5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Salary Drop : യുഎഇയിൽ പ്രവാസി പ്രൊഫഷണലുകൾക്ക് ശമ്പളം കുറയുന്നു; കണക്കുകൾ ഇങ്ങനെ

Salary Drop For Foreign Professionals In The UAE : യുഎഇയിൽ പ്രവാസി പ്രൊഫഷണലുകൾക്ക് ശമ്പളം കുറയുന്നു. തൊഴിലന്വേഷകരിൽ വലിയ വർധന ഉണ്ടായതാണ് ശമ്പളം കുറയാൻ കാരണമായത്. റിക്രൂട്ട്മെൻ്റ് കൺസൾട്ടൻസിയായ റോബർട്ട് ഹാഫിൻ്റെ പഠനത്തിലാണ് ഇക്കാര്യങ്ങൾ പുറത്തുവന്നത്.

Salary Drop : യുഎഇയിൽ പ്രവാസി പ്രൊഫഷണലുകൾക്ക് ശമ്പളം കുറയുന്നു; കണക്കുകൾ ഇങ്ങനെ
ശമ്പളം (Image Credits - Pekic/E+/Getty Images)
abdul-basith
Abdul Basith | Published: 09 Nov 2024 14:35 PM

യുഎഇയിൽ പ്രവാസി പ്രൊഫഷണലുകൾക്ക് ശമ്പളം കുറയുന്നു എന്ന് റിപ്പോർട്ട്. തൊഴിലന്വേഷിച്ച് എത്തുന്നവരിൽ വലിയ വർധന ഉണ്ടായതോടെയാണ് ശമ്പളത്തിൽ വലിയ തോതിലുള്ള കുറവുണ്ടായിരിക്കുന്നത്. നേരത്തെ ഉയർന്ന ശമ്പളത്തിൽ ജോലി ചെയ്തിരുന്ന പലർക്കും ഇപ്പോൾ ശമ്പളം കുറവാണ് ലഭിക്കുന്നത്. കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യാൻ നിരവധി പേർ തയ്യാറാണെന്നിരിക്കെ ശമ്പളം കൂട്ടി ചോദിക്കാൻ പലർക്കും മടിയാണെന്നും പുതിയ പഠനത്തിൽ പറയുന്നു.

ഫിനാൻസ്, അക്കൗണ്ടിംഗ്, എച്ച്ആർ തുടങ്ങി വിവിധ മേഖലകളിലേക്ക് നിരവധി പ്രൊഫഷണലുകളാണ് ദിനംപ്രതി തൊഴിൽ അന്വേഷിച്ച് എത്തുന്നത്. ഫിനാൻസ്, അക്കൗണ്ടിംഗ് മേഖലയിലേക്കാണ് കൂടുതൽ പേരെത്തുന്നത്. ഈ മേഖലകളിൽ വളരെ മുൻപ് മുതൽ ജോലിയെടുക്കുന്ന പ്രവാസികളുണ്ട്. ഇവർക്കൊക്കെ മികച്ച ശമ്പളം ലഭിച്ചിരുന്നു. എന്നാൽ, പുതിയ ആളുകൾ ധാരാളമായി എത്തുന്നത് ഇവർക്ക് തിരിച്ചടി ആയിരിക്കുകയാണ്. അനുഭവസമ്പത്തുണ്ടെങ്കിലും ശമ്പളം കൂട്ടിച്ചോദിച്ചാൽ ജോലി നഷ്ടമാവുമോ എന്നും ഇവർക്ക് ഭീതിയുണ്ട്.

യുഎഇയിൽ ജോലിയിൽ പ്രവേശിക്കുമ്പോൾ ആദ്യം ലഭിക്കുന്ന ശരാശരി ശമ്പളം ഓരോ വർഷവും 0.7 ശതമാനമായി കുറയുകയാണ്. ശമ്പളം കുറയുന്നതിനനുസരിച്ച് ചിലവ് കുറയുന്നില്ല എന്നതും തിരിച്ചടിയാവുന്നുണ്ട്. വർധിക്കുന്ന ജീവിതച്ചിലവുകൾ കണക്കിലെടുത്ത് പകുതിയിലധികം തൊഴിലാളികളും അടുത്ത വർഷത്തോടെ വേറെ ജോലിയ്ക്ക് ശ്രമിക്കുകയാണെന്നാണ് റിക്രൂട്ട്മെൻ്റ് കൺസൾട്ടൻസിയായ റോബർട്ട് ഹാഫിൻ്റെ പഠനത്തിൽ പറയുന്നു.

Also Read : ബുർജ് ഖലീഫയിൽ സെപ്റ്റിക് ടാങ്ക് ഇല്ല!; പിന്നെ ഈ മനുഷ്യവിസർജമൊക്കെ എങ്ങോട്ട് പോകുന്നു?

ഫിനാന്‍സ്, അക്കൗണ്ടിങ് റോളുകള്‍ക്കുള്ള പ്രാരംഭ ശമ്പളം ശരാശരി 2.1 ശതമാനമായി കുറഞ്ഞു. ചില കോര്‍പ്പറേറ്റ് അക്കൗണ്ടിങ് റോളുകളുറ്റെ പ്രാരംഭ ശമ്പളത്തിൽ 23 ശതമാനം കുറവാണ് ഉണ്ടായത് എന്നും പഠനത്തിൽ പറയുന്നു.

യുഎഇയിലെ ജനസംഖ്യ ഉയരുന്നതും ഇതിൽ നിർണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ എമിറേറ്റുകളായ അബുദാബിയിലും ദുബായിലും ചരിത്രത്തിൽ ഏറ്റവും ഉയർന്ന ജനസംഖ്യയാണ് ഇപ്പോൾ ഉള്ളത്. പ്രൊഫഷണലുകളുടെയും ഇൻവസ്റ്റർമാരുടെയും കുത്തൊഴുക്കാണ് ഇതിന് കാരണം. 2024 നവംബർ നാലിന് ദുബായിലെ ജനസംഖ്യ 3.798 മില്ല്യൺ ആയിരുന്നു. ഈ വർഷം ഇതുവരെ ജനസംഖ്യയിലുണ്ടായത് 1,40,000 പേരുടെ വർധനയാണ്. കഴിഞ്ഞ വർഷം ഒരു ലക്ഷത്തിലധമായിരുന്നു വർധന.

അബുദാബിയുടെ കാര്യമെടുത്താൽ 2023ൽ 3.789 മില്ല്യൺ ആയിരുന്നു ജനസംഖ്യ. 2011ഉമായി പരിഗണിക്കുമ്പോൾ 83 ശതമാനമാണ് വർധന. യുഎഇയിലെ ആകെ ജനസംഖ്യയിലും വർധനയുണ്ട്. 2024 നവംബർ നാലിന് രാജ്യത്തെ ആകെ ജനസംഖ്യ 11.135 മില്ല്യൺ ആയിരുന്നു. 2023ൽ ഇത് 10.642 മില്ല്യണും 2022ൽ ഇത് 10.642 മില്ല്യണുമായിരുന്നു.

ഇതിനിടെ ചില ജോലികളിൽ ശമ്പളം വർധിച്ചിട്ടുണ്ട്. മധ്യനിരയിലുള്ള നിയമവിദഗ്ദരുടെ ശമ്പളത്തിൽ 1.6 ശതമാനമാണ് വർധന. പ്രാരംഭ ശമ്പലമായി 15 ശതമാനം വർധന ലഭിക്കും.