Pope Francis: അവസാന സന്ദേശവും യുദ്ധത്തിനെതിരേ, ആവശ്യപ്പെട്ടത് ഗാസയിൽ അടിയന്തര വെടിനിർത്തൽ; കാരുണ്യത്തിൻ്റെ മറുപേരായി മാർപാപ്പ
Pope Francis Last Easter Message: എക്കാലത്തും ലോകത്തിൻ്റെ സമാധാനത്തിനും വേദനിക്കുന്ന ഹൃദയങ്ങൾക്കും നിരാലംബർക്കുവേണ്ടി നിന്നിട്ടുള്ള പാപ്പ തന്റെ അവസാന പ്രസംഗത്തിലും ആഗ്രഹിച്ചത് ലോകത്തിൻ്റെ സമാധാനമായിരുന്നു. ഗാസയിലെ ആസ്വസ്ഥതകൾക്കൊരു അവസാനമാണ് അദ്ദേഹം ആഗ്രഹിച്ചത്.

സഭയ്ക്ക് അകത്തും പുറത്തും ഒരുപോല പ്രിയപ്പെട്ട കാരുണ്യത്തിൻ്റെ മറുപേരായ വലിയ നല്ലിടയൻ ഫ്രാൻസിസ് മാർപ്പാപ്പ ഇന്ന് ലോകത്തോട് വിടപറഞ്ഞിരിക്കുകയാണ്. എക്കാലത്തും ലോകത്തിൻ്റെ സമാധാനത്തിനും വേദനിക്കുന്ന ഹൃദയങ്ങൾക്കും നിരാലംബർക്കുവേണ്ടി നിന്നിട്ടുള്ള പാപ്പ തന്റെ അവസാന പ്രസംഗത്തിലും ആഗ്രഹിച്ചത് ലോകത്തിൻ്റെ സമാധാനമായിരുന്നു. ഗാസയിലെ ആസ്വസ്ഥതകൾക്കൊരു അവസാനമാണ് അദ്ദേഹം ആഗ്രഹിച്ചത്. അവസാന പ്രസംഗത്തിൽ ഗാസയിൽ അടിയന്തര വെടിനിർത്തൽ വേണമെന്ന് മാർപ്പാപ്പ സന്ദേശം നൽകി.
അതായിരുന്നു ഈസ്റ്റർ ദിനത്തിൽ ഫ്രാൻസിസ് മാർപാപ്പ ലോകത്തിനും ജനങ്ങൾക്കും നൽകിയ അവസാന സന്ദേശം. ഉക്രെയ്ൻ യുദ്ധത്തിൽ ഉൾപ്പെട്ട എല്ലാ കക്ഷികളോടും “നീതിയും ശാശ്വതവുമായ സമാധാനം കൈവരിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്താനും” അദ്ദേഹം ആഹ്വാനം ചെയ്തു. പാലസ്തീൻ ജനതയോട് ശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
കടുത്ത ന്യുമോണിയയെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മാർപാപ്പ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ പ്രധാന ബാൽക്കണിയിൽ വീൽച്ചെയറിൽ എത്തി ജനങ്ങൾക്ക് ഈസ്റ്റർ ദിന സന്ദേശം നൽകിയത്. ബാൽക്കണിയിൽ വിശ്വാസികൾക്കായി അദ്ദേഹം കുറച്ച് സമയം ചെലവിട്ടിരുന്നു. ആയിരക്കണക്കിന് വിശ്വാസികളാണ് ഞായറാഴ്ചത്തെ ഈസ്റ്റർ പ്രാർഥനയ്ക്കായി റോമിലെത്തിച്ചേർന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘർഷങ്ങൾ നടക്കുകയാണെന്നും അതിൽ നിരവധിപേർക്കാണ് ജീവഹാനിയുണ്ടാകുന്നതെന്നും ഇക്കാര്യത്തിൽ തനിക്ക് ആശങ്കയുണ്ടെന്നും സന്ദേശത്തിൽ മാർപ്പാപ്പ വ്യക്തമാക്കി. കൂടാതെ ഗാസയിൽ പട്ടിണി അനുഭവിക്കുന്ന ജനങ്ങളെ സഹായിക്കണമെന്നും കാര്യണ്യത്തിൻ്റെ ദിവ്യപ്രകാശമായ മാർപ്പാപ്പ പറഞ്ഞു. യുക്രൈൻ യുദ്ധത്തേയും അദ്ദേഹം ഈസ്റ്റർ സന്ദേശത്തിൽ പരാമർശിച്ചു.
വളരെ നാളുകളായി രോഗബാധയെ തുടർന്ന് അദ്ദേഹം ചികിത്സയിലായിരുന്നു. ഫെബ്രുവരിയിൽ രോഗം വഷളായതിനെ തുടർന്ന് റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതീവ ഗുരുതരാവസ്ഥയിൽ നിന്ന് തിരികെ ജീവിതത്തിലേക്ക് എത്തുകയായിരുന്നു. കടുത്ത ശ്വാസകോശ അണുബാധ അദ്ദേഹത്തെ ചെറുപ്പം മുതൽ അലട്ടിയിരുന്നു.