Lunar Nuclear Power Plant: ചന്ദ്രനില്‍ ആണവപദ്ധതിക്ക് ലക്ഷ്യമിട്ട് റഷ്യ; കൂടെ ഇന്ത്യയും ചൈനയും
India with Russia: പരമാവധി അര മെഗാവാട്ട് വരെ ഊര്‍ജശേഷിയുള്ള ചാന്ദ്ര ആണവനിലയം നിര്‍മിക്കാനാണ് റഷ്യ ലക്ഷ്യമിടുന്നത്. ഈ പദ്ധതിയില്‍ ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളും ഭാഗമാകാന്‍ താത്പര്യം അറിയിച്ചിട്ടുണ്ട്. കൂടാതെ നിരവധി ബഹിരാകാശ പദ്ധതികള്‍ തുടങ്ങാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണെന്ന് അലക്‌സി ലിഖാചേവ് പറഞ്ഞു.
മോസ്‌കോ: ചന്ദ്രനില്‍ ആണവ റിയാക്ടര്‍ സ്ഥാപിക്കാനൊരുങ്ങി റഷ്യ. അര മെഗാവാട്ട് വരെ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുന്ന വൈദ്യുത നിലയം നിര്‍മിക്കാനാണ് റഷ്യയുടെ റൊസാറ്റം ന്യൂക്ലിയര്‍ കോര്‍പറേഷന്‍ ലക്ഷ്യമിടുന്നത്. ഈ ദൗത്യത്തില്‍ റഷ്യയ്‌ക്കൊപ്പം ചേരാന്‍ ഇന്ത്യയും ചൈനയും താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്. റഷ്യന്‍ ആണവോര്‍ജ കോര്‍പറേഷനായ റോസ്തോം മേധാവി അലക്‌സി ലിഖാചേവാണ് ഇന്ത്യയുടെയും ചൈനയുടെയും താത്പര്യത്തെ കുറിച്ച് അറിയിച്ചത്. റഷ്യയില്‍ നടന്ന ഈസ്റ്റേണ്‍ ഇക്കണോമിക് ഫോറത്തില്‍ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
പരമാവധി അര മെഗാവാട്ട് വരെ ഊര്‍ജശേഷിയുള്ള ചാന്ദ്ര ആണവനിലയം നിര്‍മിക്കാനാണ് റഷ്യ ലക്ഷ്യമിടുന്നത്. ഈ പദ്ധതിയില്‍ ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളും ഭാഗമാകാന്‍ താത്പര്യം അറിയിച്ചിട്ടുണ്ട്. കൂടാതെ നിരവധി ബഹിരാകാശ പദ്ധതികള്‍ തുടങ്ങാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണെന്ന് അലക്‌സി ലിഖാചേവ് പറഞ്ഞു.
Also Read: Coakroach In Throat: വായിൽ നിന്ന് ദുർഗന്ധം; പരിശോധനയിൽ 58-കാരൻ്റെ തൊണ്ടയിൽ കണ്ടെത്തിയത് പാറ്റയെ
റഷ്യയുടെ സുപ്രധാന ദൗത്യത്തില്‍ പങ്കാളികളാകാന്‍ ഇന്ത്യയും ചൈനയും ഏറെ ഉത്സാഹത്തിലാണെന്നാണ് ലിഖാേചവ് ആവര്‍ത്തിച്ചു. ആണവനിലയം ഭൂമിയില്‍ നിര്‍മിച്ചാകും ചന്ദ്രനിലേക്ക് എത്തിക്കുന്നത്. അതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ റഷ്യയുടെ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്മോസിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
