Pope Francis’ Health Update: ചാപ്പലിലെ പ്രാര്‍ത്ഥനയിൽ പങ്കെടുത്തു; മാർപാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതി
Pope Francis' health is Improving after a Pneumonia Diagnosis: ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ കൂടുതൽ പുരോഗതിയെന്ന് വത്തിക്കാൻ. അദ്ദേഹം ആശുപത്രി ചാപ്പലിലെ പ്രാർഥനയിൽ പങ്കെടുത്തെന്നും ചില ഉത്തരവാദിത്തങ്ങൾ നിർവഹിച്ചെന്നും വത്തിക്കാൻ അറിയിച്ചു.

വത്തിക്കാൻ: ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫ്രാൻസിസ് മാർപാപ്പ(88)യുടെ ആരോഗ്യനിലയിൽ കൂടുതൽ പുരോഗതിയെന്ന് വത്തിക്കാൻ. അദ്ദേഹം ആശുപത്രി ചാപ്പലിലെ പ്രാർഥനയിൽ പങ്കെടുത്തെന്നും ചില ഉത്തരവാദിത്തങ്ങൾ നിർവഹിച്ചെന്നും വത്തിക്കാൻ അറിയിച്ചു.
കഴിഞ്ഞ ദിവസം വരെ മൂക്കിനുള്ളിലേക്ക് കടത്തിയ ട്യൂബിലൂടെയാണ് ഓക്സിജൻ നൽകിയത്. എന്നാൽ ഇന്നലെ ഇടയ്ക്ക് ഇത് മാറ്റിയിരുന്നുവെന്നാണ് റിപ്പോർട്ട്. വൃക്കയിൽ ചില പ്രശ്നങ്ങൾ കണ്ടെത്തിയതായി ഡോക്ടർമാർ അറിയിച്ചിരുന്നു. എന്നാൽ ആ ആശങ്ക വേണ്ടെന്നും ലാബ് പരിശോധനാ ഫലങ്ങളിലും പുരോഗതിയുണ്ടെന്നും അധികൃതർ അറിയിച്ചു. രാവിലെ കുർബാന സ്വീകരിക്കുകയും ഉച്ചയ്ക്ക് ശേഷം ജോലികൾ പുനരാരംഭിക്കുകയും ചെയ്തു. എന്നാൽ കുറച്ച് ദിവസം കൂടി ആശുപത്രിയിൽ തുടരേണ്ടിവരുമെന്നാണു മെഡിക്കൽ റിപ്പോർട്ടിലുള്ളത്.
Also Read:ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; വൃക്കകൾക്കും തകരാർ സംഭവിച്ചതായി റിപ്പോർട്ട്
ഈ മാസം 14ന് ആണ് ശ്വാസതടസ്സത്തെ തുടർന്ന് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 14 ദിവസമായി റോമിലെ ജമേലി ആശുപത്രിയിൽ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില കൂടുതൽ സങ്കീർണമായിരുന്നു. ആദ്യ പരിശോധനയിൽ രണ്ട് ശ്വാസകോശങ്ങളിലും ന്യൂമോണിയ ബാധിച്ചതായി സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഇത് പിന്നീട് മാറുന്ന സ്ഥിതിയായിരുന്നു. ശ്വാസകോശ അണുബാധ കുറഞ്ഞുവെന്നും സഹപ്രവർത്തകരുമായി പോപ്പ് സംസാരിച്ചെന്നും വത്തിക്കാൻ അറിയിച്ചിരുന്നു. പക്ഷേ പിന്നീട് വീണ്ടും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് അദ്ദേഹത്തിന് സ്ഥിരീകരിച്ചിത്.
ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കു പുറമെ വൃക്കകൾക്കും തകരാർ സംഭവിച്ചതായും മെഡിക്കൽ റിപ്പോർട്ട് പുറത്തുവന്നിരുന്നു. രക്തപരിശോധനയിലാണ് വൃക്ക തകരാറിന്റെ ലക്ഷണങ്ങൾ നേരിയ തോതിൽ കാണിച്ചത്. എന്നാൽ നിലവിൽ സ്ഥിതി നിയന്ത്രണവിധേയമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അതേസമയം ചികിത്സയിൽ കഴിയുന്ന മാർപാപ്പയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥനകൾ തുടരുകയാണ്. സെന്‍റ് പീറ്റേഴ്സ് ചത്വരത്തിൽ ജപമാലയർപ്പണം നടത്തി.