5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Israel-Palestine Conflict: ശുചിമുറിയിലെ വെള്ളത്തില്‍ മുക്കിക്കൊല്ലാന്‍ ശ്രമിച്ചു; ഇസ്രായേലി സൈനികര്‍ക്കെതിരെ ഫലസ്തീന്‍ തടവുകാരന്‍

Israel-Palestine Conflict Updates: ഫലസ്തീന്‍ യുവാവ് ജയിലില്‍ ക്രൂരമായ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ഈ യുവാവ് ആരാണെന്ന കാര്യം വ്യക്തമല്ല. ഇയാളുടെ ഇനീഷ്യല്‍ മാത്രമാണ് സംഘടനകള്‍ക്ക് തിരിച്ചറിയാന്‍ സാധിച്ചിട്ടുള്ളത്.

Israel-Palestine Conflict: ശുചിമുറിയിലെ വെള്ളത്തില്‍ മുക്കിക്കൊല്ലാന്‍ ശ്രമിച്ചു; ഇസ്രായേലി സൈനികര്‍ക്കെതിരെ ഫലസ്തീന്‍ തടവുകാരന്‍
Gaza (PTI Image)
shiji-mk
Shiji M K | Published: 21 Aug 2024 19:35 PM

ഗസ സിറ്റി: ഇസ്രായേലി സൈനികര്‍ തന്നെ ശുചിമുറിയിലെ വെള്ളത്തില്‍ മുക്കിക്കൊല്ലാന്‍ ശ്രമിച്ചുവെന്ന് ഫലസ്തീന്‍ യുവാവ്. ഫലസ്തീന്‍ പ്രിസണേഴ്സ് ബോര്‍ഡും ഫലസ്തീനിയന്‍ പ്രിസണേഴ്സ് അസോസിയേഷനും പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. വെസ്റ്റ് ബാങ്കിലെ ഓഫര്‍ ജയിലില്‍ തടവിലാക്കപ്പെട്ട യുവാവാണ് വെളിപ്പെടുത്തല്‍ നടത്തിയതെന്ന് വാര്‍ത്താ ഏജന്‍സിയായ അനഡോലു വ്യക്തമാക്കുന്നു.

ഫലസ്തീന്‍ യുവാവ് ജയിലില്‍ ക്രൂരമായ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ഈ യുവാവ് ആരാണെന്ന കാര്യം വ്യക്തമല്ല. ഇയാളുടെ ഇനീഷ്യല്‍ മാത്രമാണ് സംഘടനകള്‍ക്ക് തിരിച്ചറിയാന്‍ സാധിച്ചിട്ടുള്ളത്. ജി വി എന്ന ഇനീഷ്യലാണ് യുവാവ് വെളിപ്പെടുത്തിയിട്ടുള്ളത്.

Also Read: The Pharos of Alexandria: ശമ്പളം 30 കോടി, ചെയ്യേണ്ടത് ലൈറ്റ് ഓണാക്കലും ഓഫാക്കലും; പോയാലോ?

ചോദ്യം ചെയ്യുന്നതിനിടെ തന്നെ ശുചിമുറിയിലെ വെള്ളത്തില്‍ മുക്കിക്കൊല്ലാന്‍ ശ്രമിച്ചു. ഇസ്രായേലി സൈനികരില്‍ നിന്നും നിരന്തരം പീഡനത്തിനും അപമാനത്തിനും മര്‍ദനത്തിനും ഇരയായി കൊണ്ടിരിക്കുകയാണെന്നാണ് യുവാവ് വെളിപ്പെടുത്തിയത്.

തെക്കന്‍ ഗസ മുനമ്പിലെ ഖാന്‍ യൂനിസില്‍ നിന്നാണ് ഇസ്രായേലി സൈന്യം തന്നെ പിടികൂടിയത്. ഹമദില്‍ നിന്നാണ് തടവിലാക്കപ്പെട്ടത്. വസ്ത്രങ്ങള്‍ അഴിച്ചുമാറ്റിയും കൈകള്‍ പുറകിലേക്ക് വലിച്ചുകെട്ടിയും കണ്ണ് മൂടികെട്ടിയതിനും ശേഷമാണ് ബന്ദിയാക്കി ട്രക്കിലേക്ക് കയറ്റിയതെന്നും യുവാവ് പറഞ്ഞു.

അതേസമയം, ഇസ്രായേലി ഭരണകൂടം തടവിലാക്കിയ ആയിരക്കണക്കിന് ഫലസ്തീന്‍ തടവുകാരുടെ സ്ഥിതിഗതികള്‍ എന്താണെന്നതില്‍ വ്യക്തതയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. നിലവിലെ കണക്കുകള്‍ പ്രകാരം, ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ ഒക്ടോബര്‍ ഏഴ് മുതല്‍ 40,173 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. 92,857 ഫലസ്തീനികള്‍ക്ക് സാരമായി പരിക്കേറ്റതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

ഗസയില്‍ ഇസ്രായേല്‍ നടത്തുന്നത് യുദ്ധക്കുറ്റമാണെന്ന് ഐക്യരാഷ്ട്ര സഭ ചൂണ്ടിക്കാട്ടിയിട്ടും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ അന്താരാഷ്ട്ര കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടും ഇസ്രായേലി സൈന്യം ഫലസ്തീനില്‍ നിന്ന് പിന്മാറാന്‍ തയ്യാറാവുന്നില്ലെന്ന് വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

അതേസമയം, ഗസയില്‍ നടക്കുന്നത് യുദ്ധമല്ലെന്നും ഇസ്രായേല്‍ നേതൃത്വം നല്‍കുന്ന കൂട്ടക്കൊലയാണെന്നും അള്‍ജീരിയ പ്രസിഡന്റും പ്രതിരോധ മന്ത്രിയുമായ അബ്ദുല്‍മദ്ജിദ് ടെബൗണ്‍ പറഞ്ഞു. സെപ്റ്റംബര്‍ ഏഴിന് നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള റാലിയില്‍ സംസാരിക്കവേയാണ് ടെബൗണിന്റെ പരാമര്‍ശം.

