Pope Francis: ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില കൂടുതൽ സങ്കീർണം; പ്രാർഥനയുമായി വിശ്വാസ ലോകം
Pope Francis Hospitalized With Pneumonia: അഞ്ച് ദിവസമായി റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചികിത്സയിലാണ് 88 വയസ്സുകാരനായ അദ്ദേഹം. തനിക്കുവേണ്ടി പ്രാർത്ഥിക്കണമെന്ന് മാർപാപ്പ അഭ്യാർഥിച്ചു. ഇതോടെ ആയിരങ്ങളാണ് റോമിലെ ആശുപത്രിക്കു മുന്നിൽ പ്രാർഥനയുമായി.

വത്തിക്കാൻ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനില കൂടുതൽ സങ്കീർണം. മാർപാപ്പയുടെ രണ്ട് ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ചതായി വത്തിക്കാൻ അറിയിച്ചു. ബ്രോങ്കൈറ്റിസ് ബാധിച്ച് അഞ്ച് ദിവസമായി റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചികിത്സയിലാണ് 88 വയസ്സുകാരനായ അദ്ദേഹം. തനിക്കുവേണ്ടി പ്രാർത്ഥിക്കണമെന്ന് മാർപാപ്പ അഭ്യാർഥിച്ചു. ഇതോടെ ആയിരങ്ങളാണ് റോമിലെ ആശുപത്രിക്കു മുന്നിൽ പ്രാർഥനയുമായി.
ഇതിന്റെ ഭാഗമായി ഈയാഴ്ച നടത്താൻ ഇരുന്ന എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കി. ശനിയാഴ്ച നടത്താൻ ഇരുന്ന പൊതുപരിപാടിയും റദ്ദാക്കിയിട്ടുണ്ട്. കൂടുതൽ സങ്കീർണമായ അണുബാധയാണ് ഉണ്ടായിട്ടുള്ളതെന്നും കൂടുതൽ ദിവസം ആശുപത്രിയിൽ തുടരേണ്ടതായിട്ടുണ്ടെന്നും ഡോക്ടർമാർ പറഞ്ഞു. ഞായറാഴ്ച കുർബാനയ്ക്കു മാർപാപ്പയ്ക്കു പകരം മുതിർന്ന കർദിനാൾ കാർമികനാകും.
Also Read:മാർപാപ്പയുടെ ആരോഗ്യനില മോശമായി തുടരുന്നു; ആശുപത്രിവാസം നീളുമെന്ന് വത്തിക്കാൻ
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു മാർപാപ്പയെ റോമിലെ ജമേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ എക്സ-റേ പരിശോധനയിലാണ് ഗുരുതര ന്യുമോണിയ കണ്ടെത്തിയത്. ഇതിനു പിന്നാലെയാണ് പോളി മൈക്രോബയല്‍ അണുബാധയുണ്ടായത്.രണ്ടോ അതിലധികമോ സൂക്ഷ്മാണുക്കൾ മൂലമുണ്ടാകുന്ന അണുബാധയാണ് പോളിമൈക്രോബയൽ അണുബാധ. ഇതിനായുള്ള പ്രത്യേക തെറാപ്പി ചികിത്സയാണ് ഇപ്പോൾ നൽകുന്നതെന്നാണ് വത്തിക്കാൻ പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം പുരോഹിത പഠനത്തിനിടെ ജന്മനാടായ അർജന്റീനയിൽ വച്ച് മാർപാപ്പയുടെ ശ്വാസകോശത്തിന്റെ ഒരു ഭാഗം നീക്കം ചെയ്തിരുന്നു. പിന്നീട് 2023-ൽ രോഗബാധിതനായ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിച്ചപ്പോഴാണ് ന്യുമോണിയയാണെന്ന് കണ്ടെത്തിയത്. പിന്നീട് ജൂണിലും 2024 ഫെബ്രുവരിയിലും ആരോഗ്യ പരിശോധനയ്ക്കായി വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.