Russian Military Crisis: യുദ്ധം ചെയ്യാന്‍ ആളില്ല, ആള്‍ ക്ഷാമം നേരിട്ട് റഷ്യന്‍ സൈന്യം; ബോണസ് വര്‍ധിപ്പിക്കാതെ പുടിന് വഴിയില്ല
Russian Military Latest News: 2022ല്‍ യുദ്ധം പൊട്ടിപുറപ്പെട്ട സമയത്ത് 300,000 ആളുകളെയാണ് യുദ്ധമുഖത്തേക്ക് അയക്കാന്‍ പുടിന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് രാജ്യത്തെ ജനങ്ങളില്‍ അതൃപ്തിയുണ്ടാക്കുന്നതിന് കാരണമായി. ഇതോടെ നിരവധിയാളുകളാണ് ഇവിടെ നിന്നും പലായനം ചെയ്തത്.
റഷ്യന്‍ ആര്‍മിയില്‍ സൈനികർക്ക് കുറവുള്ളതായി പുതിയ റിപ്പോര്‍ട്ട്. അടിയന്തിര പരിഹാരമായി, മാസ് റിക്രൂട്ട്മെൻ്റ് ഒഴിവാക്കി പകരം റിക്രൂട്ട്‌മെന്റ് ബോണസ് ഉയര്‍ത്താന്‍ റഷ്യ പദ്ധതിയിടുന്നതായി ബ്ലൂം ബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഈ തീരുമാനത്തോട് പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന് താത്പര്യമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പെട്ടെന്നുണ്ടാകുന്ന ആക്രമണങ്ങളെ നേരിടാന്‍ സേനയ്ക്ക് മതിയായ അംഗബലമില്ല. 2022-ലെ റഷ്യന്‍-ഉക്രൈന്‍ യുദ്ധം ആരംഭിച്ചതിന് ശേഷം റഷ്യന്‍ സേന നേരിടുന്ന ഏറ്റവും ഉയര്‍ന്ന സൈനിക ക്ഷാമമാണിതെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ബ്ലൂം ബെര്‍ഗ് പറയുന്നു.
സൈനികരുടെ റിക്രൂട്ട്‌മെന്റ് വേണ്ടവിധത്തില്‍ നടത്തുന്നതില്‍ പ്രാദേശിക ഉദ്യോഗസ്ഥര്‍ പരാജയപ്പെട്ടു. അതിനാല്‍ തന്നെ ഈയൊരു സാഹചര്യം മറിക്കടക്കാന്‍ റഷ്യയ്ക്ക് പുതിയ നീക്കം നടത്തേണ്ടതായി വരും. ഒരുപക്ഷെ ബോണസ് ഉയര്‍ത്തുകയോ അല്ലെങ്കില്‍ മാസ് റിക്രൂട്ട്മെൻ്റ് നടത്തുകയാ ആണ് ചെയ്യാന്‍ സാധ്യതയുള്ളത്.
കൂടാതെ റഷ്യയിലെ കുര്‍സ്‌ക് മേഖലയിലേക്ക് യുക്രൈന്‍ സൈന്യം കടക്കുന്നത് തടയാനും സൈന്യത്തിന് സാധിക്കുന്നില്ല. നിലവില്‍ റഷ്യയുടെ ആയിരം ചതുരശ്ര മീറ്റര്‍ പ്രദേശം ഉക്രൈന്‍ സൈന്യത്തിന്റെ അധീനതയിലാണ്. ഉക്രൈന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ സെലെന്‍സ്‌കിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഉക്രൈന്‍ സൈനിക മേധാവി ഒലെക്‌സാണ്ടര്‍ സിര്‍സ്‌കിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
റഷ്യയുടെ തെക്ക്-കിഴക്കന്‍ മേഖലയിലാണ് ഉക്രൈന്‍ സൈന്യത്തെ വിന്യസിച്ചിട്ടുള്ളത്. യുദ്ധം ഏകദേശം പരിസമാപ്തിയില്‍ എത്തിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. റഷ്യയില്‍ കനത്ത നാശനഷ്ടമുണ്ടായിട്ടുണ്ടെന്നും സൈനികരുടെ അഭാവമാണ് ഇതിന് കാരണമായതെന്നും ബ്ലൂം ബെര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നു.
2022ല്‍ യുദ്ധം പൊട്ടിപുറപ്പെട്ട സമയത്ത് 300,000 ആളുകളെയാണ് യുദ്ധമുഖത്തേക്ക് അയക്കാന്‍ പുടിന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് രാജ്യത്തെ ജനങ്ങളില്‍ അതൃപ്തിയുണ്ടാക്കുന്നതിന് കാരണമായി. ഇതോടെ നിരവധിയാളുകളാണ് ഇവിടെ നിന്നും പലായനം ചെയ്തത്. ഇനിയും ഇത്തരത്തില്‍ സാധാരണക്കാരെ യുദ്ധത്തിന് അയക്കുന്ന നടപടി രാജ്യത്തിന് തിരിച്ചടി സമ്മാനിക്കും. അതിനാലാണ് കൂടുതല്‍ ആനുകൂല്യം നല്‍കി സൈനികരെ പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒരു മാസത്തില്‍ 30 സൈനികരെയെങ്കിലും ഇത്തരത്തില്‍ ഉയര്‍ന്ന ആനുകൂല്യങ്ങള്‍ നല്‍കി പിടിച്ച് നിര്‍ത്തേണ്ടത് അനിവാര്യമാണ്. എന്നാലും ആളുകളെ കൂട്ടത്തോടെ സൈന്യത്തിലേക്ക് എത്തിക്കാന്‍ സര്‍ക്കാരിന് ആനുകൂല്യങ്ങളും ശമ്പളവും കുത്തനെ ഉയര്‍ത്തി നല്‍കേണ്ടതായി വരുന്നുവെന്നും ബ്ലൂം ബെര്‍ഗ് പറയുന്നു.