2036 ഓടെ ചന്ദ്രനില്‍ ആണവ വൈദ്യുതനിലയം സ്ഥാപിക്കുമെന്ന് റഷ്യയുടെ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതുകൂടെ 2050 ആകുമ്പോഴേക്കും ചാന്ദ്രതാവളം സ്ഥാപിക്കുമെന്ന ഇന്ത്യയുടെ സ്വപ്‌നത്തിന് ആണവപദ്ധതി മുതല്‍ക്കൂട്ടാകുമെന്ന് ഇന്ത്യ കരുതുന്നതായി ദി യൂറേഷ്യന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, 2021ലാണ് റഷ്യയും ചൈനയും ചേര്‍ന്ന് ചന്ദ്രനില്‍ ഇന്റര്‍നാഷണല്‍ ലൂണാര്‍ റിസര്‍ച്ച് സ്റ്റേഷന്‍ എന്ന പേരില്‍ ഒരു സംയുക്ത കേന്ദ്രം നിര്‍മിക്കാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചത്. 2035നും 2045 നുമിടയില്‍ ഘട്ടം ഘട്ടമായി കമ്മീഷന്‍ ചെയ്യാനാണ് പദ്ധതിയിട്ടത്. ഇതേസമയം, ഗഗന്‍യാന്‍ ദൗത്യത്തിലെ ശുഭാന്‍ഷു ശുക്ലയെ അമേരിക്കയുടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അയക്കാന്‍ ഇന്ത്യ തീരുമാനിച്ചിരുന്നു. പിന്നാലെയാണ് റഷ്യയോടും ചൈനയോടുമൊപ്പം ചേര്‍ന്നുള്ള ചാന്ദ്രദൗത്യത്തിന് തയാറാണെന്ന് ഇന്ത്യ അറിയിച്ചത്. ബഹിരാകാശ ദൗത്യങ്ങളിലും ഇന്ത്യയുടെ നയതന്ത്ര വിജയമായാണ് നിലവിലെ കൈകോര്‍ക്കലിനെ വിദഗ്ദര്‍ വിലയിരുത്തുന്നത്.
അതേസമയം, ഗഗന്‍യാന്‍ ദൗത്യത്തിന്റെ ഭാഗമായി 2025 അവസാനത്തോടെ ഇന്ത്യന്‍ യാത്രികര്‍ ബഹിരാകാശത്ത് എത്തുമെന്നാണ് ഐഎസ്ആര്‍ഒ അറിയിക്കുന്നത്. അതിന് മുന്നോടിയായി ഗഗന്‍യാന്‍ 1 (ജി1), ഗഗന്‍യാന്‍ 2 (ജി2) എന്നീ രണ്ട് ആളില്ലാ പരീക്ഷണദൗത്യങ്ങളും നടത്താന്‍ ഐഎസ്ആര്‍ഒ ആവിഷ്‌കരിച്ചിട്ടുണ്ട്. ഗഗന്‍യാന്‍ ദൗത്യപേടകത്തിന്റെ അതേ വലുപ്പത്തിലും മാതൃകയിലുള്ളതായിരിക്കും ഈ രണ്ട് പരീക്ഷണദൗത്യങ്ങളിലും ഉപയോഗിക്കുന്ന പേടകങ്ങള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഈ വര്‍ഷം അവസാനത്തോടെയാണ് ആദ്യ ആളില്ലാ പരീക്ഷണ ദൗത്യം നടക്കുക. അടുത്തവര്‍ഷത്തേക്കാണ് രണ്ടാമത്തെ പരീക്ഷണം ലക്ഷ്യമിട്ടിരിക്കുന്നത്. ഇത് റോബോട്ടിക് സ്വഭാവത്തിലുള്ള ഹ്യൂമനോയ്ഡിനെ അയച്ചുകൊണ്ടുള്ളതാണ്. അവസാന ദൗത്യത്തില്‍ പുറപ്പെടുന്ന ബഹിരാകാശയാത്രികരുടെ സുരക്ഷ പരിശോധിക്കുന്നതിനാണ് ആദ്യ രണ്ട് പരീക്ഷണങ്ങളും നടത്തുന്നത്.
വ്യോംമിത്ര എന്നാണ് സ്ത്രീരൂപത്തിലുള്ള ഹ്യൂമനോയ്ഡിന്റെ പേര്. ഇന്ത്യയില്‍ തന്നെയാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വ്യോംമിത്രയുടെ തലയോട്ടി എന്തായിരിക്കണമെന്നതിന് ഐഎസ്ആര്‍ഒ അന്തിമരൂപം നല്‍കിക്കഴിഞ്ഞതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.