Russia-Ukraine Conflict: റഷ്യ-യുക്രൈന്‍ പ്രശ്‌നം ഒത്തുതീര്‍പ്പാക്കും; ഡോവല്‍ റഷ്യയിലേക്ക്
Ajit Doval: യുക്രൈനില്‍ സന്ദര്‍ശനം നടത്തിയ മോദി പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കിയെ കണ്ട ശേഷം റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി ഫോണില്‍ സംസാരിച്ചിരുന്നു. രാഷ്ട്രീയ, നയതന്ത്ര ചര്‍ച്ചകളിലൂടെ യുക്രൈന്‍-റഷ്യ പ്രശ്‌നം പരിഹരിക്കാന്‍ ഇന്ത്യ തയാറാണെന്ന് മോദി പുടിനെ അറിയിച്ചു.
ന്യൂഡല്‍ഹി: റഷ്യ-യുക്രൈന്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യ ഇടപെടുന്നു. സംഘര്‍ഷം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ അടുത്തയാഴ്ച മോസ്‌കോ സന്ദര്‍ശിക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റഷ്യയിലും യുക്രൈനിലുും നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കം.
യുക്രൈനില്‍ സന്ദര്‍ശനം നടത്തിയ മോദി പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കിയെ കണ്ട ശേഷം റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി ഫോണില്‍ സംസാരിച്ചിരുന്നു. രാഷ്ട്രീയ, നയതന്ത്ര ചര്‍ച്ചകളിലൂടെ യുക്രൈന്‍-റഷ്യ പ്രശ്‌നം പരിഹരിക്കാന്‍ ഇന്ത്യ തയാറാണെന്ന് മോദി പുടിനെ അറിയിച്ചു. സമാധാനത്തിനായി ഇരു രാജ്യങ്ങളും നയതന്ത്ര ചര്‍ച്ചകളിലൂടെ പരിഹാരം കാണണമെന്നും മോദി പുടിനോട് നിര്‍ദേശിച്ചിരുന്നു.
ഈ ഫോണ്‍ സംഭാഷണത്തിന് പിന്നാലെയാണ് അജിത് ഡോവലിനെ റഷ്യയിലേക്ക് അയക്കാന്‍ തീരുമാനമായതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഏത് ദിവസമാണ് സന്ദര്‍ശനം നടത്തുന്നത് എന്ന കാര്യം വ്യക്തമല്ല.
ഇന്ത്യ സമാധാനത്തിന്റെ ഭാഗത്താണെന്ന് സെലന്‍സ്‌കിയോടും മോദി വ്യക്തമാക്കിയിരുന്നു. നിക്ഷപക്ഷ നിലപാടല്ല, തങ്ങള്‍ ഒരു പക്ഷത്താണ്. അത് സമാധാനത്തിന്റെ പക്ഷമാണ്. അവിടെ തങ്ങള്‍ ഉറച്ചുനില്‍ക്കുന്നുവെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. യുക്രൈനില്‍ സമാധാനം നടപ്പാക്കാനുള്ള ശ്രമങ്ങള്‍ നടത്താന്‍ ഇന്ത്യ തയാറാണ്. വ്യക്തിപരമായും ഇടപെടും. യുദ്ധത്തിന് അവസാനം കാണാന്‍ റഷ്യയും യുക്രൈനും ഉള്ളുതുറന്ന ചര്‍ച്ചകള്‍ നടത്തണം. പ്രായോഗികമായ ഇടപെടലുകളിലൂടെ പരിഹാരം ഉണ്ടാകുമെന്നും സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി പറഞ്ഞിരുന്നു.
അതേസമയം, യുക്രൈനുമായി വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് തായറാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 2022ല്‍ ഇസ്താംബൂളില്‍ വെച്ച് റഷ്യയുടെയും യുക്രൈനിന്റെയും പ്രതിനിധികള്‍ ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും അത് പരാജയപ്പെട്ടിരുന്നു. ഈ ചര്‍ച്ചയുടെ തുടര്‍ച്ച എന്ന രീതിയിലാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ക്ക് തയാറാണെന്ന് പുടിന്‍ അറിയിച്ചത്. തങ്ങള്‍ ചര്‍ച്ചകള്‍ക്ക് വിസമ്മതിച്ചിട്ടില്ലെന്നും താത്കാലികമായ ചില നിബന്ധനകളില്‍ ചര്‍ച്ച നടത്താനാകില്ലെന്നും പുടിന്‍ പറഞ്ഞു.
ഇസ്താംബൂളില്‍ അംഗീകരിച്ച രേഖകളുടെ അടിസ്ഥാനത്തിലായിരിക്കണം ചര്‍ച്ചകള്‍ നടക്കേണ്ടത്. ഇസ്താംബൂള്‍ ചര്‍ച്ചയില്‍ റഷ്യ പ്രാഥമികമായി ചില ധാരണകളില്‍ എത്തിയതാണ്. യുക്രൈന്‍ പ്രതിനിധി സംഘത്തിന്റെ തലവന്‍ രേഖകളില്‍ ഒപ്പുവെച്ചതും ഇതിന്റെ തെളിവായാണ്. എന്നാല്‍ പിന്നീട് ചില ബാഹ്യ ഇടപെടലുകളുണ്ടായി. റഷ്യയുടെ തകര്‍ച്ച കാണാന്‍ ആഗ്രഹിക്കുന്ന അമേരിക്കയും ചില യൂറോപ്യന്‍ രാജ്യങ്ങളുമാണ് ചര്‍ച്ച പരാജയപ്പെടാന്‍ കാരണമായതെന്ന് പുടിന്‍ പറഞ്ഞു. റഷ്യയിലെ വ്ളാഡിവോസ്തോക്കില്‍ നടന്ന ഈസ്റ്റേണ്‍ എക്കണോമിക് ഫോറത്തില്‍ ഒരു ചോദ്യത്തിന് മറുപടിയായാണ് പുടിന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
Also Read: World Literacy Day 2024: വിദ്യാ ധനം സർവ്വ ധനാൽ പ്രധാനം…; ഇന്ന് ലോക സാക്ഷരതാ ദിനം
ഇന്ത്യ, ചൈന, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് റഷ്യക്കും യുക്രൈനുമിടയില്‍ മധ്യസ്ഥരായി പ്രവര്‍ത്തിക്കാമെന്നും യുദ്ധത്തിന്റെ പ്രാരംഭഘട്ടത്തില്‍ ഇസ്താംബൂളില്‍ അംഗീകരിച്ച പ്രാഥമിക ധാരണയുടെ അടിസ്ഥാനത്തില്‍ ചര്‍ച്ച തുടരാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2024 ഒക്ടോബര്‍ 22 മുതല്‍ 24 വരെ റഷ്യയില്‍ വെച്ച് ബ്രിക്സ് ഉച്ചക്കോടി നടക്കാനിരിക്കെയാണ് പുടിന്റെ നിലപാട് വ്യക്തമാക്കല്‍. റഷ്യ, ചൈന, ഇന്ത്യ, ബ്രസീല്‍, ദിക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് ബ്രിക്സ് അംഗങ്ങള്‍. എന്നാല്‍ കുര്‍സ്‌ക് മേഖലയിലുള്ള യുക്രൈന്റെ കടന്നുകയറ്റമാണ് ചര്‍ച്ചകള്‍ക്ക് വിലങ്ങുതടിയാകുന്നതെന്ന് പുടിന്‍ നേരത്തെ പറഞ്ഞിരുന്നു. ഇക്കാര്യങ്ങളെല്ലാം ചര്‍ച്ചകളില്‍ പരിഗണിക്കുമെന്നാണ് സൂചന.