5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Sharjah Traffic Rules : പിടിച്ച വാഹനങ്ങൾ വിട്ടുകിട്ടാൻ ഇനി കൂടുതൽ പണം നൽകണം; ട്രാഫിക് നിയമങ്ങളിൽ മാറ്റം വരുത്തി ഷാർജ

Release Fees For Vehicles Impounded Increases: ഷാർജയിൽ ട്രാഫിക് നിയമലംഘനങ്ങൾ നടത്തി പിടിച്ചെടുത്ത വാഹനങ്ങൾ വിട്ടുകിട്ടാൻ ഇനി കൂടുതൽ പണം നൽകണം. ഗുരുതര കുറ്റകൃത്യങ്ങളിൽ പിടിച്ചെടുത്ത വാഹനങ്ങൾക്കും ഡ്രൈവർമാർക്കുമാണ് നിയമം ഏറെ കുരുക്കാവുക.

Sharjah Traffic Rules : പിടിച്ച വാഹനങ്ങൾ വിട്ടുകിട്ടാൻ ഇനി കൂടുതൽ പണം നൽകണം; ട്രാഫിക് നിയമങ്ങളിൽ മാറ്റം വരുത്തി ഷാർജ
പ്രതീകാത്മക ചിത്രംImage Credit source: Social Media
abdul-basith
Abdul Basith | Published: 07 Jan 2025 20:50 PM

ട്രാഫിക് നിയമങ്ങളിൽ മാറ്റം വരുത്തി ഷാർജ. ട്രാഫിക് നിയമലംഘനങ്ങൾ നടത്തി പിടിച്ചെടുത്ത വാഹനങ്ങൾ വിട്ടുകിട്ടാൻ ഇനി കൂടുതൽ പണം നൽകണമെന്നതാണ് നിയമത്തിലെ മാറ്റം. ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് പിടിയിലാവുന്ന വാഹനങ്ങൾക്കും ഡ്രൈവർമാർക്കുമൊക്കെയാണ് നിയമം ഏറെ കുരുക്കാവുക.

അശ്രദ്ധയായ ഡ്രൈവിങ്, പൊതുജനങ്ങൾക്കും പൊതുസ്വത്തിനും സാരമായ അപകടമുണ്ടാക്കുക തുടങ്ങി ഗുരുതര കുറ്റകൃത്യങ്ങൾക്കാണ് കൂടുതൽ പിഴയൊടുക്കേണ്ടത്. ഇത്തരം വാഹനങ്ങൾ തിരികെ ലഭിക്കണമെങ്കിൽ കൂടുതൽ തുക നൽകണമെന്നാണ് അധികൃതർ അറിയിച്ചത്. എന്നാൽ, പുതുക്കിയ പിഴ എത്രയാണെന്ന് അധികൃതർ അറിയിച്ചിട്ടില്ല.

കൗൺസിൽ യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. ഇതോടൊപ്പം സർക്കാർ വകുപ്പുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ എന്തൊക്കെയാണ് ചെയ്യേണ്ടത് എന്നതിനെപ്പറ്റിയും കൗൺസിൽ യോഗത്തിൽ ചർച്ചയുണ്ടായി. സാമ്പത്തികരംഗം മെച്ചപ്പെടുത്താൻ സ്വീകരിക്കേണ്ട നിയമ ചട്ടക്കൂടുകളും എമിറേറ്റിലെ സാമ്പത്തിക വളർച്ചയിൽ ചെയ്യേണ്ട കാര്യങ്ങളുമൊക്കെ ചർച്ചയായി. ഇതോടൊപ്പം പ്രകൃതിസംരക്ഷണത്തിന് സ്വീകരിക്കേണ്ട കാര്യങ്ങളും നയങ്ങളും സിംഗിൾ യൂസ് പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാനായി സ്വീകരിക്കേണ്ട മാർഗങ്ങളും യോഗത്തിൽ ചർച്ച ചെയ്യപ്പെട്ടു. ആരോഗ്യ, പ്രകൃതിസംരക്ഷണ മേഖലകളിൽ എമിറേറ്റിൻ്റെ കൃത്യമായ വളർച്ചയ്ക്ക് വേണ്ടിയാണ് ഇക്കാര്യങ്ങൾ ചർച്ച ചെയ്യുന്നതെന്ന് കൗൺസിൽ അറിയിച്ചു.