റഷ്യയില്‍ ഉണ്ടാകുന്ന ദുരന്തങ്ങളും അതിന്റെ വ്യാപ്തിയും സായുധ സേനാംഗങ്ങളുടെ അഭാവവും റഷ്യയെ പിന്നോട്ട് വലിക്കുന്നു. അതിനാല്‍ തന്നെ ഇത് ഉക്രൈന്റെ മുന്നേറ്റത്തിന് വഴിവെക്കുന്നുണ്ട് എന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
അതേസമയം, കുര്‍സ്‌ക് മേഖലയില്‍ ഏഴ് ദിവസം നീണ്ട ആക്രമണങ്ങള്‍ നടത്തിയാണ് പടിഞ്ഞാറന്‍ റഷ്യയിലെ പ്രദേശങ്ങള്‍ പിടിച്ചടക്കിയതെന്ന് കമാന്‍ഡര്‍ ഒലെക്സാണ്ടര്‍ സിര്‍സ്‌കി പറഞ്ഞിരുന്നു. 2022ല്‍ റഷ്യയുടെ ആക്രമണം ആരംഭിച്ചതിന് ശേഷം അതിര്‍ത്തി കടന്നുള്ള ഉക്രൈനിന്റെ ഏറ്റവും വലിയ മുന്നേറ്റമാണ് ഇപ്പോള്‍ നടക്കുന്നത്. പടിഞ്ഞാറന്‍ റഷ്യന്‍ മേഖലയില്‍ നിന്ന് സുരക്ഷ കണക്കിലെടുത്ത് നിരവധി പേരെ ഒഴിപ്പിച്ചിട്ടുണ്ട്. ഇവിടെയുള്ള 1,80,000 റഷ്യന്‍ പൗരന്‍മാര്‍ ഇതുവരെ കുടിയൊഴിഞ്ഞ് പോയിട്ടുണ്ടെന്നാണ് വിവരം.
പ്രദേശത്തെ 28 ഗ്രാമങ്ങള്‍ യുക്രേനിയന്‍ സേനയുടെ കീഴിലായെന്ന് കുര്‍സ്‌ക് മേഖലയിലെ ആക്ടിംഗ് ഗവര്‍ണര്‍ അലക്‌സി സ്മിര്‍നോവ് പുടിനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വ്യക്തമാക്കി. സാഹചര്യം മോശമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റഷ്യയിലേക്ക് 18 മൈല്‍ വരെ മുന്നേറിയ ഉക്രൈന്‍ സൈന്യം കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആക്രമണം നടത്തിയത്. ആക്രമണത്തെ വലിയ പ്രകോപനം എന്ന് വിശേഷിപ്പിച്ച വ്ളാഡിമിര്‍ പുടിന്‍ ശത്രുക്കളെ പ്രദേശത്ത് നിന്ന് പുറത്തക്കാന്‍ റഷ്യന്‍ സൈന്യത്തിനോട് നിര്‍ദേശിച്ചിട്ടുണ്ട്.
Also Read: Bangladesh National Day: ഓഗസ്റ്റ് 15 ദേശീയ ദിനമായി ആചരിക്കേണ്ട…; കരട് തയ്യാറാക്കി ബംഗ്ലാദേശ് സർക്കാർ
അതേസമയം, റഷ്യയിലേക്കുള്ള ഉക്രൈന്റെ സൈനിക കടന്നുകയറ്റം പുടിന് യഥാര്‍ഥ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. ഉക്രൈന്റെ നീക്കങ്ങള്‍ സംബന്ധിച്ച് തനിക്ക് വിവരം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ആറ് മുതല്‍ ഉക്രൈന്റെ കടന്നുകയറ്റത്തെ കുറിച്ച് നാലോ അഞ്ചോ മണിക്കൂര്‍ ഇടവിട്ട് തനിക്ക് വിവരങ്ങള്‍ ലഭിക്കുന്നുണ്ട്. ഓഗസ്റ്റ് 6-ന് പുലര്‍ച്ചെയാണ് ആയിരത്തോളം ഉക്രൈന്‍ സൈനികര്‍ ടാങ്കുകളും കവചിത വാഹനങ്ങളുമായി റഷ്യന്‍ അതിര്‍ത്തി കടന്നതെന്നും റഷ്യയുടെ കുര്‍സ്‌ക് മേഖലയിലേക്ക് ഉക്രൈന്‍ സൈന്യം കടന്നുകയറുന്നത് സംബന്ധിച്ച് അമേരിക്കയ്ക്ക് മുന്‍കൂട്ടി വിവരം ലഭിച്ചിരുന്നില്ലെന്നുമാണ് വൈറ്റ് ഹൗസ് വക്താവ് കരീന്‍ ജീന്‍ പിയറി പറഞ്ഞത്.