​Gaza Ceasefire: ഗാസയിൽ 15 മാസത്തെ യുദ്ധത്തിന് വിരാമം; വെടിനിർത്തൽ കരാർ ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ

Israel And Hamas Ceasefire In Gaza: തന്റെയും ട്രംപിന്റെയും ഒരുമിച്ചുള്ള ശ്രമങ്ങളാണ് വെടിനിർത്തലിലേക്ക് നയിച്ചതെന്ന് സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കി. ഗാസയിലെ ജനങ്ങളുടെ ധീരതയുടെ വിജയമാണിതെന്ന് ഹമാസ് പ്രതികരിച്ചു.

​Gaza Ceasefire: ഗാസയിൽ 15 മാസത്തെ യുദ്ധത്തിന് വിരാമം; വെടിനിർത്തൽ കരാർ ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ

Representational Image

Updated On: 

16 Jan 2025 07:30 AM

ജറൂസലേം: ​15 മാസം നീണ്ടു നിന്ന ഗാസ യുദ്ധത്തിന് വിരാമം ഇട്ടുകൊണ്ട് ഇസ്രായേലും ഹമാസും വെടിനിർത്തൽ കരാർ അംഗീകരിച്ചു. ദോഹയിൽ ഒരാഴ്ചയിലേറെ നീണ്ട ചർച്ചകൾക്കൊടുവിലാണ് തീരുമാനം. യുഎസിന്റെ നേതൃത്വത്തിലും ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയിലും നടന്ന ചർച്ചകളാണ് ഇപ്പോൾ വിജയം കണ്ടത്. ഇതോടെ, ഞായറാഴ്ച മുതൽ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വരുമെന്ന് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽത്താനി വ്യക്തമാക്കി.

ഇസ്രയേലിന്റെ യുദ്ധകാല കാബിനറ്റ് ഇന്ന് വെടിനിർത്തൽ കരാറിന് അന്തിമ അംഗീകാരം നൽകുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. ഡൊണാൾഡ് ട്രംപ് പ്രസിഡന്റായി സ്ഥാനമേൽക്കുന്ന ദിനമായ ജനുവരി 20ന് മുൻപ് വെടിനിർത്തൽ പ്രഖ്യാപനം നടത്താൻ യുഎസ് സമ്മർദ്ദം ചെലുത്തിയിരുന്നു. അതേസമയം, തന്റെയും ട്രംപിന്റെയും ഒരുമിച്ചുള്ള ശ്രമങ്ങളാണ് വെടിനിർത്തലിലേക്ക് നയിച്ചതെന്ന് സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ജോ ബൈഡനും വ്യക്തമാക്കി. ഗാസയിലെ ജനങ്ങളുടെ ധീരതയുടെ വിജയമാണിതെന്ന് ഹമാസ് പ്രതികരിച്ചു. വെടിനിർത്തൽ പ്രഖ്യാപനം വന്നതോടെ ഗാസയിൽ ഉടനീളം ജനങ്ങൾ ആഹ്ലാദ പ്രകടനം നടത്തി.

ഗാസ – ഈജിപ്ത് അതിർത്തിയിലെ ഫിലാഡൽഫിയ ഇടനാഴിയിൽ സൈന്യം തുടരുമെന്ന് ഇസ്രായേൽ സ്വീകരിച്ച നിലപാടിനെ ഹമാസ് എതിർത്തതോടെ ചർച്ചകൾ തടസ്സപ്പെട്ടിരുന്നു. പിന്നാലെ ഖത്തർ പ്രധാനമന്ത്രി ഇരുപക്ഷവുമായി വെവ്വേറെ നടത്തിയ അവസാനഘട്ട ചർച്ചകളിലാണ് ധാരണയായത്. ചർച്ചയിൽ ഫിലാഡൽഫിയ ഇടനാഴിയിൽ സൈനിക സാന്നിധ്യം കുറച്ചു കൊണ്ടുവരാൻ ധാരണയായി.

ALSO READ: ഗാസയിൽ വെടിനിർത്തലിന് ധാരണ: കരാർ അം​ഗീകരിച്ച് ഇസ്രയേലും ഹമാസും

കരാർ പ്രകാരം 42 ദിവസം നീളുന്ന ആദ്യ ഘട്ടത്തിന്റെ തുടക്കത്തിൽ ഹമാസിന്റെ ബന്ദികളായ 100 പേരിൽ 33 പേരെ മോചിപ്പിക്കും. ഇതിന് പകരമായി ഇസ്രായേൽ ജയിലിലുള്ള നൂറിലേറെ പലസ്തീൻകാരെ വിട്ടയയ്ക്കും. കൂടാതെ, ഗാസയിലെ ജനവാസ മേഖലകളിൽ നിന്ന് ഇസ്രായേൽ സൈന്യം പിന്മാറും. ആദ്യഘട്ടം അവൻസാനിക്കുന്നതിന് മുൻപ് തന്നെ രണ്ടാം ഘട്ടത്തിനുള്ള ചർച്ചകൾ ആരംഭിക്കും.

2023 ഒക്ടോബർ ഏഴിലെ ഹമാസ് കടന്നാക്രമണത്തെ തുടർന്നാണ് യുദ്ധത്തിന് തുടക്കമായത്. ആക്രമണത്തിൽ 1200 ഓളം പേർ കൊല്ലപ്പെടുകയും, 250 പേരെ ഹമാസ് ബന്ദികളാക്കുകയും ചെയ്തു. നവംബറിലെ ഹ്രസ്വകാല വെടിനിർത്തലയിൽ ഇതിൽ പകുതിയോളം പേരെ ഹമാസ് വിട്ടയച്ചിരുന്നു. അതേസമയം, യുദ്ധത്തിൽ ഗാസയുടെ ഭൂരിഭാഗം പ്രദേശവും തകർന്നടിഞ്ഞു. 23 ലക്ഷം പലസ്തീൻകാരിൽ ഏകദേശം 90 ശതമാനവും അഭയാർഥികളായി മാറി.

പ്രമേഹ രോഗികൾക്ക് മാതളനാരങ്ങ കഴിക്കാമോ?
സഞ്ജു ഔട്ട്, പന്ത് ഇൻ; ചാമ്പ്യൻസ് ട്രോഫി ടീം സാധ്യത
ഈ കഴിച്ചത് ഒന്നുമല്ല! ഇതാണ് ലോകത്തിലെ ഏറ്റവും രുചിയേറിയ കരിമീൻ
കൂട്ടുകാരിയുടെ വിവാഹം ആഘോഷമാക്കി സാനിയ അയ്യപ്പന്‍