Sharjah Rent Index: തർക്കങ്ങൾക്ക് അവസാനം; വാടക സൂചിക കൊണ്ടുവരാനൊരുങ്ങി ഷാർജ
Sharjah Rental Index Update: ദുബായ്, അബുദാബി എമിറേറ്റുകളിൽ നേരത്തെ തന്നെ വാടക സൂചിക കൊണ്ടുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഷാർജയിലും വാടക സൂചിക കൊണ്ടുവരുന്നത്. എമറേറ്റുകളിൽ വാടക സൂചിക നിലവിൽ വരുന്ന മൂന്നാമത്തെ എമിറേറ്റായിരിക്കും ഷാർജ. ഭാവിയിൽ മറ്റു എമിറേറ്റുകളും ഇതു പിന്തുടർന്നേക്കുമെന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഷാർജ: പുതിയ താമസക്കാരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ പുതിയ വാടക സൂചിക ഏർപ്പെടുത്താനൊരുങ്ങി ഷാർജ. കെട്ടിടവാടക വർധന നിയന്ത്രിക്കുന്നതിനും വാടകക്കാരും കെട്ടിട ഉടമകളും തമ്മിലുള്ള തർക്കം കുറയ്ക്കാനും ഇത് പ്രയോജനപ്പെടുമെന്നാണ് കരുതുന്നത്. നിലവിൽ ഷാർജയിലെ വാടക നിരക്കുകൾ അഞ്ച് മുതൽ 10 ശതമാനം വരെയാണ് വർദ്ധിച്ചത്. എന്നാൽ യുഎഇയിലെ മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് ഷാർജയിൽ നിരക്ക് വളരെ കുറവാണ്.
ദുബായ്, അബുദാബി എമിറേറ്റുകളിൽ നേരത്തെ തന്നെ വാടക സൂചിക കൊണ്ടുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഷാർജയിലും വാടക സൂചിക കൊണ്ടുവരുന്നത്. എമറേറ്റുകളിൽ വാടക സൂചിക നിലവിൽ വരുന്ന മൂന്നാമത്തെ എമിറേറ്റായിരിക്കും ഷാർജ. ഭാവിയിൽ മറ്റു എമിറേറ്റുകളും ഇതു പിന്തുടർന്നേക്കുമെന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഓരോ പ്രദേശത്തിന്റെ പ്രാധാന്യവും വിപണി നിലവാരവും ജനസാന്ദ്രതയും കണക്കാക്കിയാണ് വാടകപരിധി നിശ്ചയിക്കുന്നത്. അതിനാൽ വാടകനിരക്കും പരാതികളുടെ എണ്ണവും കുറയുമെന്നാണ് കണക്കുകൂട്ടുന്നത്.
എന്നാൽ വാടക സൂചിക കൊണ്ടുവരുന്നതിന് മുമ്പ് മുന്നോടിയായി ഷാർജയിലെ പഴയതും പുതിയതുമായ കെട്ടിടങ്ങൾ തരംതിരിക്കും. ഓരോ പ്രദേശത്തെയും വാടക നിലവാരം ജനങ്ങൾക്ക് കാണാവുന്ന തരത്തിലാണ് ഷാർജ റെന്റൽ ഇൻഡക്സ് തയാറാക്കുകയെന്നും അധികൃതർ അറിയിച്ചു. റിയൽ എസ്റ്റേറ്റ് വിപണിയിൽ കൂടുതൽ സുതാര്യത കൊണ്ടുവരാൻ ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ നിക്ഷേപകർക്കിടയിൽ ആത്മവിശ്വാസം വർധിപ്പിക്കാനും വാടക സൂചികയിലൂടെ സാധിക്കും.
റിയൽ എസ്റ്റേറ്റ് വകുപ്പുമായി സഹകരിച്ചാണ് ഷാർജ വാടക സൂചിക പുറത്തിറക്കുന്നത്. ഈ മാസം 22ന് ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന എക്സിബിഷനിൽ വാടക സൂചിക പുറത്തിറക്കാനാണ് പദ്ധതിയെന്നും ഷാർജ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയിലെ റിയൽ എസ്റ്റേറ്റ് ബിസിനസ് ഗ്രൂപ്പ് സമിതി ചെയർമാൻ സഈദ് ഗനീം അൽ സുവൈദി പറഞ്ഞു. താമസക്കാരെ വലയ്ക്കുന്ന വിധത്തിലുള്ള വലിയ വാടക വർധനയ്ക്ക് കുടിക്കിട്ട് അബുദാബിയിൽ 2024 ഓഗസ്റ്റിലും ദുബായിൽ ഈ മാസം ആദ്യവും വാടക സൂചിക കൊണ്ടുവന്നിരുന്നു.
ദുബായിൽ വാടക വർദ്ധിപ്പിച്ചതിനെ തുടർന്ന് അതിൽ നിന്ന് രക്ഷപ്പെടുന്നതിനായി സാധരണക്കാർ ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ എമിറേറ്റുകളാണ് തിരഞ്ഞെടുത്തിരുന്നത്. എന്നാൽ അതിർത്തി പ്രദേശമായ അൽനഹ്ദ, അൽവഹ്ദ ഭാഗങ്ങളിലെ വാടക ദുബായിലേതിനെക്കാൾ വലിയ വ്യത്യാസമില്ലാതാകുകയും ഷാർജയിലേക്കുള്ള ഗതാഗതക്കുരുക്ക് വർധിക്കുകയും ചെയ്തതോടെ പലരും വീണ്ടും ദുബായിലേക്കു താമസം മാറുന്ന സാഹചര്യമുണ്ടായിരുന്നു. ഷാർജ നടപ്പിലാക്കുന്ന പുതിയ വാടക സൂചികയിലൂടെ റെന്റൽ നിരക്ക് കുറഞ്ഞാർ വീണ്ടും ദുബായിൽനിന്നുള്ള താമസക്കാരുടെ കടന്നുവരവ് കൂടും.