Russia Nuclear Missile: എല്ലാത്തിനും തയാറായി നില്‍ക്കേണ്ടത് അനിവാര്യം; ആണവമിസൈലുകള്‍ പരീക്ഷിച്ച് റഷ്യ
Russia-Ukraine War: കര, കടല്‍, ആകാശ മാര്‍ഗങ്ങളിലൂടെയായിരുന്നു റഷ്യയുടെ മിസൈല്‍ പരീക്ഷണം. റഷ്യന്‍ അതിര്‍ത്തികളിലും മറ്റും വര്‍ധിച്ചുവരുന്ന ഭീഷണികള്‍ മൂലവും ശത്രുക്കള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലും എല്ലാത്തിനും തയാറായി നില്‍ക്കേണ്ടത് അനിവാര്യാണെന്ന് വ്‌ളാഡിമിര്‍ പുടിന്‍ പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വ്‌ളാഡിമിര്‍ പുടിന്‍ (Image Credits: PTI)
മോസ്‌കോ: ആണവമിസൈലുകള്‍ പരീക്ഷിച്ച് റഷ്യ. യുക്രൈനുമായുള്ള യുദ്ധം നിര്‍ണായക ഘട്ടത്തിലെത്തി നില്‍ക്കുന്ന സമയത്താണ് റഷ്യയുടെ ആണവായുധ പരീക്ഷണം. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ നേതൃത്വത്തിലാണ് ആണവമിസൈലുകളുടെ പരീക്ഷണം നടന്നത്. നിരവധി തവണ പരീക്ഷണം നടത്തിയതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്റര്‍ കോണ്ടിനെന്റല്‍ ബാലിസ്റ്റിക് മിസൈലുകളാണ് റഷ്യ പരീക്ഷിച്ചതെന്നാണ് വിവരം.
കര, കടല്‍, ആകാശ മാര്‍ഗങ്ങളിലൂടെയായിരുന്നു റഷ്യയുടെ മിസൈല്‍ പരീക്ഷണം. റഷ്യന്‍ അതിര്‍ത്തികളിലും മറ്റും വര്‍ധിച്ചുവരുന്ന ഭീഷണികള്‍ മൂലവും ശത്രുക്കള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലും എല്ലാത്തിനും തയാറായി നില്‍ക്കേണ്ടത് അനിവാര്യാണെന്ന് വ്‌ളാഡിമിര്‍ പുടിന്‍ പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആണവായുധം പരീക്ഷിക്കുന്ന അസാധാരണമായ ഒന്നാണ്. എന്നാലും അവ തയാറാക്കി വെക്കേണ്ടതുണ്ട്. തങ്ങള്‍ പുതിയൊരു മത്സരത്തിലേര്‍പ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു.
യുഎസും മറ്റ് സഖ്യരാജ്യങ്ങളും മിസൈലുകള്‍ അയക്കാന്‍ സാധ്യതയുണ്ടെന്ന സൂചന ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് റഷ്യയുടെ നീക്കം. കൂടാതെ ശത്രുക്കളുടെ ഏതുതരത്തിലുള്ള ആക്രമണത്തെയും പ്രതിരോധിക്കാനാണ് റഷ്യയുടെ നീക്കമെന്ന് ആണവ മിസൈല്‍ പരീക്ഷണത്തെ ചൂണ്ടിക്കാട്ടി റഷ്യന്‍ പ്രതിരോധ മന്ത്രി ആന്ദ്രെ ബെലാസോവും പറഞ്ഞു. ഏറ്റവും പ്രതിസന്ധി നിറഞ്ഞ ഘട്ടം എന്നാണ് മോസ്‌കോയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ആണവായുധ പരീക്ഷണത്തെ വിശേഷിപ്പിച്ചത്.
രാജ്യത്ത് നാറ്റോ സഖ്യ രാജ്യങ്ങള്‍ ദീര്‍ഘദൂര മിസൈലുകള്‍ പ്രയോഗിക്കാന്‍ യുക്രൈനൊപ്പം ചേരുന്നുവെന്ന റിപ്പോര്‍ട്ട് റഷ്യക്ക് ലഭിച്ചിരുന്നു. ഇതോടെയാണ് പുടിന്റെ നേതൃത്വത്തില്‍ ആണവമിസൈല്‍ പരീക്ഷണം നടത്തിയത്. ഉത്തര കൊറിയന്‍ സൈനികര്‍ റഷ്യയിലേക്ക് എത്തിയെന്ന നാറ്റോ വാദം റഷ്യ കഴിഞ്ഞ ദിവസം തള്ളിക്കളഞ്ഞിരുന്നു. റഷ്യന്‍-യുക്രൈന്‍ യുദ്ധത്തില്‍ പങ്കെടുക്കാന്‍ ഉത്തര കൊറിയയുടെ പതിനായിരത്തോളം പട്ടാളക്കാര്‍ തയാറാവുകയാണെന്നാണ് അമേരിക്കയും സഖ്യ രാജ്യങ്ങളും പറഞ്ഞത്.
Also Read: Hezbollah chief: ഹിസ്ബുല്ലയ്ക്ക് പുതിയ തലവൻ; ഹസൻ നസ്‌റല്ലയുടെ പിൻഗാമിയായി നയിം ഖാസിം
അതേസമയം, ആണവായുധ നിയന്ത്രണ നിയമത്തില്‍ മാറ്റം വരുത്തേണ്ട എന്ന് പുടിന്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് റഷ്യ ആണവായുധ പരീക്ഷണം നടത്തി എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. യുക്രൈനുമായുള്ള യുദ്ധത്തിനിടെ ആണവായുധം പരീക്ഷിക്കുന്നതുമായി ബന്ധപ്പെട്ട സൂചനകള്‍ റഷ്യ നേരത്തെ നല്‍കിയിരുന്നു.