5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Narendra Modi: ഇന്ത്യയുമായി വ്യാപാര ഇടനാഴി ആരംഭിക്കുമെന്ന് ട്രംപ്; ഇന്ത്യ-യുഎസ് ബന്ധം ശക്തിപ്പെടുത്തുമെന്ന് മോദി

Narendra Modi Meets Donald Trump: പ്രധാനമന്ത്രി നടത്തുന്ന പ്രവര്‍ത്തനങ്ങളെയും ട്രംപ് അഭിനന്ദിച്ചു. മോദി തന്റെ അടുത്ത സുഹൃത്താണെന്നും കഴിഞ്ഞ നാല് വര്‍ഷവും ആ സൗഹൃദം നിലനിര്‍ത്തിയെന്നും ട്രംപ് പറഞ്ഞു. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ മികച്ച വ്യാപാര ബന്ധവും കരാറുകളും പ്രതീക്ഷിക്കുന്നതായും യുഎസ് പ്രസിഡന്റ് പറഞ്ഞു.

Narendra Modi: ഇന്ത്യയുമായി വ്യാപാര ഇടനാഴി ആരംഭിക്കുമെന്ന് ട്രംപ്; ഇന്ത്യ-യുഎസ് ബന്ധം ശക്തിപ്പെടുത്തുമെന്ന് മോദി
നരേന്ദ്ര മോദി, ഡൊണാള്‍ഡ് ട്രംപ്‌ Image Credit source: PTI
shiji-mk
Shiji M K | Updated On: 14 Feb 2025 07:32 AM

വാഷിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ കൂടിക്കാഴ്ച നടത്തി. വൈറ്റ് ഹൗസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. ഇന്ത്യയുമായി ചരിത്രത്തിലെ ഏറ്റവും വലിയ വ്യാപാര ഇടനാഴി സൃഷ്ടിക്കുമെന്ന് ട്രംപ് പറഞ്ഞു. പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തിറക്കിയ പ്രസ്താവനയിലാണ് ട്രംപിന്റെ പരാമര്‍ശം.

ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക വ്യാപാര ബന്ധം വര്‍ധിപ്പിക്കും. എഫ് 35 ഉള്‍പ്പെടെയുള്ള വിമാനങ്ങള്‍ ഇന്ത്യയ്ക്ക് നല്‍കും. ഇന്ത്യയും യുഎസും തമ്മിലുള്ള മികച്ച വ്യാപാര ബന്ധവും കരാറുകളും പ്രതീക്ഷിക്കുന്നതായും ഡൊണാള്‍ഡ് ട്രംപ് കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി നടത്തുന്ന പ്രവര്‍ത്തനങ്ങളെയും ട്രംപ് അഭിനന്ദിച്ചു. മോദി തന്റെ അടുത്ത സുഹൃത്താണെന്നും കഴിഞ്ഞ നാല് വര്‍ഷവും ആ സൗഹൃദം നിലനിര്‍ത്തിയെന്നും ട്രംപ് പറഞ്ഞു. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ മികച്ച വ്യാപാര ബന്ധവും കരാറുകളും പ്രതീക്ഷിക്കുന്നതായും യുഎസ് പ്രസിഡന്റ് പറഞ്ഞു.

ഇന്ത്യയിലേക്കുള്ള എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും പ്രധാന വിതരണക്കാരായി യുഎസിനെ മാറ്റുന്നതിനായി ഇന്ത്യയുമായുള്ള സുപ്രധാന കരാര്‍ ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. യുഎസിന്റെ ആണവ സാങ്കേതികവിദ്യയെ സ്വാഗതം ചെയ്യുന്നതിനായി ഇന്ത്യ നിയമ പരിഷ്‌കരണം നടത്തിയതിനെ ട്രംപ് പ്രശംസിച്ചു.