Also Read : UAE Visit Visa: യുഎഇയിൽ സന്ദർശന വിസകളുടെ അനുമതി കൂടുന്നു; കാരണം ഇതാണ്, നിബന്ധനകൾ അറിഞ്ഞ് പറക്കാം

യുഎഇ ട്രാഫിക് നിയമം

ഇതിനിടെ യുഎഇയിലാകെ ട്രാഫിക് നിയമം കർക്കശമാക്കാൻ തീരുമാനിച്ചിരുന്നു. വിവിധ കുറ്റകൃത്യങ്ങൾക്കുള്ള പിഴത്തുക ഉയർത്തിയ യുഎഇ സർക്കാർ റോഡ് സുരക്ഷ കർശനമാക്കിയുള്ള മറ്റ് നിയമങ്ങളും അവതരിപ്പിച്ചു. 2024 ഒക്ടോബർ 25നാണ് പുതിയ നിയമങ്ങൾ അവതരിപ്പിച്ചത്. ഈ വർഷം മാർച്ച് 29 മുതൽ പുതിയ നിയമങ്ങൾ നടപ്പാക്കുമെന്നും റോഡ് അപകടങ്ങൾ പരമാവധി കുറയ്ക്കുകയാണ് ലക്ഷ്യമെന്നും അധികൃതർ അറിയിച്ചിരുന്നു.

അലക്ഷ്യമായി റോഡിലൂടെ നടക്കൽ, ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കൽ, അനുവദനീയമല്ലാത്ത ഇടങ്ങളിലും അലക്ഷ്യമായുമുള്ള റോഡ് മുറിച്ചുകടക്കൽ തുടങ്ങി വിവിധ ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള ശിക്ഷയും പിഴത്തുകയും വർധിപ്പിച്ചു. നിലവിൽ 400 ദിർഹമാണ് അലക്ഷ്യമായുമുള്ള റോഡ് മുറിച്ചുകടക്കലിനുള്ള പിഴ ശിക്ഷ. പുതിയ നിയമപ്രകാരം അലക്ഷ്യമായി റോഡ് മുറിച്ചുകടക്കുന്നത് വാഹനാപകടത്തിന് കാരണമായാൽ മൂന്ന് മാസത്തിൽ കുറയാത്ത തടവ് ശിക്ഷയും 5000 മുതൽ 10,000 ദിർഹം വരെ പിഴയുമൊടുക്കണം. 80 കിലോമീറ്ററോ അതിന് മുകളിലോ സ്പീഡ് ലിമിറ്റുള്ള സ്ഥലങ്ങളിലെ നിയമലംഘനങ്ങൾക്കാണ് ഈ ശിക്ഷ.

മദ്യപിച്ചോ ലഹരി ഉപയോഗിച്ചോ വാഹനമോടിച്ചാലും കടുത്ത ശിക്ഷയാണ്. 30,000 ദിർഹം വരെയാണ് ഇത്തരം കുറ്റകൃത്യങ്ങൾ പിഴശിക്ഷ ലഭിക്കുക. ആദ്യത്തെ തവണത്തെ തെറ്റിന് ആറ് മാസത്തിൽ കുറയാത്ത കാലയളവിൽ ലൈസൻസ് സസ്പൻഡ് ചെയ്യും. തെറ്റ് ആവർത്തിച്ചാൽ രണ്ടാമത്തെ തവണ ഒരു വർഷത്തേക്കും മൂന്നാം തവണ ലൈസൻസ് പൂർണമായും സസ്പൻഡ് ചെയ്യും. വാഹനമിടിച്ചിട്ട് നിർത്താതെ പോയാൽ രണ്ട് വർഷം വരെ തടവും 50,000 മുതൽ 1,00,000 ദിർഹം വരെ പിഴയുമാണ് ശിക്ഷയായി ലഭിക്കുക. ഇത്തരത്തിൽ പല നിയമലംഘനങ്ങൾക്കുള്ള ശിക്ഷ യുഎഇ സർക്കാർ നേരത്തെ വർധിപ്പിച്ചിരുന്നു.