Ramadan In UAE: ‘റമദാനിൽ അവശ്യസാധനങ്ങൾക്ക് അനാവശ്യമായി വിലവർധിപ്പിക്കരുത്’; നിർദ്ദേശവുമായി യുഎഇ സാമ്പത്തിക മന്ത്രി
No Unjustified Price Hikes In Ramadan: റമദാനിൽ 9 അവശ്യസാധനങ്ങൾക്ക് വിലവർധിപ്പിക്കരുതെന്ന് യുഎഇ സാമ്പത്തിക മന്ത്രിയുടെ നിർദ്ദേശം. വിവിധ അവശ്യസാധനങ്ങൾക്ക് വിലവർധിപ്പിക്കരുതെന്നാണ് മന്ത്രി നിർദ്ദേശം നൽകിയത്. വിലവിവരം പ്രദർശിപ്പിക്കണമെന്നും നിർദ്ദേശമുണ്ട്.

റമദാനിൽ അവശ്യസാധനങ്ങൾക്ക് അനാവശ്യമായി വിലവർധിപ്പിക്കരുതെന്ന നിർദ്ദേശവുമായി യുഎഇ സാമ്പത്തിക മന്ത്രി അബ്ദുള്ള ബിൻ തൗഖ് അൽ മറി. 9 അവശ്യസാധനങ്ങൾക്ക് അനാവശ്യമായി വിലവർധിപ്പിക്കരുതെന്നാണ് നിർദ്ദേശം. യൂണിയൻ കൂപ്, ലുലു തുടങ്ങി അഞ്ച് പ്രധാന റീട്ടെയിൽ ഔട്ട്ലറ്റുകൾ സന്ദർശിച്ച അദ്ദേഹം ഇവരോട് നേരിട്ട് തന്നെ ഇക്കാര്യങ്ങൾ അറിയിക്കുകയും ചെയ്തു.
ഭക്ഷ്യ എണ്ണ, മുട്ട, പാലുത്പന്നങ്ങൾ, അരി, പഞ്ചസാര, ഇറച്ചി, പയർ, ബ്രെഡ്, ഗോതമ്പ് എന്നീ അവശ്യസാധനങ്ങൾക്ക് വിലവർധിപ്പിക്കരുതെന്നാണ് നിർദ്ദേശം. നിർദ്ദേശങ്ങൾക്കനുസരിച്ച് ഇവയുടെ വില കൃത്യമായി പ്രദർശിപ്പിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. റമദാനോടനുബന്ധിച്ച് വിവിധ റീട്ടെയിൽ ഔട്ട്ലറ്റുകൾ പലതരത്തിലുള്ള വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടിട്ടുണ്ട്. പുണ്യമാസം അടുക്കാറാവുമ്പോൽ വില വർധിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത് അരുതെന്നാണ് മന്ത്രിയുടെ നിർദ്ദേശം.
“സന്ദർശനത്തിനിടെ 9 അവശ്യസാധനങ്ങൾക്ക് പുതിയ നിർദ്ദേശമനുസരിച്ചുള്ള വിലയാവണം രേഖപ്പെടുത്തേണ്ടതെന്ന് ഔട്ട്ലറ്റുകളെ അറിയിച്ചു. അനാവശ്യമായി വില വർധിപ്പിക്കാനിരിക്കാനാണ് നിർദ്ദേശം. ഉപഭോക്താക്കൾക്ക് കൃത്യമായി മനസിലാവുന്ന തരത്തിൽ സാധനങ്ങളുടെ വില പ്രദർശിപ്പിക്കണമെന്നും നിർദ്ദേശം നൽകി.”- അബ്ദുള്ള ബിൻ തൗഖ് അൽ മറി അറിയിച്ചു.




2024 ഡിസംബറിൽ തന്നെ ഇത് സംബന്ധിച്ച നിർദ്ദേശം സാമ്പത്തിക മന്ത്രാലയം പുറത്തുവിട്ടിരുന്നു. പ്രത്യേക അനുമതി വാങ്ങാതെ 9 അവശ്യസാധനങ്ങളുടെ വില വർധിപ്പിക്കരുതെന്നാണ് മന്ത്രാലയം റീട്ടെയിൽ ഔട്ട്ലറ്റുകൾക്ക് നിർദ്ദേശം നൽകിയത്. 2025 മുതൽ അവശ്യസാധനങ്ങളുടെ വില വർധിപ്പിക്കണമെങ്കിൽ ചുരുങ്ങിയത് ആറ് മാസത്തെ ഇടവേളയുണ്ടാവണം. വില പ്രദർശിപ്പിക്കണമെന്നും നിർദ്ദേശമുണ്ടായിരുന്നു. 2025 മാർച്ച് 1 മുതലാണ് യുഎഇയിൽ റമദാൻ മാസം ആരംഭിക്കുക.
Also Read: Ramadan In UAE: ഈന്തപ്പഴം ഇപ്പോൾ വില 10 ദിർഹം; വൈകിയാൽ പണം കൂടുതൽ മുടക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ്
യുഎഇയിലെ റമദാൻ
കൂടുതൽ ഒഴിവ് ദിനങ്ങളും കുറഞ്ഞ ജോലിസമയവുമടക്കമുള്ള നിരവധി ഇളവുകളാണ് റമദാൻ മാസത്തിൽ പൗരന്മാർക്ക് യുഎഇ സർക്കാർ നൽകുന്നത്. സർക്കാർ, സ്വകാര്യ ജോലിസമയങ്ങളൊക്കെ രണ്ട് മണിക്കൂർ കുറയും. സർക്കാർ ഓഫീസുകൾ നേരത്തെ അടയ്ക്കും. സ്വകാര്യ ഓഫീസുകളാവട്ടെ നിശ്ചിത ജോലിസമയത്തിൽ നിന്ന് ജീവനക്കാർക്ക് രണ്ട് മണിക്കൂർ ഇളവ് അനുവദിക്കണം. എട്ട് മണിക്കൂർ ജോലിസമയം ആറ് മണിക്കൂറായാണ് ചുരുക്കുക. ഈ സമയത്ത് ജോലി ചെയ്യാൻ തൊഴിൽദാതാക്കൾ ആവശ്യപ്പെടരുത്. ആവശ്യപ്പെട്ടാൽ ജീവനക്കാർക്ക് അധികസമയത്തെ വേതനം നൽകണമെന്നതും നിർബന്ധമാണ്. ഇതിനൊപ്പം സ്കൂൾ സമയത്തിൽ മാറ്റമുണ്ടാവും. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പലതും അടച്ചിടും. മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ പഠനസമയത്തിൽ രണ്ട് മണിക്കൂർ ഇളവനുവദിക്കും.