Ramadan In UAE: റമദാനിലെ വെള്ളിയാഴ്ചകളിൽ സ്വകാര്യ സ്കൂൾ വിദ്യാർത്ഥികൾക്ക് വീട്ടിലിരുന്ന് പഠിക്കാം; നിർദ്ദേശവുമായി അധികൃതർ
Remote Learning For Students In Ramadan: റമദാനിലെ വെള്ളിയാഴ്ചകളിൽ യുഎഇയിലെ സ്വകാര്യ സ്കൂൾ വിദ്യാർത്ഥികൾക്ക് വീട്ടിലിരുന്ന് പഠിക്കാം. അജ്മാനിലും ദുബായിലുമാണ് ഇത്തരത്തിലുള്ള നിർദ്ദേശം പുറപ്പെടുവിച്ചത്.

റമദാനിലെ വെള്ളിയാഴ്ചകളിൽ സ്വകാര്യ സ്കൂൾ വിദ്യാർത്ഥികൾക്ക് വീട്ടിലിരുന്ന് പഠിക്കാമെന്ന നിർദ്ദേശവുമായി അധികൃതർ. യുഎഇ അജ്മാനിലെ സ്വകാര്യ സ്കൂൾ വിദ്യാർത്ഥികൾക്കാണ് റമദാൻ മാസത്തിലെ വെള്ളിയാഴ്ചകളിൽ റിമോട്ട് ലേണിങ് ഓപ്ഷൻ തിരഞ്ഞെടുക്കാനുള്ള അനുവാദമുള്ളത്. വിശുദ്ധമാസത്തിൽ കുടുംബാംഗങ്ങൾ തമ്മിലുള്ള ബന്ധം വർധിപ്പിക്കാനാണ് പുതിയ നിർദ്ദേശം കൊണ്ട് ശ്രമിക്കുന്നതെന്ന് എമിറേറ്റ് മീഡിയ ഓഫീസ് അറിയിച്ചു. മാർച്ച് ഒന്നിനാവും യുഎഇയിൽ റമദാൻ മാസം ആരംഭിക്കുക.
വെള്ളിയാഴ്ചകളിൽ വീട്ടിലിരുന്ന് പഠിക്കാൻ അനുവാദമുണ്ടെങ്കിലും അന്നേദിവസം പരീക്ഷകളുള്ള വിദ്യാർത്ഥികളെ ഇതിൽ നിന്ന് ഒഴിവാക്കും എന്ന് അജ്മാൻ സ്പെഷ്യൽ എജ്യുക്കേഷൻ അഫയേഴ്സ് എക്സിക്യൂട്ടിവ് ഡയറക്ടർ മഹ്മൂദ് ഖലീൽ അൽ ഹാഷ്മി പറഞ്ഞു. എല്ലാ പരീക്ഷകളും നേരിട്ടാവണം എഴുതേണ്ടത് എന്നാണ് നിയമം. അജ്‌മാൻ കിരീടാവകാശി ഷെയ്ഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമിയുടെ നിർദ്ദേശപ്രകാരമാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ ദുബായും ഇതേ തീരുമാനമെടുത്തിരുന്നു. റമദാനിലെ വെള്ളിയാഴ്ചകളിൽ വിദ്യാർത്ഥികൾക്ക് റിമോട്ട് ലേണിങ് തിരഞ്ഞെടുക്കാമെന്നായിരുന്നു നിർദ്ദേശം.




റമദാനിലെ ദുബായ് മെട്രോ
റമദാൻ മാസത്തിൽ വിവിധ മാറ്റങ്ങളാണ് യുഎഇയിലുണ്ടാവുക. ദുബായ് മെട്രോ, ട്രാം, സാലിക്, പാർക്കിങ് സമയം തുടങ്ങിയവയിൽ മാറ്റമുണ്ട്. യുഎഇ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചത് പ്രകാരം റമദാനിൽ ദുബായ് മെട്രോയും ട്രാമും അർദ്ധരാത്രി ഒരു മണി വരെ പ്രവർത്തിക്കും. തിങ്കൾ മുതൽ വ്യാഴം വരെയും ശനിയാഴ്ചകളിലും മെട്രോയിലെ റെഡ്, ഗ്രീൻ ലൈനുകൾ രാവിലെ അഞ്ച് മണി മുതൽ അർദ്ധരാത്രി 12 മണിവരെ പ്രവർത്തിക്കും. വെള്ളിയാഴ്ചകളിൽ അഞ്ച് മണി മുതൽ ഒരു മണി വരെയാണ് മെട്രോ പ്രവർത്തനസമയം. ഞായറാഴ്ചകളിലാവട്ടെ രാവിലെ എട്ട് മണി മുതൽ അർദ്ധരാത്രി 12 മണി വരെ ദുബായ് മെട്രോ പ്രവർത്തിക്കും. മെട്രോ ടൈമിങിനൊപ്പം ദുബായ് ട്രാം, സാലിക്, പാർക്കിങ് സമയങ്ങളിലും വ്യത്യാസമുണ്ട്. ട്രാം തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ രാവിലെ ആറ് മുതൽ അർദ്ധരാത്രി ഒരു മണി വരെയും ഞായറാഴ്ചകളിൽ രാവിലെ 9 മണി മുതൽ അർദ്ധരാത്രി ഒരു മണി വരെയും പ്രവർത്തിക്കും.