Pope Francis Funeral: ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ശുശ്രൂഷ ഇന്ന്; രാഷ്ട്രപതി പങ്കെടുക്കും
Pope Francis' funeral service: ഫ്രാൻസിസ് മാർപാപ്പയെ അവസാനമായി ഒരുനോക്ക് കാണാൻ ലോകമെമ്പാടും നിന്ന് വലിയ ജനപ്രവാഹമാണ് എത്തുന്നത്. മാർപാപ്പയ്ക്ക് അന്തിമോപചാരം അർപ്പിക്കാൻ, ഇന്ത്യയെ പ്രതിനിധീകരിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു വത്തിക്കാനിലെത്തി.

വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും. ഉച്ചയ്ക്ക് 1.30ന് സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ദിവ്യബലിയോടെ സംസ്കാര ശുശ്രൂഷ ആരംഭിക്കും. രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ത്യയെ പ്രതിനിധീകരിച്ച് ഇന്ന് നടക്കുന്ന കബറടക്ക ശുശ്രൂഷയിൽ പങ്കെടുക്കും.
സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ ചടങ്ങുകൾക്ക് ശേഷം സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്ക് ഭൗതിക ശരീരം തിരികെ കൊണ്ടുപോകും. സെന്റ് മേരി മേജർ ബസിക്കയിലാണ് സംസ്കാരം. ഫ്രാൻസിസ് മാർപാപ്പയെ അവസാനമായി ഒരുനോക്ക് കാണാൻ ലോകമെമ്പാടും നിന്ന് വലിയ ജനപ്രവാഹമാണ് എത്തുന്നത്.
മാർപാപ്പയ്ക്ക് അന്തിമോപചാരം അർപ്പിക്കാൻ, ഇന്ത്യയെ പ്രതിനിധീകരിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു വത്തിക്കാനിലെത്തി. കേരളത്തിൽ നിന്നും മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘവും വത്തിക്കാനിലെത്തിയിട്ടുണ്ട്. മാർപാപ്പയുടെ സംസ്കാരം നടക്കുന്ന സമയത്ത് ഇന്ത്യയിലും ദു:ഖാചരണമായിരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ALSO READ: ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമി ആരാകും? സാധ്യതയുള്ള സ്ഥാനാർത്ഥികൾ ഇവരൊക്കെ
ബ്രോങ്കൈറ്റിസ് ബാധയെ തുടർന്ന് വിശ്രമത്തിലായിരുന്ന ഫ്രാൻസിസ് മാർപാപ്പ ഏപ്രിൽ 21ന്,
88ാം വയസ്സിൽ കാലം ചെയ്തു. 11 വർഷം ആഗോള സഭയെ നയിച്ച ഇടയനാണ് വിടവാങ്ങിയത്. ഹോർഗെ മരിയോ ബെർഗോളിയോ എന്നാണ് ഫ്രാൻസിസ് മാർപാപ്പയുടെ യഥാർത്ഥ പേര്. ബ്യൂണസ് അയേഴ്സിൽ ഇറ്റലിയിൽ നിന്നു കുടിയേറിയ മരിയോ ജോസ് ബെഗോളിയോയുറ്റേയും മരിയ സിവോരിയയുടേയും അഞ്ചു മക്കളിൽ ഒരാളായി 1936ൽ ഡിസംബർ17നാണ് ബെർഗോളിയോ ജനിച്ചത്.
ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പ സ്ഥാനത്യാഗം ചെയ്തതിനെ തുടർന്ന് 2013 മാർച്ച് 19 ന് കത്തോലിക്കാസഭയുടെ 266-ാമത് പോപ്പായി ഫ്രാൻസിസ് മാർപാപ്പ സ്ഥാനമേറ്റു. ലാറ്റിനമേരിക്കയിൽ നിന്നും പോപ്പായ ആദ്യത്തെ വ്യക്തി, ക്രിസ്തീയ സന്യാസി സമൂഹമായ ഈശോസഭയിൽ നിന്നുള്ള ആദ്യത്തെ പോപ്പ് എന്നീ നിലകളിൽ അദ്ദേഹം ശ്രദ്ധേയനാണ്.
വിശുദ്ധ ഫ്രാൻസീസ് അസീസിയോടുള്ള ബഹുമാനാർത്ഥം ബെർഗോളിയോ എന്നതിന് പകരം ഫ്രാൻസിസ് എന്ന പേര് സ്വീകരിച്ചു. പോപ്പായി തിരഞ്ഞെടുക്കുന്നതിന് മുമ്പ് ബ്യൂണസ് അയേഴ്സ് രൂപതയുടെ തലവനായിരുന്നു അദ്ദേഹം.