Pope Francis: ഫ്രാൻസിസ് മാർപ്പാപ്പ കാലം ചെയ്തു; മരണം 88ആം വയസിൽ
Pope Francis Demise: ഫ്രാൻസിസ് മാർപ്പാപ്പ കാലം ചെയ്തു. ഇക്കാര്യം വത്തിക്കാൻ അറിയിച്ചു. ശ്വാസകോശ അണുബാധയെത്തുടർന്ന് ഒരു മാസത്തിലധികം ചികിത്സയിൽ കഴിഞ്ഞ അദ്ദേഹം ഈയിടെ സുഖം പ്രാപിച്ച് വത്തിക്കാനിലേക്ക് മടങ്ങിയിരുന്നു.

ഫ്രാൻസിസ് മാർപ്പാപ്പ കാലം ചെയ്തു. ഏറെക്കാലമായി രോഗാവസ്ഥയിലായിരുന്ന അദ്ദേഹം 88ആം വയസിലാണ് മരണപ്പെടുന്നത്. മരണവിവരം വത്തിക്കാൻ തന്നെ അറിയിച്ചു. കത്തോലിക്കാ സഭയുടെ 266ആമത് തലവനാണ് ഫ്രാൻസിസ് മാർപ്പാപ്പ.
2013 മാർച്ച് 19 നാണ് അർജൻ്റീന സ്വദേശിയായ ജസ്വീറ്റ് കര്‍ദിനാള്‍ ജോര്‍ജ് മാരിയോ ബെര്‍ഗോളിയോ ഫ്രാൻസിസ് മാർപാപ്പയായി സ്ഥാനമേൽക്കുന്നത്. വിശുദ്ധ ഫ്രാൻസീസ് അസീസിയോടുള്ള ബഹുമാനാർഥം അദ്ദേഹം ഫ്രാൻസിസ് എന്ന പേര് സ്വീകരിക്കുകയായിരുന്നു. ശ്വാസകോശ അണുബാധയെത്തുടർന്ന് ഒരു മാസത്തിലധികം റോമിലെ ജമേലി ആശുപത്രിയില്‍ ചികിത്സയിൽ കഴിഞ്ഞ അദ്ദേഹം സുഖം പ്രാപിച്ചിരുന്നു. മാർച്ച് 23 ഞായറാഴ്ച അദ്ദേഹം വിശ്വാസികളെ അഭിസംബോധന ചെയ്തു. കഴിഞ്ഞ ദിവസം അദ്ദേഹം ഈസ്റ്റർ ആശംസയും അറിയിച്ചു.
മാർച്ച് 23ന് ചികിത്സ നടത്തിയിരുന്ന റോമിലെ ജമേലി ആശുപത്രിയുടെ ജനാലക്കരികില്‍ നിന്ന് അദ്ദേഹം വിശ്വാസികളെ അഭിസംബോധന ചെയ്തു. നിരവധി വിശ്വാസികളാണ് അദ്ദേഹത്തെ കാണാൻ എത്തിയിരുന്നത്. തന്റെ ആരോഗ്യത്തിനായി പ്രാർഥിച്ച എല്ലാവർക്കും അദ്ദേഹം നന്ദിയർപ്പിച്ചു. ഇതിന് ശേഷം മാർപ്പാപ്പ വത്തിക്കാനിലേക്ക് മടങ്ങിയിരുന്നു.
ഫെബ്രുവരി 14നാണ് അദ്ദേഹത്തെ ബ്രോങ്കൈറ്റിസ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് നടത്തിയ പരിശോധനയിൽ ന്യുമോണിയ സ്ഥിരീകരിച്ചു. വൈകാതെ ആരോഗ്യനില വഷളായ അദ്ദേഹത്തെ വെൻ്റിലേറ്ററിലേക്ക് മാറ്റി. തുടർന്ന് അദ്ദേഹത്തിൻ്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടാവുകയായിരുന്നു.
രണ്ട് മാസത്തെ പൂർണ വിശ്രമം വേണമെന്നായിരുന്നു ഡോക്ടർമാരുടെ നിർദ്ദേശം. സംസാരശേഷി പൂർണമായി വീണ്ടെടുക്കാൻ വൈകുമെന്നും ഡോക്ടർമാർ പറഞ്ഞിരുന്നു. ആശുപത്രിയിൽ നിന്ന് മടങ്ങിയ അദ്ദേഹം വത്തിക്കാനിലെ ഔദ്യോഗിക വസതിയായ സാന്താ മാർത്തയിലേക്കാണ് പോയത്.
ഇറ്റലിയിൽ നിന്നു കുടിയേറിയ കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. 1282 വർഷത്തിനുശേഷം ആദ്യമായി യൂറോപ്പിനു പുറത്തുനിന്ന് പാപ്പ പദവിയിലെത്തിയ ആളാണ് ഫ്രാൻസിസ് മാർപ്പാപ്പ. ശാരീരിക അവശതകൾ മൂലം ബെനഡിക്ട് 16ാമൻ പാപ്പ രാജിവച്ചതിനെ തുടർന്നാണ് ഫ്രാൻസിസ് മാർപ്പാപ്പ ഈ സ്ഥാനത്തെത്തിയത്. അർജന്റീനക്കാരനായ ഇദ്ദേഹം മാർപ്പാപ്പ ആകുന്നതിന് മുൻപ് ബ്യൂണസ് അയേഴ്സ് രൂപതയുടെ തലവനായിരുന്നു.