Pope Francis: ‘പ്രാർഥനകൾക്ക് നന്ദി’; വിശ്വാസികളെ അഭിസംബോധന ചെയ്ത് മാർപാപ്പ
Pope Francis: റോമിലെ ജമേലി ആശുപത്രിയുടെ ജനാലക്കരികില്‍ നിന്ന് വിശ്വാസികളെ അഭിസംബോധന ചെയ്ത ശേഷം അദ്ദേഹം വത്തിക്കാനിലേക്ക് മടങ്ങി. തന്റെ ആരോഗ്യത്തിനായി പ്രാർഥിച്ച എല്ലാവർക്കും നന്ദിയർപ്പിച്ചു.

വത്തിക്കാൻ സിറ്റി: അഞ്ച് ആഴ്ചത്തെ ആശങ്കകൾക്ക് ഒടുവിൽ വിശ്വാസികളെ അഭിസംബോധന ചെയ്ത് ഫ്രാൻസിസ് മാർപാപ്പ. ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷം ഇതാദ്യമായാണ് അദ്ദേഹം വിശ്വാസികളെ കണ്ടത്. 2013 ൽ മാർപ്പാപ്പയായതിനുശേഷം ഇതാദ്യമായാണ് അദ്ദേഹം പൊതുവേദിയില്‍ നിന്ന് ഇത്രയുംനാള്‍ മാറിനില്‍ക്കുന്നത്.
റോമിലെ ജമേലി ആശുപത്രിയുടെ ജനാലക്കരികില്‍ നിന്ന് വിശ്വാസികളെ അഭിസംബോധന ചെയ്ത ശേഷം അദ്ദേഹം വത്തിക്കാനിലേക്ക് മടങ്ങി. തന്റെ ആരോഗ്യത്തിനായി പ്രാർഥിച്ച എല്ലാവർക്കും നന്ദിയർപ്പിച്ചു. മാർപാപ്പയെ കാണാൻ നിരവധി വിശ്വാസികളാണ് ആശുപത്രി പരിസരത്ത് തടിച്ച് കൂടിയത്. ‘ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ, പ്രാർഥിച്ച ഏവർക്കും നന്ദി’യെന്ന് സഹായി നൽകിയ മൈക്കിലൂടെ അദ്ദേഹം പറഞ്ഞു.
ഫെബ്രുവരി 14 നാണ് 88 കാരനായ ഫ്രാൻസിസ് മാർപാപ്പയെ കടുത്ത ശ്വാസകോശ അണുബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡിസ്ചാർജ് ചെയ്തെങ്കിലും പൂർണമായി സുഖപ്പെടാൻ ഇനിയും ധാരാളം സമയമെടുക്കുമെന്ന് ഡോക്ടർമാർ പറഞ്ഞു. സംസാരശേഷി പൂർണ്ണമായും വീണ്ടെടുക്കാൻ അദ്ദേഹത്തിന് കൂടുതൽ സമയം ആവശ്യമായി വന്നേക്കാം എന്ന് വത്തിക്കാന്റെ മുഖ്യ ഡോക്ട്രിനൽ ഒഫീഷ്യലായ കർദ്ദിനാൾ വിക്ടർ ഫെർണാണ്ടസ് വ്യക്തമാക്കി.
രണ്ട് മാസത്തെ പൂർണ വിശ്രമം വേണമെന്നാണ് ഡോക്ടർമാരുടെ നിർദ്ദേശം. ആശുപത്രിയിൽ നിന്ന് മടങ്ങി വത്തിക്കാനിലെ ഔദ്യോഗിക വസതിയായ സാന്താ മാർത്തയിലേക്കാണ് മാർപാപ്പ മാറിയത്. സന്ദർശകർക്ക് കർശന നിയന്ത്രണമുണ്ടാകുമെന്നാണ് റിപ്പോർട്ട്. ഏപ്രിൽ 8ന് ബ്രിട്ടനിലെ ചാൾസ് രാജാവിന് കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചിട്ടുണ്ട്.