Saudi Arabia: നിയമം കടുപ്പിച്ച് സൗദിഅറേബ്യ; ഒരാഴ്ച്ചയ്ക്കിടെ 19,418 അനധികൃത താമസക്കാരെ അറസ്റ്റ് ചെയ്തു
Saudi Arabia Arrests Illegal Residents: റസിഡൻസി നിയമം, അതിർത്തി സുരക്ഷാ നിയമം, തൊഴിൽ നിയമം തുടങ്ങിയ ലംഘിച്ചവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അറസ്റ്റിലായവരിൽ 11,787 പേർ റസിഡൻസി നിയമം ലംഘിച്ചവരും 4,380 പേർ അതിർത്തി സുരക്ഷാ നിയമം ലംഘിച്ചവരും 3,251 പേർ തൊഴിൽ നിയമം ലംഘിച്ചവരുമാണെന്ന് അധികൃതർ അറിയിച്ചു. അനധികൃതമായി രാജ്യത്തിൻ്റെ അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായവരുടെ ആകെ എണ്ണം 1,221 ആണ്.
റിയാദ്: സുരക്ഷാ നടപടികളുടെ ഭാഗമായി കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ സൗദിഅറേബ്യയിൽ അറസ്റ്റ് ചെയ്തത് 19,418 അനധികൃത താമസക്കാരെ. രാജ്യത്തിൻറെ വിവിധ പ്രദേശങ്ങളിൽ നിന്നാണ് ഇത്രയധികം ആളുകളെ പിടികൂടിയത്. ജനുവരി രണ്ടിനും ജനുവരി എട്ടിനും ഇടയിലുള്ള കാലയളവിലാണ് പരിശോധന നടത്തിയത്. ബന്ധപ്പെട്ട സർക്കാർ ഏജൻസികളുമായി സഹകരിച്ച് സുരക്ഷാ സേന നടത്തിയ സംയുക്ത പരിശോധനയിലാണ് അറസ്റ്റുകൾ നടന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
റസിഡൻസി നിയമം, അതിർത്തി സുരക്ഷാ നിയമം, തൊഴിൽ നിയമം തുടങ്ങിയ ലംഘിച്ചവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അറസ്റ്റിലായവരിൽ 11,787 പേർ റസിഡൻസി നിയമം ലംഘിച്ചവരും 4,380 പേർ അതിർത്തി സുരക്ഷാ നിയമം ലംഘിച്ചവരും 3,251 പേർ തൊഴിൽ നിയമം ലംഘിച്ചവരുമാണെന്ന് അധികൃതർ അറിയിച്ചു. ഇതിനിടെ അനധികൃതമായി രാജ്യത്തിൻ്റെ അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായവരുടെ ആകെ എണ്ണം 1,221 ആണ്.
രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ചവരിൽ അധികവും എത്യോപ്യൻ പൗരന്മാരാണ്. 1,221 പേരിൽ 42 ശതമാനം യെമൻ പൗരന്മാരും 56 ശതമാനം എത്യോപ്യൻ പൗരന്മാരും രണ്ട് ശതമാനം മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരുമാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കൂടാതെ അനധികൃതമായി രാജ്യം കടക്കാൻ ശ്രമിച്ച 136 പേരെയും അറസ്റ്റ് ചെയ്തു.
നിയമലംഘകരെ കടത്തിക്കൊണ്ടു വരികയും താമസിപ്പിക്കുകയും ചെയ്ത് ജോലിയിൽ ഏർപ്പെടുകയും ചെയ്ത 19 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ 30,261 പുരുഷന്മാരും 3,315 സ്ത്രീകളും ഉൾപ്പെടെ മൊത്തം 33,576 അനധികൃത താമസക്കാരാണ് നിലവിൽ സൗദി അറേബ്യയുടെ നിയമനടപടികൾക്ക് വിധേയരായിട്ടുള്ളത്. മൊത്തം 23,991 നിയമലംഘകരെ യാത്രാരേഖകൾ ലഭിക്കുന്നതിന് അവരുടെ നയതന്ത്ര പ്രക്രിയകളിലേക്ക് മാറ്റിയിട്ടുണ്ട്.
യാത്രാ ബുക്കിങ്ങുകളുടെ അന്തിമഘട്ടങ്ങളിൽ 3,869 പേരാണുള്ളത്. കൂടാതെ 10,319 പേരെ നാടുകടത്തിയതായും മന്ത്രാലയം റിപ്പോർട്ട് ചെയ്തു. നിയമവിരുദ്ധമായി പ്രവേശിക്കാൻ സൗകര്യമൊരുക്കുക, അഭയം നൽകുക, നിയമലംഘകർക്ക് സഹായം നൽകുക തുടങ്ങിയ വ്യക്തികൾക്ക് 15 വർഷം വരെ തടവും 1 മില്യൺ റിയാൽ വരെ പിഴയും (266,000 ഡോളർ) ആണ് ശിക്ഷ ലഭിക്കുക. കൂടാതെ ഈ പ്രവർത്തനങ്ങളിൽ ഉപയോഗിക്കുന്ന വാഹനങ്ങളോ സ്വത്തുക്കളോ കണ്ടുകെട്ടാനുള്ള അധികാരവും മന്ത്രാലയത്തിനുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിൽ 999, 996 എന്നീ നമ്പറുകളിലും വിളിച്ച് പൊതുജനങ്ങൾക്ക് രാജ്യത്ത് നടക്കുന്ന നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാൻ സാധിക്കും.