5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

സൗദി കളംമാറ്റി ചവിട്ടുന്നു; ഇസ്രായേലുമായി ഉടന്‍ കൈകോര്‍ക്കും

ഹമാസ്- ഇസ്രായേല്‍ യുദ്ധം ആരംഭിച്ചതിന് ശേഷം ഏഴാമത്തെ തവണയാണ് ബ്ലിങ്കന്‍ സൗദിയിലെത്തുന്നത്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായി ബ്ലിങ്കന്‍ കൂടിക്കാഴ്ച്ച നടത്തി.

സൗദി കളംമാറ്റി ചവിട്ടുന്നു; ഇസ്രായേലുമായി ഉടന്‍ കൈകോര്‍ക്കും
Mohammed bin Salman Photo Credit: Al Jazeera
shiji-mk
Shiji M K | Published: 02 May 2024 08:37 AM

റിയാദ്: സൗദി അറേബ്യയും ഇസ്രായേലും വീണ്ടും ചര്‍ച്ചകള്‍ ആരംഭിച്ചതായി സൂചന. ഇരുകൂട്ടരും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് ചര്‍ച്ചകള്‍ സജീവമായി നടക്കുന്നതിനിടയിലാണ് ഹമാസ്- ഇസ്രായേല്‍ യുദ്ധം ആരംഭിച്ചത്. നിര്‍ത്തിവെച്ച ചര്‍ച്ചകള്‍ വീണ്ടും ആരംഭിച്ചുവെന്നും അമേരിക്കയുടെ മധ്യസ്ഥതയില്‍ ഇരു രാജ്യങ്ങളും ധാരണയിലെത്തിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇസ്രായേലുമായി സൗഹൃദം സ്ഥാപിക്കുന്നതിലൂടെ സൗദിക്ക് അമേരിക്ക നല്ലൊരു ഓഫര്‍ നല്‍കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സൗദി അറേബ്യയ്ക്ക് സുരക്ഷാ പാക്കേജാണ് അമേരിക്ക ഓഫര്‍ ചെയ്തിരിക്കുന്നത്. സൗദി അറേബ്യയും ഇസ്രായേലും തമ്മിലുള്ള ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. റിയാദില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തിന്റെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹമാസ്- ഇസ്രായേല്‍ യുദ്ധം ആരംഭിച്ചതിന് ശേഷം ഏഴാമത്തെ തവണയാണ് ബ്ലിങ്കന്‍ സൗദിയിലെത്തുന്നത്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായി ബ്ലിങ്കന്‍ കൂടിക്കാഴ്ച്ച നടത്തി. മാത്രമല്ല സൗദി ഇസ്രായേല്‍ സൗഹൃദ കരാറിനെ കുറിച്ച് അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടായ ആദ്യ പ്രതികരണം കൂടിയാണ് ബ്ലിങ്കന്‍ നടത്തിയത്.

അതേസമയം, അമേരിക്ക മുന്നോട്ടുവെക്കുന്ന സൗഹൃദ കരാര്‍ അംഗീകരിക്കണമെങ്കില്‍ ഗസയില്‍ സമാധാനം കൈവരികയും സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം നിലവില്‍ വരികയും വേണമെന്ന നിലപാടിലാണ് സൗദി. എന്നാല്‍ ഇക്കാര്യം നടപ്പില്‍ വരണമെങ്കില്‍ ഇസ്രായേലിന്റെ ഭാഗത്ത് നിന്ന് വിട്ടുവീഴ്ചയുണ്ടാകണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.

കുറച്ചുനാളുകളായി ഈ വിഷയത്തില്‍ ഇസ്രായേലിന് മേല്‍ അമേരിക്ക സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. സ്വതന്ത്ര പലസ്തീന്‍ അംഗീകരിക്കുകയാണെങ്കില്‍ ഇസ്രായേലിന് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുമെന്ന് അമേരിക്ക വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് വിവരം.

യുഎഇ, ബഹ്‌റൈന്‍, മൊറോക്കോ എന്നീ രാജ്യങ്ങള്‍ നിലവില്‍ ഇസ്രായേലുമായുള്ള ബന്ധം നല്ല നിലയിലാക്കിയിട്ടുണ്ട്. 2020ല്‍ ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റ് ആയിരുന്ന സമയത്ത് അമേരിക്കയുടെ നേതൃത്വത്തില്‍ അബ്രഹാം ഉടമ്പടിയിലൂടെയാണ് മൂന്ന് രാജ്യങ്ങളുമായി ഇസ്രായേല്‍ സൗഹൃദത്തിലായത്. ആ സമയത്ത് സൗദിയുമായുള്ള ബന്ധം നല്ല നിലയിലെത്തിക്കാന്‍ സാധിച്ചിരുന്നില്ല.

ഇപ്പോള്‍ ഇസ്രായേലും അമേരിക്കയും നടത്തുന്ന ഇടപെടല്‍ തീര്‍ത്ഥാടകര്‍ക്കാണ് ഏറെ ആശ്വാസമാവുക. മക്ക, മദീന എന്നീ രണ്ട് മുസ്ലിം തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സൗദിയിലാണെന്നുള്ളതാണ് ഇതിന് കാരണം. സൗദിയുമായുള്ള സൗഹൃദത്തിലാകുന്നത് മുസ്ലിം ലോകത്തിന് വലിയ അംഗീകാരമായാണ് കണക്കാക്കുന്നത്. മുസ്ലിം ലോകത്ത് സൗദിക്ക് വലിയ പ്രാധാന്യം തന്നെയാണുള്ളത്.

അതേസമയം, ഇസ്രായേലുമായി സൗഹൃദത്തിലായാല്‍ അമേരിക്കയില്‍ നിന്ന് ലഭിക്കുന്ന പാക്കേജുകളെ പഠിച്ചുവരികയാണെന്ന് സൗദി വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ പറഞ്ഞു. യുഎസ്-സൗദി കരാറുകള്‍ ഉടന്‍ യാഥാര്‍ഥ്യമാകുമെന്നും അതിനായുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്വതന്ത്ര പലസ്തീന്‍ യാഥാര്‍ഥ്യമായാല്‍ മാത്രമേ ഇതെല്ലാം നടക്കുകയുള്ളുവെന്നും വിദേശകാര്യമന്ത്രി പറഞ്ഞു. സ്വതന്ത്ര പലസ്തീന്‍ യാഥാര്‍ഥ്യമായാല്‍ മാത്രമേ എല്ലാ പ്രശ്‌നത്തിനും പരിഹാരമാവുകയുള്ളുവെന്നും അമേരിക്കയ്ക്കും വ്യക്തമായി അറിയാം. അതുകൊണ്ട് തന്നെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് ബൈഡന്‍.

അതേസമയം, അമേരിക്കയുമായി സൗദി കരാറിലെത്തിയാല്‍ തന്നെ അത് നടപ്പില്‍ വരണമെങ്കില്‍ യുഎസ് കോണ്‍ഗ്രസ് ആ കരാറിനെ അംഗീകരിക്കണം. സൗദിയുമായുള്ള സൗഹൃദത്തിനെ പിന്തുണക്കുന്നവരല്ല യുഎസ് കോണ്‍ഗ്രസിലെ പകുതി അംഗങ്ങളും. മനുഷ്യാവകാശ ലംഘനവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് പല അംഗങ്ങള്‍ക്കും സൗദിയോട് എതിര്‍പ്പുള്ളത്.