Pope Francis Health Updates: ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; വൃക്കകൾക്കും തകരാർ സംഭവിച്ചതായി റിപ്പോർട്ട്
Pope Francis Remains in Critical Condition : ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കു പുറമെ വൃക്കകൾക്കും തകരാർ സംഭവിച്ചുവെന്നാണ് മെഡിക്കൽ റിപ്പോർട്ടിലുള്ളത്. രക്തപരിശോധനയിലാണ് വൃക്ക തകരാറിന്റെ ലക്ഷണങ്ങൾ നേരിയ തോതിൽ കാണിച്ചത്.

വത്തിക്കാൻ സിറ്റി: ഈ മാസം 14ന് കടുത്ത ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്ന് വത്തിക്കാൻ. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കു പുറമെ വൃക്കകൾക്കും തകരാർ സംഭവിച്ചുവെന്നാണ് മെഡിക്കൽ റിപ്പോർട്ടിലുള്ളത്. രക്തപരിശോധനയിലാണ് വൃക്ക തകരാറിന്റെ ലക്ഷണങ്ങൾ നേരിയ തോതിൽ കാണിച്ചത്. എന്നാൽ നിലവിൽ സ്ഥിതി നിയന്ത്രണവിധേയമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
മാർപാപ്പ ബോധവാനാണെന്നും ശ്വാസകോശ അണുബാധയുള്ളതിനാലും രക്തം നൽകിയതിനാലും ഉയർന്ന അളവിൽ ഓക്സിജൻ കൊടുക്കുന്നുണ്ടെന്നും വത്തിക്കാൻ അറിയിച്ചു. ഇരു ശ്വാസകോശത്തിലും കടുത്ത ന്യൂമോണിയ ബാധിച്ച പോപ്പിന് ആന്റിബയോട്ടിക് ചികിത്സ തുടരുകയാണ്.അതേസമയം ചികിത്സയിൽ കഴിയുന്നതിനിടെ ലോകത്തിന് നന്ദിയറിയിച്ച് മാർപാപ്പ കുറിപ്പ് പങ്കുവച്ചിരുന്നു. ലഭിക്കുന്ന സനേഹത്തിനും പ്രാർത്ഥനകൾക്കും നന്ദി അറിയിക്കുന്നുവെന്നും എക്സിൽ പങ്കുവച്ച കുറിപ്പിൽ അദ്ദേഹം പറഞ്ഞു.
Also Read:ഫ്രാൻസിസ് മാർപാപ്പയുടെ നില അതീവ ഗുരുതരം
കഴിഞ്ഞ പത്ത് ദിവസമായി 88 വയസ്സുകാരനായ മാർപാപ്പ റോമിലെ ജമേലി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയിൽ അദ്ദേഹത്തിന്റെ രണ്ട് ശ്വാസകോശങ്ങളിലും ന്യൂമോണിയ ബാധിച്ചതായി സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ആരോഗ്യനില കൂടുതൽ സങ്കീർണമായിരുന്നു. എന്നാൽ ഇത് പിന്നീട് മാറുകയായിരുന്നു. ശ്വാസകോശ അണുബാധ കുറഞ്ഞുവെന്നും സഹപ്രവർത്തകരുമായി പോപ്പ് സംസാരിച്ചെന്നും വത്തിക്കാൻ അറിയിച്ചിരുന്നു. പക്ഷേ കഴിഞ്ഞ ദിവസം ആശുപത്രി അധികൃതർ നടത്തിയ വാർത്ത സമ്മേളനത്തിൽ അദ്ദേഹത്തിന്റെ ആരോഗ്യനില വീണ്ടും മോശമായതായി പുറത്തുവന്നു.
അപകടനില പൂർണമായും തരണം ചെയ്തിട്ടില്ലെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ പറഞ്ഞിരുന്നു. മാര്‍പാപ്പയ്ക്ക് ആസ്ത്മയുടെ ഭാഗമായ ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉയര്‍ന്ന അളവിൽ ഓക്സിജൻ നൽകുന്നുവെന്നും. ഇതിനു പുറമെ രക്തത്തിൽ പ്ലേറ്റ്ലെറ്റിന്റെ അളവ് കുറവാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് വിളർച്ചയും സ്ഥിരീകരിച്ചു. ഇതിനു പ്രതിവിധിയായി രക്തം നൽകിയതായും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.