5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Russia-Ukraine War: മിസൈലുകള്‍ വര്‍ഷിച്ച് റഷ്യ; യുക്രൈനിലെ വൈദ്യുതി വിതരണം നിലച്ചു

Russian Missile Attack in Ukraine's Power Units: നൂറോളം ഡ്രോണുകളും 90 ലധികം മിസൈലുകളും ഉപയോഗിച്ചാണ് യുക്രൈന്റെ വിവിധ ഭാഗങ്ങളില്‍ റഷ്യ ആക്രമണം നടത്തിയത്. റഷ്യന്‍ തീവ്രവാദ തന്ത്രങ്ങളുടെ വളരെ നീചമായ പ്രവണതയാണിതെന്നും സെലന്‍സ്‌കി പറഞ്ഞു.

Russia-Ukraine War:  മിസൈലുകള്‍ വര്‍ഷിച്ച് റഷ്യ; യുക്രൈനിലെ വൈദ്യുതി വിതരണം നിലച്ചു
യുക്രൈനില്‍ നിന്നുള്ള ദൃശ്യം (Image Credits: PTI)
shiji-mk
Shiji M K | Updated On: 29 Nov 2024 08:11 AM

കീവ്: യുക്രൈനില്‍ വീണ്ടും മിസൈലാക്രമണം നടത്തി റഷ്യ. യുക്രൈനിലെ വൈദ്യുതിവിതരണ ശൃംഖലയ്ക്ക് നേരെയാണ് റഷ്യ ആക്രമണം നടത്തിയത്. ഇതോടെ രാജ്യത്തെ വൈദ്യുതി വിതരണം പ്രതിസന്ധിയിലായിരിക്കുകയാണ്. പത്ത് ലക്ഷത്തോളം പേരുടെ വീടുകളില്‍ വൈദ്യുതി നിലച്ചതായാണ് റിപ്പോര്‍ട്ട്. യുക്രൈനിലെ ഊര്‍ജവിതരണ സംവിധാനനങ്ങളെ ലക്ഷ്യമിട്ടാണ് റഷ്യ ആക്രമണം നടത്തിയതെന്ന് പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി പ്രതികരിച്ചു.

നൂറോളം ഡ്രോണുകളും 90 ലധികം മിസൈലുകളും ഉപയോഗിച്ചാണ് യുക്രൈന്റെ വിവിധ ഭാഗങ്ങളില്‍ റഷ്യ ആക്രമണം നടത്തിയത്. റഷ്യന്‍ തീവ്രവാദ തന്ത്രങ്ങളുടെ വളരെ നീചമായ പ്രവണതയാണിതെന്നും സെലന്‍സ്‌കി പറഞ്ഞു.

കീവ്, ഒഡേസ, ഖാര്‍കീവ് തുടങ്ങിയ സ്ഥലങ്ങൡലാണ് റഷ്യയുടെ മിസൈല്‍ ആക്രമണം ഉണ്ടായിരിക്കുന്നത്. കീവിലെ രണ്ടിടങ്ങളില്‍ മിസൈലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇവിടേക്ക് തൊടുത്ത എല്ലാ മിസൈലുകളും യുക്രൈന്റെ വ്യോമപ്രതിരോധം തടുത്തതായാണ് അധികൃതര്‍ അവകാശപ്പെടുന്നത്. യുക്രൈനിലെ 12 മേഖലകളില്‍ മിസൈല്‍ ആക്രമണം ബാധിച്ചിച്ചിട്ടുള്ളതിനാല്‍ അടിയന്തിര വൈദ്യുതിമുടക്കം ഏര്‍പ്പെടുത്തിയതായും യുക്രൈന്‍ ഊര്‍ജവിതരണം വകുപ്പ് മന്ത്രി ഹെര്‍മന്‍ ഹാലുഷ്‌ചെങ്കോ പറഞ്ഞു.

