Ukraine Drone Attack: യുക്രൈനിൽ വീണ്ടും റഷ്യയുടെ ഡ്രോൺ ആക്രമണം; 13 മേഖലകളിലായി പറന്നിറങ്ങിയത് 267 ഡ്രോണുകൾ
Russia Launches Largest Drone Attack on Ukraine: 267 ഡ്രോണുകളാണ് യുക്രൈനിന്റെ പല ഭാഗങ്ങളിലായി പറന്നിറങ്ങിയത്. അതിൽ 138 ഡ്രോണുകൾ വെടിവെച്ചിടാൻ കഴിഞ്ഞതായി യുക്രൈൻ വ്യോമസേനാ അറിയിച്ചു.

കീവ്: യുദ്ധത്തിന്റെ മൂന്നാം വാർഷികത്തിൽ യുക്രൈന് നേരെ റഷ്യയുടെ ഡ്രോൺ ആക്രമണം. ഖാർകീവ്, പൊൾതാവ, സുമി, കീവ്, ചെർണീവ്, ഒഡേസ തുടങ്ങിയ പ്രധാനപ്പെട്ട സ്ഥലങ്ങൾ ഉൾപ്പടെ ആകെ 13 ഇടങ്ങളിലാണ് റഷ്യൻ ആക്രമണം ഉണ്ടായത്. ഒറ്റ ദിവസം ഒരേ സമയത്തായിരുന്നു വ്യാപകമായ ഡ്രോൺ ആക്രമണം നടത്തിയത്. 267 ഡ്രോണുകളാണ് യുക്രൈനിന്റെ പല ഭാഗങ്ങളിലായി പറന്നിറങ്ങിയത്. അതിൽ 138 ഡ്രോണുകൾ വെടിവെച്ചിടാൻ കഴിഞ്ഞതായി യുക്രൈൻ വ്യോമസേനാ അറിയിച്ചു. ഇതിന് പുറമെ മൂന്ന് ബാലിസ്റ്റിക് മിസൈൽ ആക്രമണവും റഷ്യയുടെ ഭാഗത്ത് നിന്നുണ്ടായതായി യുക്രൈൻ വ്യോമസേനാ വക്താവ് യുറി ഇഗ്നാത് വ്യക്തമാക്കി.
യുക്രൈനിന്റെ തലസ്ഥാനമായ കീവിൽ ഉൾപ്പടെ ഉണ്ടായ ആക്രമണത്തിൽ വൻ നാശനഷ്ടമാണ് ഉണ്ടായതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. യുക്രൈൻ വ്യോമ പ്രതിരോധത്തെ തകർക്കുക എന്ന ലക്ഷ്യത്തോടെ മിക്ക ദിവസങ്ങളിലും രാത്രിയിൽ റഷ്യ ഡ്രോൺ ആക്രമണം നടത്താറുണ്ട്. ഇത് തടയുന്നതിന് വേണ്ടി യുക്രൈൻ റഷ്യയുടെ വിതരണ ശൃംഖല ലക്ഷ്യമിട്ടാണ് ആക്രമണം നടത്തുന്നത്. റഷ്യ ഞായറാഴ്ച നടത്തിയ ഡ്രോൺ ആക്രമണത്തിൽ എത്രമാത്രം നാശനഷ്ടം ഉണ്ടായെന്ന കാര്യത്തിൽ വ്യക്തതയില്ല. ആക്രമണത്തിൽ രണ്ടു സാധാരണക്കാർ കൊല്ലപ്പെട്ടുവെന്ന വിവരങ്ങളാണ് നിലവിൽ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
യുക്രൈനിലെ റഷ്യൻ ആക്രമണത്തിന്റെ ദൃശ്യങ്ങൾ:
The White House says a peace deal ending 🇷🇺’s invasion of 🇺🇦 could come “this week”
Meanwhile, Russia launched its biggest ever drone attack on Ukraine last night, hitting residential areas
267 drones were launched. 138 shot down, 119 lost/diverted.
This was Kyiv last night: pic.twitter.com/8u5v0LLpS7
— Alex Cadier (@alexcadier) February 23, 2025
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം റഷ്യയുടെ ഭാഗത്ത് നിന്നുണ്ടായത് 1150 ഡ്രോൺ ആക്രമണങ്ങളാണ്. 35 മിസൈലുകളും 1400 ഗൈഡഡ് ബോംബുകളും റഷ്യ ഇതിനിടെ യുക്രൈനെതിരെ പ്രയോഗിച്ചു കഴിഞ്ഞു. 2022 ഫെബ്രുവരി 24നായിരുന്നു യുക്രൈനിൽ റഷ്യ അധിനിവേശം നടത്തിയത്. നാറ്റോയുടെ ഭാഗമാകാനുള്ള യുക്രൈന്റെ ശ്രമങ്ങൾക്ക് പിന്നാലെ ഉണ്ടായ തർക്കങ്ങളാണ് റഷ്യൻ അധിനിവേശത്തിന് കാരണമായത്.