AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Pope Francis: അന്ത്യവിശ്രമം എവിടെ വേണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ അന്നേ പറഞ്ഞു; ഇനി വിലാപത്തിന്റെ ‘നോവെന്‍ഡിയല്‍’ കാലയളവ്‌

Pope Francis death follow up stories in Malayalam: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാരചടങ്ങുകളെക്കുറിച്ച് വിശദാംശങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ. മാര്‍പാപ്പമാരുടെ മൃതദേഹം മരണശേഷം നാല് മുതല്‍ ആറു ദിവസങ്ങള്‍ക്കുള്ളില്‍ സംസ്‌കരിക്കാറുണ്ട്. കോളേജിന്റെ ഡീൻ ആയ കർദ്ദിനാൾ ജിയോവന്നി ബാറ്റിസ്റ്റ റീ ആകും സംസ്‌കാരച്ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നത്

Pope Francis: അന്ത്യവിശ്രമം എവിടെ വേണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ അന്നേ പറഞ്ഞു; ഇനി വിലാപത്തിന്റെ ‘നോവെന്‍ഡിയല്‍’ കാലയളവ്‌
ഫ്രാന്‍സിസ് മാര്‍പാപ്പ Image Credit source: PTI
jayadevan-am
Jayadevan AM | Updated On: 21 Apr 2025 15:01 PM

സാന്ത്വനത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം ലോകമാകെ പ്രചരിപ്പിച്ച, ലോകനന്മ കാംക്ഷിച്ച ‘വലിയ ഇടയന്‍’ നിത്യതയിലേക്ക് യാത്രയാകുമ്പോള്‍, കണ്ണീര്‍ തളംകെട്ടിയ അന്തരീക്ഷത്തിലും പ്രാര്‍ത്ഥനയില്‍ മുഴുകുകയാണ് വിശ്വാസ സമൂഹം. സമാധാനത്തിന്റെ അപ്പോസ്തലനെങ്കിലും ജീവിതത്തില്‍ ഒരു പോരാളിയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. കടുത്ത ശ്വാസകോശ അണുബാധ അദ്ദേഹത്തെ ചെറുപ്പം മുതല്‍ അലട്ടിയിരുന്നു. തന്നെ കീഴ്‌പ്പെടുത്താനെത്തിയ രോഗത്തെ 88-ാം വയസുവരെ അദ്ദേഹം ചെറുത്തുനിന്നു. കടുത്ത അണുബാധ മൂലം അദ്ദേഹത്തിന്റെ ശ്വാസകോശത്തിന്റെ ഒരുഭാഗം നീക്കം ചെയ്തിരുന്നു. അതും യൗവ്വന കാലഘട്ടത്തിന്റെ തുടക്കത്തില്‍. എന്നിട്ടും അദ്ദേഹം പതറിയില്ല. സധൈര്യം ജീവിതത്തില്‍ പോരാടി.

ഏതാനും നാളുകളായി ആരോഗ്യപ്രശ്‌നങ്ങള്‍ അദ്ദേഹത്തെ അലട്ടിയിരുന്നു. അണുബാധ വീണ്ടും വഷളായതോടെ ഫെബ്രുവരി 14ന് അദ്ദേഹത്തെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതീവ ഗുരുതരാവസ്ഥയിലായിരുന്നു അദ്ദേഹം. മാര്‍പാപ്പ മരണത്തിന്റെ വക്കോളമെത്തിയിരുന്നുവെന്നായിരുന്നു ഡോക്ടര്‍മാരുടെ വെളിപ്പെടുത്തല്‍. വെന്റിലേറ്ററിന്റെ സഹായത്തിലായിരുന്നു ചികിത്സ. ഇതിനിടെ ന്യുമോണിയ കലശലായി.

അതീവ ഗുരുതരമായ സാഹചര്യത്തില്‍ നിന്ന് വൈദ്യശാസ്ത്രത്തിന്റെ സഹായത്തോടെയും, മനോബലത്തിന്റെ പിന്‍ബലത്തോടെയും മാര്‍പാപ്പ ജീവിതത്തിലേക്ക് തിരികെയെത്തി. ഏതാണ്ട് അഞ്ചാഴ്ചകള്‍ക്ക് ശേഷം അദ്ദേഹം വിശ്വാസമൂഹത്തെ അഭിസംബോധന ചെയ്തു. ജീവിതത്തിലേക്ക് തിരികെയെത്തി, കര്‍മമണ്ഡലത്തില്‍ വ്യാപ്രതനായിരിക്കെയാണ് അദ്ദേഹം അപ്രതീക്ഷിതമായി ദിവംഗതനാകുന്നത്.

