Pope Francis: ‘എഴുന്നേറ്റിരുന്നു, സ്വന്തമായി ഭക്ഷണം കഴിച്ചു’; ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി
Pope Francis Health Updates: മാർപാപ്പ സ്വയം എഴുന്നേറ്റിരുന്ന് പ്രഭാതഭക്ഷണം കഴിച്ചതായി വത്തിക്കാൻ അറിയിച്ചു. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ സന്ദര്‍ശിച്ചു.

വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയെന്ന് റിപ്പോർട്ട്. ശ്വാസകോശ അണുബാധ കുറഞ്ഞുവെന്നും സഹപ്രവർത്തകരുമായി പോപ്പ് സംസാരിച്ചെന്നും വത്തിക്കാൻ അറിയിച്ചു. മാർപാപ്പ സ്വയം എഴുന്നേറ്റിരുന്ന് പ്രഭാതഭക്ഷണം കഴിച്ചതായി വത്തിക്കാൻ അറിയിച്ചു. യന്ത്രസഹായമില്ലാതെ ശ്വസിക്കാൻ സാധിക്കുന്നുണ്ടെന്നും രാത്രി നന്നായി ഉറങ്ങുകയും ചെയ്യുന്നുണ്ടെന്ന് വത്തിക്കാൻ അറിയിച്ചു. എല്ലാവരുടെയും പ്രാർഥനകൾക്കു നന്ദി അറിയിച്ചിട്ടുമുണ്ടെന്നും വത്തിക്കാൻ കൂട്ടിച്ചേർത്തു.
ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ സന്ദര്‍ശിച്ചു. സന്ദർശിച്ച മെലോനി ഇരുപത് മിനിറ്റോളം ആശുപത്രിയിൽ ചെലവഴിച്ചു. പോപ്പിനെ കണ്ട് സംസാരിച്ചുവെന്നും എത്രയും പെട്ടെന്ന് രോഗമുക്തിയുണ്ടാകട്ടെയെന്നും ജോര്‍ജിയ മെലോണി പറഞ്ഞു. മാർപാപ്പയുടെ ലാബ് പരിശോധനഫലത്തിലും പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.
Also Read:ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില കൂടുതൽ സങ്കീർണം; പ്രാർഥനയുമായി വിശ്വാസ ലോകം
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ശ്വാസതടസ്സത്തെ തുടർന്ന് മാർപാപ്പയെ റോമിലെ ജമേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 88 വയസുള്ള മാർപ്പാപ്പയ്ക്ക് കഴിഞ്ഞ ദിവസം രണ്ട് ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ചതായി വത്തിക്കാൻ അറിയിച്ചിരുന്നു. തുടർന്ന് മാര്‍പാപ്പയുടെ ആരോഗ്യനില കൂടുതൽ സങ്കീർണമാകുകയായിരുന്നു. തനിക്കുവേണ്ടി പ്രാർത്ഥിക്കണമെന്ന് മാർപാപ്പ അഭ്യാർഥിച്ചിരുന്നു. ഇന്നലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിലെത്തി അദ്ദേഹത്തിന്റെ രോഗസൗഖ്യത്തിനായി ആയിരങ്ങളാണ് പ്രാർഥിച്ചത്. അദ്ദേഹം പെട്ടെന്ന് ആശുപത്രി വാസം അവസാനിച്ച് തിരികെ എത്താൻ പ്രത്യേകം പ്രാർഥിക്കണമെന്ന് വിശ്വാസികളോട് സിറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ അഭ്യർഥിച്ചു.
അതേസമയം ഈയാഴ്ച നടത്താൻ ഇരുന്ന എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയതായാണ് വിവരം. ശനിയാഴ്ച നടത്താൻ ഇരുന്ന പൊതുപരിപാടിയും റദ്ദാക്കിയിട്ടുണ്ട്. ഞായറാഴ്ച കുർബാനയ്ക്കു മാർപാപ്പയ്ക്കു പകരം മുതിർന്ന കർദിനാൾ കാർമികനാകും.