Qatar Grace Period: ഖത്തർ പ്രവാസികൾക്ക് ആശ്വാസം; പൊതുമാപ്പ് പ്രഖ്യാപിച്ചു, നിയമ ലംഘകർക്ക് നാട്ടിലേക്ക് മടങ്ങാം
Qatar Three Months Grace Period: ഖത്തറിൻ്റെ ഈ പ്രത്യേക ഇളവ് ഫെബ്രുവരി ഒമ്പത് മുതലാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് അടുത്ത മൂന്ന് മാസത്തേക്ക് തുടരും. നാട്ടിലെത്താൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സമീപിക്കാവുന്നതാണ്.

ദോഹ: പ്രവാസികൾക്ക് ആശ്വാസം വാർത്തയുമായി ഖത്തർ. രാജ്യത്ത് നിയമം ലംഘിച്ച് കഴിയുന്ന പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങാൻ സുവർണാവസരം. ഇവർക്കായി ഖത്തർ ആഭ്യന്തര മന്ത്രാലയം മൂന്ന് മാസത്തെ ഗ്രേസ് പിരീഡ് പ്രഖ്യാപിച്ചു. വിസാ നിയമം, താമസ നിയമം എന്നിവ ലംഘിച്ച് ഖത്തറിൽ കഴിയുന്ന പ്രവാസികൾക്കാണ് ഈ അവസരത്തിലൂടെ നാട്ടിലെത്താൻ കഴിയുന്നത്. 2015ലെ നിയമം അടിസ്ഥാനപ്പെടുത്തിയാണ് ആഭ്യന്തര മന്ത്രാലയം ഇപ്പോൾ ഇങ്ങനൊരു നീക്കം നടത്തുന്നത്.
റെസിഡൻസിയുമായി ബന്ധപ്പെട്ട നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചവർക്കോ എൻട്രി വിസ പ്രകാരം രാജ്യത്ത് അംഗീകൃത കാലയളവ് കഴിഞ്ഞിട്ടും തുടരുന്നവർക്കും ഇത് ബാധകമാണെന്ന് മന്ത്രാലയം അറിയിച്ചു. ഖത്തറിൻ്റെ ഈ പ്രത്യേക ഇളവ് ഫെബ്രുവരി ഒമ്പത് മുതലാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് അടുത്ത മൂന്ന് മാസത്തേക്ക് തുടരും. നാട്ടിലെത്താൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സമീപിക്കാവുന്നതാണ്.
കൂടാതെ സാൽവ റോഡിലെ സെർച്ച് ആന്റ് ഫോളോ അപ്പ് ഡിപ്പാർട്ട്‌മെന്റിനെയും സമീപിക്കാവുന്നതാണ്. പ്രവൃത്തി ദിവസങ്ങളിൽ ഉച്ചയ്ക്ക് ഒരു മണി മുതൽ രാത്രി ഒമ്പത് മണി വരെ ഇതിനുള്ള സൗകര്യമുണ്ട്. സമയപരിധി അവസാനിക്കുന്നതിന് മുമ്പ് ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് എല്ലാ ബാധിത വ്യക്തികളോടും അധികാരികൾ അഭ്യർത്ഥിച്ചു.
റമദാനിൽ ഉംറ നിർവഹിക്കാൻ ആഗ്രഹമുണ്ടോ?
പുണ്യമാസമായ റമദാനിൽ വിശ്വാസികൾ വ്യാപകമായി ഉംറ നിർവഹിക്കാൻ സൗദി അറേബ്യയിലെ മക്കയിലെത്താറുണ്ട്. നിർബന്ധ വാക്സിൻ അടക്കമുള്ള ആരോഗ്യ മുൻകരുതലുകളെടുത്തേ ഉംറ നിർവഹിക്കാൻ അനുവാദമുള്ളൂ. ഉംറയ്ക്കായി പുറപ്പെടുന്നതിന് 10 ദിവസങ്ങൾക്ക് മുൻപാണ് വാക്സിൻ എടുക്കേണ്ടത്. എങ്കിലേ ഉംറയുടെ സമയത്ത് രോഗപ്രതിരോധ ലഭിക്കുകയുള്ളൂ.
വൈറസുകൾ മൂലമുണ്ടാവുന്ന പകർച്ചവ്യാധികൾക്കെതിരെയാണ് ഇത്തരമൊരു നടപടി. യുഎഇയിൽ നിന്ന് ഉംറയ്ക്കെത്തുന്നവർക്ക് എമിറേറ്റ്സ് ഹെൽത്ത് സർവീസസിൻ്റെ (ഇഎച്ച്എസ്) ജനറൽ ഹെൽത്ത് സെൻ്ററുകളിൽ നിന്ന് വാക്സിനെടുക്കാം. 50 ദിർഹമാണ് വാക്സിൻ്റെ ചിലവ്. വാക്സിൻ കാർഡിന് 20 ദിർഹം നൽകേണ്ടിവരും. ഇഎച്ച്എസ് വെബ്സൈറ്റിൽ നിന്ന് വാക്സിനേഷനുള്ള അപ്പോയിന്മെൻ്റ് എടുക്കാനാവും.