US Education Department: യുഎസ് വിദ്യാഭ്യാസ വകുപ്പ് അടച്ചുപൂട്ടാനുള്ള ഉത്തരവില്‍ ഒപ്പുവെച്ച് ട്രംപ്
Trump Signs Order To Shut Down US Education Department: മറ്റേതൊരു രാജ്യത്തേക്കാളും കൂടുതല്‍ വിദ്യാഭ്യാസത്തിനായി യുഎസ് പണം ചെലവഴിക്കുന്നു. എന്നിട്ടും വിദ്യാര്‍ഥികള്‍ വിജയത്തിന്റെ കാര്യത്തില്‍ ഏറ്റവും താഴെയാണെന്നും ട്രംപ് പറഞ്ഞു. വിദ്യാഭ്യാസ നയം നടപ്പിലാക്കേണ്ടത് സംസ്ഥാനങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാഷിങ്ടണ്‍: യുഎസ് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് അടച്ചുപൂട്ടാനുള്ള ഉത്തരവില്‍ ഒപ്പുവെച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പൊതു വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ പൂര്‍ണ ചുമതല സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നതിനായാണ് പുതിയ നടപടി. കേന്ദ്ര വിദ്യാഭ്യാസ വകുപ്പുകൊണ്ട് യാതൊരുവിധ പ്രയോജനവുമില്ലെന്ന് എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവെച്ചുകൊണ്ട് ട്രംപ് പറഞ്ഞു.
മറ്റേതൊരു രാജ്യത്തേക്കാളും കൂടുതല്‍ വിദ്യാഭ്യാസത്തിനായി യുഎസ് പണം ചെലവഴിക്കുന്നു. എന്നിട്ടും വിദ്യാര്‍ഥികള്‍ വിജയത്തിന്റെ കാര്യത്തില്‍ ഏറ്റവും താഴെയാണെന്നും ട്രംപ് പറഞ്ഞു. വിദ്യാഭ്യാസ നയം നടപ്പിലാക്കേണ്ടത് സംസ്ഥാനങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ വിദ്യാഭ്യാസ വകുപ്പ് അടച്ചുപൂട്ടല്‍ ട്രംപിന് അതിവേഗം സാധിക്കുന്ന ഒന്നല്ല. അതിനായി യുഎസ് കോണ്‍ഗ്രസ് അനുമതി നല്‍കണം. പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ ഏഴ് അംഗങ്ങളുടെ പിന്തുണയും അനിവാര്യമാണ്.




ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് സെനറ്റില്‍ 53-47 ഭൂരിപക്ഷമാണുള്ളത്. എന്നാല്‍ കാബിനറ്റ് തലത്തിലുള്ള ഒരു ഏജന്‍സിയെ നിര്‍ത്തലാക്കുന്നത് പോലുള്ള പ്രധാന നിയമനിര്‍മാണങ്ങള്‍ക്ക് 60 വോട്ടുകള്‍ വേണം. നിയമനിര്‍മാണത്തിലൂടെ മാത്രമേ ഏജന്‍സി അടച്ചുപൂട്ടുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളിലേക്ക് ട്രംപിന് കടക്കാന്‍ സാധിക്കൂ.
നിലവില്‍ പ്രൈമറി, സെക്കന്‍ഡറി സ്‌കൂളുകളുടെ 13 ശതമാനം ഫണ്ടിങ് നടത്തുന്നത് യുഎസ് കേന്ദ്ര വിദ്യാഭ്യാസ വകുപ്പാണ്. ട്രംപ് എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവെച്ചതോടെ നിലവില്‍ നല്‍കികൊണ്ടിരിക്കുന്ന സഹായം അവസാനിക്കും.
ട്രംപും ഇലോണ്‍ മസ്‌കും ചേര്‍ന്ന് കോണ്‍ഗ്രസിന്റെ അംഗീകാരമില്ലാതെ സര്‍ക്കാര്‍ പരിപാടികളും യുഎസ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്പ്‌മെന്റ് പോലുള്ള സ്ഥാപനങ്ങളും തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണങ്ങള്‍ക്കിടെയാണ് പുതിയ നീക്കം ഉണ്ടായിരിക്കുന്നത്.