മോദിയെ സ്വീകരിക്കുന്നു

ഡൊണാള്‍ഡ് ട്രംപുമായി നടത്തിയ നടത്തിയ കൂടിക്കാഴ്ചയെ മെഗാ എന്നാണ് മോദി വിശേഷിപ്പിച്ചത്. അമേരിക്കയുടെ മാഗ ( മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍) യും ഇന്ത്യയുടെ വിക്ഷിത് ഭാരത് 2047 എന്ന ആശയവും (മേക്ക് ഇന്ത്യ ഗ്രേറ്റ് അഥവാ മിഗ) ഒരുമിച്ച് ചേരും. മാഗയും മിഗയും സംയോജിപ്പിച്ചുകൊണ്ട് ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം മെഗാ പങ്കാളിത്തത്തിലേക്ക് നയിക്കുമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

പ്രധാനമന്ത്രി മാധ്യമങ്ങളെ കാണുന്നു

ഇന്ത്യയുടെയും യുഎസിന്റെയും പുരോഗതിക്ക് വേണ്ടി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. ട്രംപുമായി യോജിച്ച് പ്രവര്‍ത്തിക്കുന്നതിലൂടെ ഇന്ത്യ-യുഎസ് ബന്ധം ശക്തിപ്പെടും. ട്രംപിന്റെ ആദ്യ ടേമിനേക്കാള്‍ വേഗത്തില്‍ കാര്യങ്ങള്‍ മുന്നോട്ട് നീക്കും. വികസനം ലക്ഷ്യമിട്ട് ഇരുരാജ്യങ്ങളും ഒന്നിച്ച് ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും 2030 ആകുമ്പോഴേക്ക് യുഎസുമായുള്ള വ്യാപാര ബന്ധം ഇരട്ടിയാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ട്രംപും മോദിയും തമ്മിലുള്ള കൂടിക്കാഴ്ച

യുഎസും ഇന്ത്യയും ഒന്നിച്ച് ഭീകരവാദത്തെ നേരിടുമെന്നും ബോസ്റ്റണില്‍ ഇന്ത്യ പുതിയ കോണ്‍സുലേറ്റ് ആരംഭിക്കുമെന്നും മോദി കൂട്ടിച്ചേര്‍ത്തു. ഡൊണാള്‍ഡ് ട്രംപുമായി നടന്ന ചര്‍ച്ചയില്‍ ഗൗതം അദാനിയെ കുറിച്ച് പ്രതിപാദിച്ചിട്ടില്ലെന്നാണ് മോദി പറയുന്നത്. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്, നമ്മുടെ സംസ്‌കാരം വസുധൈവ കുടുംബകമാണ്. ലോകത്തെ മുഴുവന്‍ കുടുംബമായി നമ്മള്‍ കണക്കാക്കുന്നു, ഓരോ ഇന്ത്യക്കാരനും എന്റേതാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. രണ്ട് രാജ്യങ്ങളിലെ പ്രമുഖ നേതാക്കള്‍ ഒരിക്കലും വ്യക്തിഗത വിഷയങ്ങള്‍ ചര്‍ച്ച ചെയ്യില്ലെന്നും മോദി പറഞ്ഞു.

Also Read: Narendra Modi: നരേന്ദ്ര മോദിക്ക് യുഎസില്‍ ഊഷ്മള സ്വീകരണം; മസ്‌കുമായും ചര്‍ച്ചകള്‍ക്ക് സാധ്യത

ഡൊണാള്‍ഡ് ട്രംപിന് നന്ദി അറിയിക്കാനും പ്രധാനമന്ത്രി മറന്നില്ല. മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവൂര്‍ റാണയെ രാജ്യത്തിന് കൈമാറാന്‍ യുഎസ് തീരുമാനിച്ചതില്‍ താന്‍ പ്രസിഡന്റിനോട് നന്ദിയുള്ളവനാണ്, ഇന്ത്യയിലെ കോടതികള്‍ അയാള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും മോദി പറഞ്ഞു.

മോദി തന്നേക്കാള്‍ മികച്ച ചര്‍ച്ചക്കാരാനാണെന്നാണ് ട്രംപ് അഭിപ്രായപ്പെടുന്നത്. മോദിയുമായി ഒരു തരത്തിലുള്ള മത്സരമില്ലെന്നും ട്രംപ് പറഞ്ഞു.