Israel-Palestine Conflict: നിര്‍ബന്ധിച്ച് വസ്ത്രം അഴിപ്പിച്ചു, ലൈംഗികാതിക്രമം നടത്തി; ഇസ്രായേല്‍ സൈന്യത്തിന്റെ ചെയ്തികളെ കുറിച്ച് പലസ്തീന്‍ വനിത
Israel-Palestine Conflict Updates: ശിരോവസ്ത്രങ്ങള്‍ നീക്കം ചെയ്യാന്‍ തങ്ങള്‍ വിസമ്മതിച്ചു. ഇതോടെ സൈന്യം കൂടുതല്‍ സമ്മര്‍ദം ചെലുത്താന്‍ ആരംഭിച്ചു. 20 വയസിന് താഴെയുള്ള പെണ്‍കുട്ടികളോട് ഗസയുടെ തെക്കന്‍ ഭാഗത്തേക്ക് ഒറ്റയ്ക്ക് പോകാനായി സൈന്യം നിര്‍ദേശിച്ചു. എന്നാല്‍ അവരുടെ കുടുംബങ്ങള്‍ അതിന് സമ്മതിച്ചല്ല. ഇതിന് പിന്നാലെ നിരവധി സ്ത്രീകളുടെ വസ്ത്രം വലിച്ചുകീറുകയും ലൈംഗികാതിക്രമത്തിന് ഇരകളാക്കുകയും ചെയ്തതായി അവര്‍ കൂട്ടിച്ചേര്‍ത്തു.
ഗസ സിറ്റി: കമല്‍ അദ്‌വാന്‍ ആശുപത്രിയില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ റെയ്ഡില്‍ നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ പങ്കുവെച്ച് പലസ്തീനിയന്‍ വനിത മറിയം അല്‍ മുഖയാദ്. വടക്കന്‍ ഗസയിലെ അവസാന ആശുപത്രി കൂടിയാണ് കമല്‍ അദ്‌വാന്‍. റെയ്ഡ് നടത്തുന്നതിനിടെ വസ്ത്രങ്ങള്‍ അഴിക്കാന്‍ ഇസ്രായേല്‍ സൈന്യം ആവശ്യപ്പെട്ടതായി അവര്‍ വെളിപ്പെടുത്തി.
സ്ത്രീകളോട് ശിരോവസ്ത്രങ്ങള്‍ നീക്കം ചെയ്യാനും പുരുഷന്മാരോട് അടിവസ്ത്രങ്ങള്‍ അഴിച്ചുമാറ്റാനും സൈന്യം ആവശ്യപ്പെട്ടു. റെയ്ഡ് നടക്കുന്നതിനിടെ പല സ്ത്രീകളെയും പെണ്‍കുട്ടികളെയും നിര്‍ബന്ധിച്ച് വസ്ത്രം അഴിച്ച് മാറ്റിച്ചതായും മുഖയാദ് പറയുന്നു.
ശിരോവസ്ത്രങ്ങള്‍ നീക്കം ചെയ്യാന്‍ തങ്ങള്‍ വിസമ്മതിച്ചു. ഇതോടെ സൈന്യം കൂടുതല്‍ സമ്മര്‍ദം ചെലുത്താന്‍ ആരംഭിച്ചു. 20 വയസിന് താഴെയുള്ള പെണ്‍കുട്ടികളോട് ഗസയുടെ തെക്കന്‍ ഭാഗത്തേക്ക് ഒറ്റയ്ക്ക് പോകാനായി സൈന്യം നിര്‍ദേശിച്ചു. എന്നാല്‍ അവരുടെ കുടുംബങ്ങള്‍ അതിന് സമ്മതിച്ചല്ല. ഇതിന് പിന്നാലെ നിരവധി സ്ത്രീകളുടെ വസ്ത്രം വലിച്ചുകീറുകയും ലൈംഗികാതിക്രമത്തിന് ഇരകളാക്കുകയും ചെയ്തതായി അവര്‍ കൂട്ടിച്ചേര്‍ത്തു. 13 വയസുള്ള പെണ്‍കുട്ടിയുടെ മുടിപിടിച്ച് വലിച്ചിഴച്ച് തന്റെ മുന്നിലൂടെ കൊണ്ടുപോയതായും മുഖയാദ് പറഞ്ഞു.
അതേസമയം, കമല്‍ അദ്‌വാന്‍ ആശുപത്രിക്ക് നേരെ ആക്രമണം നടത്തുന്നതിനിടെ പലസ്തീനി സ്ത്രീകളെയും പെണ്‍കുട്ടികളെയും ഇസ്രായേല്‍ സൈന്യം ലൈംഗികാതിക്രമത്തിന് ഇരകളാക്കിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മൂന്ന് മാസത്തോളമായി സൈന്യം ആശുപത്രിക്ക് നേരെ ആക്രമണം തുടരുകയാണ്. മരുന്ന്, ഭക്ഷണം തുടങ്ങിയ സേവനങ്ങളും സൈന്യം തടഞ്ഞിരുന്നു.
Also Read: Israel-Palestine Conflict: അഞ്ച് ദിവസം കൊണ്ട് 70 കുഞ്ഞുങ്ങള്‍; കൊന്ന് തള്ളി ഇസ്രായേല്‍
ആശുപത്രിക്ക് നേരെ കനത്ത ബോംബാക്രമണം നടത്തുകയും ഐസിയു അടക്കമുള്ള വിവിധ ഡിപ്പാര്‍ട്ടുമെന്റുകള്‍ തീയിട്ട് നശിപ്പിക്കുകയും ചെയ്തു. നിരവധി രോഗികളെയും മെഡിക്കല്‍ ജീവനക്കാരെയും സൈന്യം കൊലപ്പെടുത്തി. ആശുപത്രിക്ക് നേരെ ആക്രമണം നടത്തിയതിന് പിന്നാലെ ഡയറക്ടര്‍ അബു സഫിയയെ ഇസ്രായേല്‍ സൈന്യം അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഇതിന് ശേഷം അബു സഫിയയുടെ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
അബു സഫിയയുടേതായി ഏറ്റവുമൊടുവില്‍ പുറത്തുവന്ന ചിത്രത്തില്‍ അദ്ദേഹം ഇസ്രായേല്‍ ടാങ്കറുകള്‍ക്ക് നേരെ നടക്കുകയാണ്. എന്നാല്‍ ഇസ്രായേലിലെ കുപ്രസിദ്ധമായ ജയിലിലേക്ക് അബു സഫിയയെ മാറ്റിയതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഹമാസ് പ്രവര്‍ത്തകനാണെന്ന് ആരോപിച്ചായിരുന്നു അബു സഫിയയെ ഇസ്രായേല്‍ സൈന്യം അറസ്റ്റ് ചെയ്തത്.