Ramadan In UAE: ഈന്തപ്പഴം ഇപ്പോൾ വില 10 ദിർഹം; വൈകിയാൽ പണം കൂടുതൽ മുടക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ്
UAE Dates Price In Ramadan: റമദാൻ മാസത്തോടനുബന്ധിച്ച് യുഎഇയിൽ ഈന്തപ്പഴ വിപണി ഉണർന്നു. നിലവിൽ കിലോയ്ക്ക് 10 ദിർഹം മുതൽ ലഭ്യമാവുന്ന ഈന്തപ്പഴത്തിന് വൈകാതെ വിലവർധിക്കുമെന്നാണ് മുന്നറിയിപ്പ്.

റമദാൻ മാസത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്ന യുഎഇയിൽ ഈന്തപ്പഴ വിപണി ഉണർന്നു. റമദാനിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷ്യവിഭവങ്ങളിലൊന്നായ ഈന്തപ്പഴത്തിന് ഇപ്പോൾ വില കുറവാണ്. കിലോയ്ക്ക് 10 ദിർഹം മുതലാണ് ഈന്തപ്പഴത്തിൻ്റെ വില ആരംഭിക്കുന്നത്. ഫെബ്രുവരി 25ഓടെ ഈന്തപ്പഴത്തിൻ്റെ വില വർധിക്കുമെന്നും വൈകാതെ വാങ്ങി സ്റ്റോക്ക് ചെയ്യുന്നതാണ് നല്ലതെന്നും കച്ചവടക്കാർ പറയുന്നു. മാർച്ച് ഒന്നിനാവും യുഎഇയിൽ റമദാൻ ആരംഭിക്കുക.
റമദാന് ദിവസങ്ങൾ മാത്രം ശേഷിക്കെ വ്യത്യസ്തമായ ഈന്തപ്പഴങ്ങളാണ് യുഎഇയിലെ കച്ചവടക്കാർ സ്റ്റോക്ക് ചെയ്യുന്നത്. റമദാൻ അടുക്കുമ്പോൾ ഈന്തപ്പഴത്തിന് ആവശ്യക്കാർ കൂടുമെന്നിരിക്കെ ആ സമയത്ത് വിലവർധിക്കും. ഫെബ്രുവരി 25 വരെയെങ്കിലും വില ഇങ്ങനെ തന്നെ തുടരുമെന്നാണ് കച്ചവടക്കാർ പറയുന്നത്. അതിന് ശേഷം വില വർധിച്ചേക്കും.
മബ്രൂം ഈന്തപ്പഴത്തിന് നിലവിൽ കിലോയ്ക്ക് 10 മുതൽ 30 ദിർഹം വരെയാണ് വില. സൗദി അറേബ്യ, ജോർദാൻ, പലസ്തീൻ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നെത്തുന്ന മെജ്ദൂൽ ഈന്തപ്പഴത്തിന് 20 മുതൽ 40 ദിർഹം വരെ നൽകണം. ഈ ഈന്തപ്പഴത്തിന് പൊതുവെ ആവശ്യക്കാർ ഏറെയാണ്. സഫാരി ഈന്തപ്പഴം കിലോയ്ക്ക് 20 ദിർഹമിനും കാഴ്ചയിൽ വലിപ്പമുള്ള ആംബർ ഈന്തപ്പഴം കിലോയ്ക്ക് 35 ദിർഹമിനും ലഭിക്കും. മാധുര്യമേറിയ സുക്കാരി ഈന്തപ്പഴത്തിൻ്റെ വില 15 മുതൽ 25 ദിർഹം വരെയാണ്. ഈന്തപ്പഴങ്ങളിലെ പ്രമുഖൻ, മദീനയിൽ നിന്നുള്ള അജ്‌വ ഈന്തപ്പഴത്തിൻ്റെ വില 30 മുതൽ 50 ദിർഹം വരെയാണ്. സഗായ് ഈന്തപ്പഴത്തിന് 20 ദിർഹം വരെ വില നൽകണം.




കൂടുതൽ ഒഴിവ് ദിനങ്ങളും കുറഞ്ഞ ജോലിസമയവുമടക്കം നിരവധി ഇളവുകളാണ് റമദാൻ മാസത്തിൽ യുഎഇ ജനതയ്ക്ക് ലഭിക്കുക. സർക്കാർ, സ്വകാര്യ ഓഫീസുകളിലൊക്കെ രണ്ട് മണിക്കൂർ കുറവായിരിക്കും ജോലിസമയം. ഈ സമയത്ത് ജോലി ചെയ്യാൻ ആവശ്യപ്പെട്ടാൻ ജീവനക്കാർക്ക് അധികസമയത്തെ വേതനം നൽകണമെന്നത് നിർബന്ധമാണ്. ഇതിനൊപ്പം സ്കൂൾ സമയത്തിലെ മാറ്റം, സൗജന്യ പാർക്കിങ്, വിലക്കിഴിവ് തുടങ്ങിയ മറ്റ് നേട്ടങ്ങളും റമദാൻ മാസത്തിൽ ആളുകൾക്ക് ലഭിക്കും.
സർക്കാർ ഓഫീസുകൾ രണ്ട് മണിക്കൂർ നേരത്തെ അടയ്ക്കും. സർക്കാർ ഓഫീസുകളിലെ എട്ട് മണിക്കൂർ ജോലിസമയം ആറ് മണിക്കൂറായാണ് ചുരുക്കുക. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പലതും പുണ്യമാസമായ റമദാനിൽ അടച്ചിടും. തുറന്ന് പ്രവർത്തിക്കുന്ന സ്കൂളുകളിൽ പഠനസമയം അഞ്ച് മണിക്കൂറായി ചുരുക്കും. പെയ്ഡ് പാർക്കിങ് സ്ഥലങ്ങളിൽ സൗജന്യ പാർക്കിങ് അനുവദിക്കുന്നതും റമദാനിലെ സവിശേഷതയാണ്.