Ukraine-Russia Ceasefire: 30 ദിവസത്തെ വെടിനിർത്തൽ നിർദേശം അംഗീകരിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ
Ukraine-Russia 30-Day Ceasefire: റഷ്യം യുക്രൈൻ യുദ്ധത്തിന് പരിഹാരമുണ്ടാക്കാൻ ശ്രമിക്കുന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് പുടിൻ നന്ദി രേഖപ്പെടുത്തി. സമാധാനമുണ്ടാക്കാൻ ശ്രമം നടത്തിയ ചൈന, ഇന്ത്യ, ബ്രസീൽ, ദക്ഷിണാഫ്രിക്ക എന്നിവയുടെ നേതാക്കൾക്കും അദ്ദേഹം പ്രത്യേകം നന്ദി അറിയിച്ചു.

റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ
മോസ്കോ: യുക്രൈനുമായി 30 ദിവസത്തെ വെടിനിർത്തലിന് യുഎസ് മുന്നോട്ടുവെച്ച നിർദേശം അംഗീകരിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ (Vladimir Putin). എന്നാൽ, കരാറിലെ വ്യവസ്ഥകൾ പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദീർഘകാല സമാധാനത്തിന് വഴിതുറക്കുന്നതാകണം കരാറെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം മുപ്പതുദിന വെടിനിർത്തൽ കരാർ, സൈന്യത്തെ കരുത്തുറ്റതാക്കാൻ യുക്രൈൻ ഉപയോഗപ്പെടുത്തുമോ എന്ന ആശങ്കയും അദ്ദേഹം മുന്നോട്ടുവച്ചു. റഷ്യം യുക്രൈൻ യുദ്ധത്തിന് പരിഹാരമുണ്ടാക്കാൻ ശ്രമിക്കുന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് പുടിൻ നന്ദി രേഖപ്പെടുത്തി. സമാധാനമുണ്ടാക്കാൻ ശ്രമം നടത്തിയ ചൈന, ഇന്ത്യ, ബ്രസീൽ, ദക്ഷിണാഫ്രിക്ക എന്നിവയുടെ നേതാക്കൾക്കും അദ്ദേഹം പ്രത്യേകം നന്ദി അറിയിച്ചു.
മോസ്കോയിൽ ട്രംപിൻറെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് പുടിൻ തൻ്റെ നിലപാട് വ്യക്തമാക്കിയത്. താൽക്കാലികമായല്ല, ദീർഘകാല സമാധാനത്തിനുള്ള വഴികളാണ് റഷ്യ ആഗ്രഹിക്കുന്നതെന്ന് പുടിൻ പറഞ്ഞു. യുദ്ധത്തിന്റെ കാരണങ്ങൾക്ക് പരിഹാരം ഉറപ്പാക്കണമെന്നും പുടിൻ ആവശ്യപ്പെട്ടിട്ടുണ്ട്. യുക്രൈനെ നാറ്റോയിൽ ഉൾപ്പെടുത്താതിരിക്കുക, യുക്രൈന് മറ്റുരാജ്യങ്ങൾ സൈനികസഹായം നൽകുന്നത് കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ റഷ്യ മുന്നോട്ട് വയ്ച്ചിട്ടുണ്ട്.
30 ദിവസത്തെ ഇടക്കാല വെടിനിർത്തലിന് തയ്യാറാണെന്ന് യുക്രൈൻ നേരത്തെ അറിയിച്ചിരുന്നു. സൗദി അറേബ്യയിൽ നടന്ന ഉന്നതതല ചർച്ചയ്ക്ക് പിന്നാലെയാണ് റഷ്യ-യുക്രൈൻ വെടിനിർത്തലിനുള്ള സമ്മതം അറിയിച്ചിരിക്കുന്നത്. എട്ട് മണിക്കൂറോളം നീണ്ട് നിന്ന ചർച്ചയ്ക്ക് ഒടുവിലായിരുന്നു തീരുമാനം. വെടിനിർത്തൽ യുക്രൈൻ അംഗീകരിച്ചതോടെ സൈനികസഹായം പുനരാരംഭിക്കാൻ തയ്യാറാണെന്ന് അമേരിക്കയും വ്യക്തമാക്കിയിരുന്നു.