Ramadan In UAE: റമദാനിൽ ജോലി 9 മുതൽ 12 മണി വരെ; സർക്കാർ ജീവനക്കാർക്കുള്ള ജോലി സമയം പ്രഖ്യാപിച്ച് യുഎഇ സർക്കാർ
UAE Ramadan Working Hours: യുഎഇയിൽ സർക്കാർ ജീവനക്കാർക്കുള്ള ജോലിസമയം പ്രഖ്യാപിച്ചു. തിങ്കൾ മുതൽ വെള്ളിയാഴ്ച വരെയുള്ള ദിവസങ്ങളിലാണ് പുതിയ ജോലിസമയം. വെള്ളിയാഴ്ച കൂടുതൽ സമയം ഇളവ് ലഭിക്കും.

റമദാൻ മാസത്തിൽ സർക്കാർ ജീവനക്കാർക്കുള്ള ജോലി സമയം പ്രഖ്യാപിച്ച് യുഎഇ സർക്കാർ. തിങ്കൾ മുതൽ വ്യാഴം വരെ ഒരു നിശ്ചിത സമയവും വെള്ളിയാഴ്ച മാത്രമായി വേറെ ജോലിസമയവുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഗവണ്മെൻ്റ് ഹ്യൂമൻ റിസോഴ്സസിലെ ഫെഡറൽ അതോറിറ്റിയാണ് പുതിയ പ്രഖ്യാപനം നടത്തിയത്. വ്യത്യസ്തമായ ജോലിസമയം ആവശ്യമുള്ള ജോലികൾ ചെയ്യുന്ന തൊഴിലാളികൾക്ക് ഈ നിർദ്ദേശം ബാധകമല്ല. ഹിജ്റ കലണ്ടർ പ്രകാരം 2025 മാർച്ച് ഒന്നിനാണ് റമദാൻ മാസം ആരംഭിക്കുക.
തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9 മണി മുതൽ ഉച്ചകഴിഞ്ഞ് 2.30 വരെയാണ് റമദാനിലെ ജോലിസമയം. വെള്ളിയാഴ്ചകളിൽ ജോലിസമയം മാറും. വെള്ളിയാഴ്ച മാത്രം രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയേ ജീവനക്കാർ ജോലി ചെയ്യേണ്ടതുള്ളൂ. തിങ്കൾ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ 3.5 മണിക്കൂറും വെള്ളിയാഴ്ച 1.5 മണിക്കൂറും സർക്കാർ ജീവനക്കാരുടെ ആകെ ജോലിസമയം കുറയും. ഇതോടൊപ്പം, വിവിധ മന്ത്രാലയങ്ങളും സർക്കാർ ഉദ്യോഗസ്ഥരും റമദാൻ മാസത്തിൽ ജീവനക്കാർക്ക് ജോലിസമയത്തിൽ ഇളവനുവദിക്കണമെന്നും നിർദ്ദേശമുണ്ട്. റിമോട്ട് ജോലികളിൽ 70 ശതമാനം ജീവനക്കാരെ വരെ അനുവദിക്കും.
റമദാൻ മാസത്തിൽ യുഎഇ സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത് നാലര ദിവസം നീളുന്ന തൊഴിൽ ആഴ്ചയാണ്. റമദാൻ അല്ലാത്ത മാസങ്ങളിൽ ഒരു ദിവസം എട്ട് മണിക്കൂറാണ് തൊഴിലാളികൾ ജോലിചെയ്യുക. തിങ്കളാഴ്ച മുതൽ വ്യാഴാഴ്ച വരെയുള്ള ദിവസങ്ങളിൽ പുലർച്ചെ 7.30 മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെയാണ് സാധാരണ ജോലിസമയം. വെള്ളിയാഴ്ചകളിൽ രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 12 വരെയാണ് സർക്കാർ ജീവനക്കാർ സാധാരണയായി ജോലി ചെയ്യേണ്ടത്. സർക്കാർ ജോലിക്കാർക്ക് ശനി, ഞായർ ദിവസങ്ങൾ അവധിയാണ്.




അബുദാബി, ദുബായ്, അജ്മാ, റാസ് അൽ ഖൈമ, ഉമ്മൽ ഖുവൈസ്, ഫുജൈറ തുടങ്ങിയ പ്രാദേശിക സർക്കാരുകൾ ഇതേ ജോലിസമയം സ്വീകരിച്ചിട്ടുണ്ട്. എന്നാൽ, ഷാർജയിലെ സർക്കാർ ജീവനക്കാർ ആഴ്ചയുൽ നാല് ദിവസമാണ് ജോലി ചെയ്യുക. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7.30 മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെയാണ് ഷാർജ സർക്കാർ ജീവനക്കാരുടെ ജോലിസമയം. വെള്ളി, ശനി, ഞായർ എന്നീ ദിവസങ്ങളിൽ അവധിയാണ്.