Myna Birds Qatar: മൈനകളെ പേടിച്ച് ഖത്തർ; പക്ഷികളെ നിയന്ത്രിക്കാൻ വമ്പൻ പദ്ധതി, ഇതുവരെ പിടികൂടിയത് 28000
Control Myna Birds In Qatar: ഖത്തറിലേക്ക് കുടിയേറി വന്ന പക്ഷികളാണ് മൈനകൾ. ഇതിന് പിന്നാലെ അവയുടെ എണ്ണം ഗണ്യമായി വർദ്ധിക്കുകയായിരുന്നു. പിന്നാലെ ഇവയെ പിടികൂടാനും വംശവർധന തടയാനും മന്ത്രാലയം തീരുമാനമെടുത്തത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 9934 മൈനകളെ പിടികൂടിയതായാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

ദോഹ: മൈനകളുടെ എണ്ണം വർധിച്ചതിന് പിന്നാലെ നിയന്ത്രിക്കാനുള്ള നടപടിയുമായി പരിസ്ഥിതി മന്ത്രാലയം. പാരിസ്ഥിതിക സന്തുലനത്തിന്റെ ഭാഗമായാണ് മൈനകളുടെ എണ്ണം നിയന്ത്രിക്കാൻ ഖത്തർ ഒരുങ്ങുന്നത്. ഇതിനായി വിപുലമായ പദ്ധതിയാണ് നടപ്പിലാക്കുന്നത്. ഇതിൻ്റെ ഭാഗമായി കഴിഞ്ഞ മൂന്ന് മാസത്തിനിടെ പതിനായിരത്തോളം മൈനകളെയാണ് രാജ്യത്ത് നിന്ന് പിടികൂടിയത്.
ഖത്തറിലേക്ക് കുടിയേറി വന്ന പക്ഷികളാണ് മൈനകൾ. ഇതിന് പിന്നാലെ അവയുടെ എണ്ണം ഗണ്യമായി വർദ്ധിക്കുകയായിരുന്നു. പിന്നാലെ ഇവയെ പിടികൂടാനും വംശവർധന തടയാനും മന്ത്രാലയം തീരുമാനമെടുത്തത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 9934 മൈനകളെ പിടികൂടിയതായാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്. പുതിയ പദ്ധതി നടപ്പാക്കിയതിന് ശേഷം 28000ത്തോളം എണ്ണത്തെയും പിടികൂടിയിട്ടുണ്ട്.
മനുഷ്യർക്ക് പ്രയാസമൊന്നും ഇവ സൃഷ്ടിക്കുന്നില്ലെങ്കിലും പ്രാദേശിക കാർഷിക മേഖലകൾക്കും, മറ്റ് പക്ഷികൾക്കും ഇവയെകൊണ്ട് ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്നാണ് കണ്ടെത്തൽ. അതിനാലാണ് ഇത്തരം നടപടിയുമായി രാജ്യം മുന്നോട്ട് പോകുന്നത്. ഇതുമൂലം പാരിസ്ഥിതിക സന്തുലിതാവസ്ഥയെ കാര്യമായി ബാധിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
പ്രാദേശിക ആവാസവ്യവസ്ഥയെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 2009ലെ മാർക്കുലയുടെ പഠനമനുസരിച്ച് മൈനകൾ ഏവിയൻ ഇൻഫ്ലുവൻസ, മലേറിയ തുടങ്ങിയ രോഗങ്ങളുടെ വാഹകരാണെന്നാണ് കണ്ടെത്തൽ. ഇക്കാരണത്താൽ ചില പ്രാദേശിക പക്ഷി ഇനങ്ങൾക്ക് ഇവയുടെ വർദ്ധനവ് വെല്ലുവിളിയായേക്കാം.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കൂടുകൾ സ്ഥാപിച്ചുകൊണ്ടാണ് പദ്ധതിയുടെ ഭാഗമായി മൈനകളെ പിടികൂടുന്നത്. ഇതിനായി വ്യാപകമായി കൂടുകൾ വിതരണം ചെയ്യുന്നുമുണ്ട്. ഇപ്പോൾ കൂടുതൽ മൈനകളെ കൂട്ടിലടക്കാനുള്ള ശ്രമത്തിലാണ് ഖത്തർ പരിസ്ഥിതി മന്ത്രാലയം. ഇതുവഴി രാജ്യം നേരിടുന്ന മൈന എന്ന ചെറിയ പക്ഷിയിൽ നിന്നുള്ള ഭീഷണി തടയാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.