Lebanon Pager Explotion: പേജര്‍ സ്ഫോടനത്തിൽ പങ്കുണ്ടെന്ന് സംശയം; മലയാളിയായ റിൻസൺ ജോസിനെതിരെ സെര്‍ച്ച് വാറന്റ്
Search Warrant Issued for Rinson Jose in Connection with Lebanon Pager Explosion: സ്‌ഫോടക വസ്തുക്കളുള്ള പേജറുകൾ ഹിസ്ബുള്ളയ്ക്ക് കൈമാറിയത് റിൻസന്റെ ഉടമസ്ഥതയിലുള്ള ബൾഗേറിയൻ കമ്പനിയായ നോർട്ട ഗ്ലോബലാണെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു.
ന്യൂഡൽഹി: ലെബനനിലെ പേജർ സ്‌ഫോടനത്തിൽ പങ്കുണ്ടെന്ന ആരോപണങ്ങൾ ഉയർന്ന മലയാളിയായ റിൻസൺ ജോസിനെതിരെ അന്താരാഷ്ട്ര തലത്തിൽ സെർച്ച് വാറന്റ് പുറപ്പെടുവിച്ച് നോർവേ പോലീസ്. കൂടാതെ, യെല്ലോ നോട്ടീസ് പുറപ്പെടുവിച്ചതായും അന്വേഷണം ആരംഭിച്ചതായും ക്രിമിനൽ അന്വേഷണ വിഭാഗമായ ക്രിപ്പോസ് വ്യക്തമാക്കി. റിൻസനെ കാണാനില്ലെന്ന് അദ്ദേഹം ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ വെളിപ്പെടുത്തലിലാണ് സെർച്ച് വാറന്റ് എന്നാണ് റിപ്പോർട്ട്.
സെപ്റ്റംബർ 17-ന് ലെബനനിൽ പേജർ സ്ഫോടനം ഉണ്ടായ ദിവസം രാത്രിയാണ് നോർവീജിയൻ പൗരത്വമുള്ള മാനന്തവാടി സ്വദേശി റിൻസൺ നോർവെയിലെ ഓസോയിൽ നിന്ന് അമേരിക്കയിലേക്ക് പോയത്. നേരത്തെ തന്നെ നിശ്ചയിച്ചിരുന്ന യാത്രയെന്ന് പറഞ്ഞാണ് റിൻസൺ ബോസ്റ്റണിലേക്ക് പോയത്. അതിന് ശേഷം റിൻസനെ കാണാതാവുകയായിരുന്നുവെന്ന് നോർവേയിൽ റിൻസൺ ജോലി ചെയ്തിരുന്ന സ്ഥാപനം നോർവെ പോലീസിനെ അറിയിച്ചു. അതെ തുടർന്നാണ് പോലീസ് സെർച്ച് വാറന്റ് പുറപ്പെടുവിച്ചത്.
ALSO READ: ലെബനനിൽ ഇസ്രായേൽ വ്യോമാക്രമണം തുടരുന്നു; ആയിരക്കണക്കിന് ആളുകൾ കൂട്ടപ്പലായനം നടത്തി, മരണം 558 ആയി
സ്‌ഫോടക വസ്തുക്കളുള്ള പേജറുകൾ ഹിസ്ബുള്ളയ്ക്ക് കൈമാറിയത് റെൻസന്റെ കമ്പനി ആണെന്ന് ആരോപണം ഉയർന്നിരുന്നു. വയനാട് മാനന്തവാടി സ്വദേശിയായ റിൻസന്റെ ഉടമസ്ഥതയിലുള്ള ബൾഗേറിയൻ കമ്പനിയായ നോർട്ട ഗ്ലോബലാണ് ഹിസ്ബുള്ളയ്ക്ക് പേജറുകൾ കൈമാറിയത്. എന്നാൽ, ദേശീയ സുരക്ഷയ്ക്കുള്ള ബൾഗേറിയൻ സ്റ്റേറ്റ് ഏജൻസി, റെൻസന്റെ കമ്പനി നിയമ വിരുദ്ധ പ്രവർത്തനങ്ങൾ ഒന്നും തന്നെ നടത്തിയിട്ടില്ലെന്ന് ഒരു വർത്തക്കുറിപ്പിലൂടെ മുമ്പ് തന്നെ വ്യക്തമാക്കിയിരുന്നു. എന്നിരുന്നാലും, നോർവെ വിഷയം ഗൗരവമായി കണക്കിലെടുത്ത് കൊണ്ട് നടപടികളുമായി മുന്നോട്ട് പോകുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
അതെസമയം, ലെബനനിലും ഗാസയിലെ ഇസ്രായേൽ വ്യോമാക്രമണം തുടർന്ന് വരികയാണ്. ലെബനനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 600-നോട് അടുക്കുമ്പോൾ ഗാസയിൽ മരണം അര ലക്ഷത്തോളം ആയി. കാൽ നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ മനുഷ്യക്കുരുതിയാണ് ലെബനനിൽ തിങ്കളാഴ്ച ഉണ്ടായത്. തുടർച്ചയായ വ്യോമാക്രമണത്തെ തുടർന്ന് ആയിരക്കണക്കിന് ആളുകളാണ് തെക്കൻ ലെബനനിൽ നിന്ന് പലായനം ചെയ്തത്. എന്നാൽ, വ്യോമാക്രമണം തുടരാൻ തന്നെയാണ് ഇസ്രായേൽ നീക്കം. ലെബനനിലേക്ക് കരവഴി കടക്കാൻ ഏതു സമയവും ഒരുങ്ങിയിരിക്കണമെന്ന് ഇസ്രായേൽ മേധാവി ഹെൽസി ഹവേലി സൈനികർക്ക് നിർദേശം നൽകിയിട്ടുണ്ട്.