സംസ്‌കാരം എപ്പോള്‍?

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാരചടങ്ങുകളെക്കുറിച്ച് വിശദാംശങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ. മാര്‍പാപ്പമാരുടെ മൃതദേഹം മരണശേഷം നാല് മുതല്‍ ആറു ദിവസങ്ങള്‍ക്കുള്ളില്‍ സംസ്‌കരിക്കാറുണ്ട്. ‘കോളേജ് ഓഫ് കാര്‍ഡിനല്‍സ്‌’ ഡീൻ ആയ കർദ്ദിനാൾ ജിയോവന്നി ബാറ്റിസ്റ്റ റീ ആകും സംസ്‌കാരച്ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നത്.

സെന്റ് പീറ്റേഴ്‌സ് ബസിലിക്കയ്ക്ക് താഴെയുള്ള വത്തിക്കാൻ ഗ്രോട്ടോകളിലാണ് സാധാരണ മാര്‍പാപ്പമാരെ സംസ്‌കരിക്കാറുള്ളത്. എന്നാല്‍ മറ്റൊരിടത്താണ് ഫ്രാന്‍സിസ് മാര്‍പാപ്പ അന്ത്യവിശ്രമം ആഗ്രഹിക്കുന്നത്. തന്റെ പ്രിയപ്പെട്ട പള്ളികളിലൊന്നായ റോമിലെ സാന്താ മരിയ മാഗിയോർ ബസിലിക്കയിലാണ് അന്ത്യവിശ്രമം ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.

Read Also: Pope Francis: ഫ്രാൻസിസ് മാർപ്പാപ്പ കാലം ചെയ്തു; മരണം 88ആം വയസിൽ

നോവെൻഡിയേൽ

സാധാരണ, ഒരു മാര്‍പാപ്പ മരിച്ചാല്‍ ഒമ്പത് ദിവസം നീണ്ടുനില്‍ക്കുന്ന ദുഃഖാചരണമാണ് സംഘടിപ്പിക്കാറുള്ളതെന്നാണ് റിപ്പോര്‍ട്ട്. ഈ കാലയളവ് നോവെൻഡിയേൽ (Novendiale) എന്നറിയപ്പെടുന്നു. പുരാതന റോമന്‍ സമ്പ്രദായമാണ് ഇത്. പണ്ട്, മാര്‍പാപ്പമാരുടെ മരണശേഷം അവരുടെ ഹൃദയങ്ങള്‍ നീക്കം ചെയ്യുന്ന രീതിയുണ്ടായിരുന്നു. റോമിലെ ട്രെവി ഫൗണ്ടന് സമീപമുള്ള ഒരു പള്ളിയിൽ 20-ലധികം മാര്‍പാപ്പമാരുടെ ഹൃദയങ്ങൾ മാർബിൾ കലശങ്ങളിൽ സൂക്ഷിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പിന്നീട് ഈ രീതി അവസാനിപ്പിച്ചു.

പുതിയ മാർപ്പാപ്പ

മാര്‍പാപ്പയുടെ സംസ്‌കാരച്ചടങ്ങുകള്‍ക്ക് ശേഷം ഏകദേശം മൂന്നാഴ്ച കഴിഞ്ഞ് പുതിയ പോപ്പിനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് കോളേജ് ഓഫ് കാർഡിനൽസ് സിസ്റ്റൈൻ ചാപ്പലിൽ ഒരു കോൺക്ലേവ് നടത്തും. 2025 ജനുവരി 22 ലെ കോൺക്ലേവ് ചട്ടങ്ങൾ പ്രകാരം 252 കർദ്ദിനാൾമാരിൽ 138 പേർക്ക് മാത്രമേ പങ്കെടുക്കാൻ അർഹതയുള്ളൂ. ഇതില്‍ 80 വയസ്സിന് താഴെയുള്ള കർദ്ദിനാൾമാർക്ക് മാത്രമേ സിസ്റ്റൈൻ ചാപ്പലിൽ രഹസ്യ ബാലറ്റിൽ പങ്കെടുക്കാൻ അനുവാദമുള്ളൂ.