്നത്. അത്തരത്തില്‍ നൈജീരിയയില്‍ നടന്ന ഒരു തട്ടിപ്പാണ് വാര്‍ത്തകളില്‍ ഇടം നേടുന്നത്. ബിബിസിയാണ് സംഭവം പുറത്തുകൊണ്ടുവന്നത്.
നൈജീരിയയിലെ അനംബ്ര സ്റ്റേറ്റിലാണ് സംഭവം. പ്രസവചികിത്സയുടെ പേരിലാണ് തട്ടിപ്പ് നടക്കുന്നത്. പ്രസവചികിത്സയുടെ പേരില്‍ സ്ത്രീകളെ നിരവധി ക്ലിനിക്കുകള്‍ ചൂഷണം ചെയ്തുവരുന്നതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ഡോക്ടര്‍മാരെന്ന വ്യാജേന വന്‍തോതില്‍ പണം മുടക്കിയാണ് തട്ടിപ്പുകാര്‍ ‘ചികിത്സ’ നടത്തിവന്നത്.
ആഗോളതലത്തിൽ ഏറ്റവും ഉയർന്ന ജനനനിരക്കുള്ള രാജ്യങ്ങളിലൊന്നാണ് നൈജീരിയ. ഇവിടെ ഗര്‍ഭധാരണത്തിന് സ്ത്രീകളില്‍ വലിയ സാമൂഹിക സമര്‍ദ്ദമാണ് ചെലുത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. ഈ സാമൂഹിക പശ്ചാത്തലം മുതലാക്കിയാണ് തട്ടിപ്പുകള്‍ അരങ്ങേറുന്നത്. ഈ സാഹചര്യത്തിലാണ് ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട് സ്ത്രീകള്‍ വ്യാജ ക്ലിനിക്കുകളിലടക്കം ചികിത്സ തേടുന്നത്. ഏറെ ചികിത്സകള്‍ക്ക് ശേഷവും ഗര്‍ഭം ധരിക്കാനാകാത്തവരാണ് തട്ടിപ്പുകാരുടെ ചതിയില്‍ അകപ്പെടുന്നത്.
താന്‍ 15 മാസം ഗര്‍ഭിണിയാണെന്നായിരുന്നു ബിബിസിയുടെ അന്വേഷണത്തില്‍ ഒരു സ്ത്രീ അവകാശപ്പെട്ടത്. തട്ടിപ്പിനെക്കുറിച്ചുള്ള സൂചനകള്‍ ശക്തമാകുന്നതും ഇവിടെ നിന്നാണ്. ഒരു വര്‍ഷം നീണ്ടു നിന്ന അന്വേഷണത്തിനൊടുവിലാണ് തട്ടിപ്പിന് പിന്നിലുള്ള കഥകള്‍ ബിബിസി പുറത്തെത്തിച്ചത്.
ദമ്പതികളായി വേഷമിട്ട് മാധ്യമപ്രവര്‍ത്തകര്‍ വ്യാജ ക്ലിനിക്കുകളിലെത്തുകയായിരുന്നു. ഡോക്ടറെ വ്യാജേന തട്ടിപ്പുകാര്‍ അമിത തുക ഈടാക്കുന്നുവെന്ന് ഈ അന്വേഷണത്തില്‍ കണ്ടെത്തി. നിഗൂഢമായിരുന്നു ഇവരുടെ ചികിത്സ. അജ്ഞാത മിശിത്രങ്ങള്‍ കുത്തിവച്ചായിരുന്നു ചികിത്സ രീതി.
ഈ കുത്തിവയ്പ്പിലൂടെ വയര്‍ വീര്‍ക്കും. വയര്‍ വീര്‍ക്കുന്നതിലൂടെ താന്‍ ഗര്‍ഭിണിയാണെന്ന് സ്ത്രീകള്‍ തെറ്റിദ്ധരിക്കും. ഇങ്ങനെ നിരവധി പേരെയാണ് തട്ടിപ്പുകാര്‍ പറ്റിച്ചത്. കുത്തിവയ്പ്പിലൂടെ സ്ത്രീകള്‍ക്ക് ശരീരത്തില്‍ മാറ്റങ്ങള്‍ അനുഭവപ്പെട്ടു. വയറുകള്‍ കൂടുതല്‍ വീര്‍ത്ത് വന്നതോടെ താന്‍ ഗര്‍ഭിണിയാണെന്ന ഇവരുടെ വിശ്വാസം ബലപ്പെടുകയും ചെയ്തു.
മറ്റ് ആശുപത്രികള്‍ സന്ദര്‍ശിക്കരുതെന്ന മുന്നറിയിപ്പോടെയാണ് തട്ടിപ്പുകാര്‍ സ്ത്രീകള്‍ക്ക് വ്യാജ ചികിത്സ നടത്തിവന്നത്. പ്രസവസമയത്ത് വിലകൂടിയ മരുന്ന് ആവശ്യം വരുമെന്ന് പറഞ്ഞ് കൂടുതല്‍ പണം പിന്നീട് ആവശ്യപ്പെടുന്നതാണ് തട്ടിപ്പുകാരുടെ തുടര്‍രീതി.
പ്രസവസമയത്ത് സ്ത്രീകളെ മയക്കികിടത്തും. സിസേറിയന്‍ ചെയ്‌തെന്ന് തോന്നിക്കുന്ന തരത്തില്‍ വയറില്‍ പാടുകളുമുണ്ടാക്കും. തുടര്‍ന്ന് തട്ടിപ്പുകാര്‍ മറ്റ് സ്ഥലങ്ങളില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന നവജാതശിശുക്കളെ ഇവരുടെ സ്വന്തം കുഞ്ഞാണെന്ന് വിശ്വസിപ്പിച്ച് നല്‍കും. ഇങ്ങനെയാണ് വ്യാജ ചികിത്സകര്‍ തട്ടിപ്പ് നടത്തിവന്നിരുന്നത്.