എന്നാല്‍ ഈ ആക്രമണത്തില്‍ റഷ്യ ഇതുവരേക്കും പ്രതികരിച്ചിട്ടില്ല. റഷ്യ തങ്ങളുടെ ആണവനയം പുതുക്കിയത് യുക്രൈനെ ആശങ്കയിലാഴ്ത്തിയിരുന്നു. അമേരിക്ക നല്‍കിയ ദീര്‍ഘദൂര മിസൈലുകള്‍ യുക്രൈനിന്റെ കൈവശമുണ്ട്. എന്നിരുന്നാലും 5,500ത്തിലധികം ആണവായുധങ്ങളുള്ള റഷ്യയ്ക്ക് മുന്നില്‍ ഇവയ്ക്ക് വലിയ പ്രസക്തിയില്ല. എന്നാല്‍ യുക്രൈനെതിരെ ആണാവായുധം പ്രയോഗിച്ചാല്‍ അമേരിക്കയും യുദ്ധത്തിലേക്ക് കടക്കും. ഇത് മൂന്നാം ലോകമഹായുദ്ധത്തിന് വഴിതെളിക്കുമെന്ന ഭീതിയും നിലനില്‍ക്കുന്നുണ്ട്.

അതേസമയം, ബ്രിട്ടനെയും യുഎസിനെയും ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ച് ആക്രമിക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ നേരത്തെ പറഞ്ഞിരുന്നു. യുക്രൈനെതിരായ യുദ്ധത്തില്‍ തങ്ങള്‍ ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിച്ചതായും പുടിന്‍ പറഞ്ഞിരുന്നു. ചരിത്രത്തിലാദ്യമാണ് ഒരു രാജ്യത്തിന് നേരെ റഷ്യ ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിച്ചത്.

Also Read: Israel-Hezbollah Ceasefire: വെടിനിര്‍ത്തല്‍ ആര്‍ക്ക് വേണ്ടി? അതിര്‍ത്തികളിലേക്ക് മടങ്ങുന്നവര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ഇസ്രായേല്‍

റഷ്യയില്‍ യുഎസ് നിര്‍മിത ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിക്കാന്‍ ജോ ബൈഡന്‍ യുക്രൈന് അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ യുക്രൈന്‍ റഷ്യക്ക് നേരെ ആയുധങ്ങള്‍ പ്രയോഗിക്കുകയും ചെയ്തു. അതിന് മറുപടിയെന്നോണമായിരുന്നു പിന്നീട് റഷ്യ യുക്രൈന് മേല്‍ ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിച്ചത്.

ഈ ആക്രമണത്തിന് പിന്നാലെയാണ് യുഎസിനെയും യുകെയും മിസൈലുകള്‍ ഉപയോഗിച്ച് ആക്രമിക്കുമെന്ന് പുടിന്‍ പറഞ്ഞത്. യുക്രൈന് ആയുധങ്ങള്‍ നല്‍കിയ രാജ്യങ്ങള്‍ക്ക് നേരെ ആക്രമണം നടത്തും. അതിന് തങ്ങള്‍ക്ക് അവകാശമുണ്ടെന്നാണ് പുടിന്‍ പറഞ്ഞത്.

റഷ്യ ലക്ഷ്യം വെക്കുന്ന രാജ്യങ്ങള്‍ക്ക് സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ മുന്നറിയിപ്പ് നല്‍കുകയാണ്. അമേരിക്കന്‍, ബ്രിട്ടീഷ് ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയതിന് തിരിച്ചടിയായി യുക്രൈനിലെ ഡിനിപ്രോയിലുള്ള തന്ത്രപ്രധാന കെട്ടിടങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു.

റഷ്യയുടെ ആണവായുധ നയങ്ങളില്‍ മാറ്റം വരുത്തികൊണ്ടുള്ള നിയമത്തില്‍ കഴിഞ്ഞ ദിവസമാണ് വ്‌ളാഡിമിര്‍ പുടിന്‍ ഒപ്പുവെച്ചത്. യുദ്ധം 1,000 ദിവസം പിന്നിട്ടതിന് പിന്നാലെയായിരുന്നു ഇത്. ആണവായുധങ്ങളില്ലാത്ത ഒരു രാജ്യം ആണവശക്തിയായ മറ്റൊരു രാജ്യത്തിന്റെ പിന്തുണയോടെ റഷ്യയില്‍ ആക്രമണം നടത്തുന്നതിനെ സംയുക്ത ആക്രമണമായി കാണക്കാക്കുമെന്നാണ് നയത്തില്‍ പറയുന്നത്.