Russian strike on Kyiv: കീവില്‍ റഷ്യ നടത്തിയ ആക്രമണത്തില്‍ ഞാന്‍ സന്തുഷ്ടനല്ല, പുടിന്‍ ആക്രമണം അവസാനിപ്പിക്കണം: ഡൊണാള്‍ഡ് ട്രംപ്
Donald Trump Reacts To Russian strike on Kyiv: പുടിനോട് ആക്രമണം അവസാനിപ്പിക്കാന്‍ മാത്രം ആവശ്യപ്പെട്ട ട്രംപ് റഷ്യയ്‌ക്കെതിരെ കടുത്ത നടപടിയിലേക്ക് കടക്കുമോ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. തന്റെ ഭരണകൂടം റഷ്യയ്ക്ക് മേല്‍ വളരെയധികം സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നും വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

വാഷിങ്ടണ്‍: കീവ് നഗരത്തില്‍ റഷ്യ നടത്തിയ ആക്രമണത്തില്‍ അതൃപ്തി അറിയിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യന്‍ ആക്രമണങ്ങളില്‍ താന്‍ സന്തുഷ്ടനല്ലെന്ന് ട്രംപ് വ്യക്തമാക്കി. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ആക്രമണം ഉടന്‍ അവസാനിപ്പിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
പുടിനോട് ആക്രമണം അവസാനിപ്പിക്കാന്‍ മാത്രം ആവശ്യപ്പെട്ട ട്രംപ് റഷ്യയ്‌ക്കെതിരെ കടുത്ത നടപടിയിലേക്ക് കടക്കുമോ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. തന്റെ ഭരണകൂടം റഷ്യയ്ക്ക് മേല്‍ വളരെയധികം സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നും വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
അടുത്ത കുറച്ച് ദിവസങ്ങള്‍ വളരെ പ്രധാനപ്പെട്ടതായിരിക്കും. ഇപ്പോള്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. യുദ്ധവുമായി ബന്ധപ്പെട്ട് നമ്മള്‍ ഒരു കരാറില്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷ. അതിനോട് അടുത്തുവരികയാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഈ ആക്രമണം ആവശ്യമില്ല, വളരെ മോശം സമയമാണ്, വ്‌ളാഡിമിര്‍ നിര്‍ത്തൂ, എന്നും ട്രംപ് തന്റെ ട്രൂത്ത് പ്രൊഫൈലില്‍ കുറിച്ചു.




അതേസമയം, റഷ്യയുടെ ആക്രമണത്തില്‍ പ്രതികരിച്ച് യുക്രൈയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി രംഗത്തെത്തി. റഷ്യ വെടിനിര്‍ത്തലിന് തയാറാണെന്ന് പറഞ്ഞു, അതിനാല്‍ യുക്രൈനെതിരെയുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കണം. ക്ഷമ നശിച്ചുകൊണ്ടിരിക്കുകയാണ്, കാരണം ആക്രമണത്തിന് വിധേയരാകുന്നത് തങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കഴിഞ്ഞ വ്യാഴാഴ്ച രാത്രി മുതലാണ് റഷ്യ കീവില്‍ ആക്രമണം ആരംഭിച്ചത്. ഇതിനോടകം 12 പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. നിരവധിയാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.