ഈജിപ്തും ഫലസ്തീനും തമ്മിലുള്ള അതിര്‍ത്തി തുറന്നാല്‍ ഗസയില്‍ മൂന്ന് ഫീല്‍ഡ് ആശുപത്രികള്‍ നിര്‍മിക്കാന്‍ തയാറാണെന്നും ടെബൗണ്‍ പറഞ്ഞു. അതിര്‍ത്തി തുറന്നാല്‍ എന്ത് ചെയ്യണമെന്ന് തങ്ങള്‍ക്കറിയാം. സൈന്യം സജ്ജമാണ്. 20 ദിവസത്തിനുള്ളില്‍ ഗസയില്‍ തങ്ങള്‍ മൂന്ന് ആശുപത്രികള്‍ നിര്‍മിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഗസയില്‍ നടത്തിക്കൊണ്ടിരിക്കുന്ന വംശഹത്യയ്ക്ക് ഒരു അവസാനം ഉണ്ടാകുന്നതുവരെ ഇസ്രായേലുമായി തങ്ങള്‍ ഇനിയൊരു കൂടിക്കാഴ്ച നടത്തില്ലെന്ന് സ്‌കോട്ലന്‍ഡ് വിദേശകാര്യ സെക്രട്ടറി ആംഗസ് റോബര്‍ട്ട്സണ്‍ പറഞ്ഞു. ഗസയെ സമാധാനത്തിലേക്ക് എത്തിക്കുന്ന രീതിയിലുള്ള കാര്യങ്ങള്‍ ഉണ്ടാകുന്നതുവരെ ഇസ്രായേല്‍ല്‍ ഉദ്യോഗസ്ഥരുമായുള്ള എല്ലാ കൂടിക്കാഴ്ചകളും നിര്‍ത്തിവെച്ചതായാണ് സ്‌കോട്ട്ലന്‍ഡ് അറിയിച്ചിട്ടുള്ളത്. ഓഗസ്റ്റ് ആദ്യം സ്‌കോട്ടിഷ് വിദേശകാര്യ സെക്രട്ടറി ആംഗസ് റോബര്‍ട്ട്‌സണും ഇസ്രായേല്‍ നയതന്ത്രജ്ഞനും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കെതിരെ വ്യാപകമായി വിമര്‍ശനമുയര്‍ന്ന പശ്ചാത്തലത്തിലാണ് പുതിയ നടപടി.

അതേസമയം, ഇസ്രായേല്‍-ഫലസ്തീന്‍ യുദ്ധപശ്ചാത്തലത്തില്‍ ഫലസ്തീനിലെ യുവാക്കള്‍ സ്വയം ഓണ്‍ലൈന്‍ സെന്‍സറിങ്ങിന് വിധേയരാവുന്നെന്ന ഗവേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. യുദ്ധവുമായി ബന്ധപ്പെട്ടുണ്ടാവുന്ന പ്രത്യാഘാതങ്ങള്‍ ഭയന്നാണ് യുവാക്കള്‍ സ്വയം ഓണ്‍ലൈന്‍ സെന്‍സറിങ്ങിന് വിധേയരാകുന്നെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

15നും 30നും ഇടയില്‍ പ്രായമുള്ള യുവാക്കളാണ് ഇങ്ങനെയുള്ള പ്രശ്‌നം അനുഭവിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ദി അറബ് സെന്റര്‍ ഫോര്‍ അഡ്വാന്‌സ്‌മെന്റ് ഓഫ് സോഷ്യല്‍ മീഡിയ നടത്തിയ പഠനത്തിലാണ് ഈ സുപ്രധാന കണ്ടെത്തല്‍.

Also Read: UAE Exams : പരമ്പരാഗത പരീക്ഷകൾക്ക് വിട; യുഎഇയിലെ വിദ്യാർത്ഥികൾക്ക് ഇനി നൈപുണ്യാധിഷ്ഠിത വിലയിരുത്തൽ

15നും 30നും ഇടയില്‍ പ്രായമുള്ള ഫലസ്തീന്‍ യുവാക്കള്‍ സ്വയം സുരക്ഷയെ മുന്‍നിര്‍ത്തിയാണ് ഓണ്‍ലൈന്‍ ഉപയോഗം കുറച്ചത്. യുദ്ധത്തിന്റെ പ്രത്യാഘാതങ്ങളില്‍ ഭയന്ന് ഫലസ്തീനിലെ യുവാക്കളില്‍ 39 ശതമാനം പേരും അവരുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളില്‍ നിന്നും രാഷ്ട്രീയപരവും സാമുഹികപരവുമായ ഉള്ളടക്കങ്ങള്‍ ഒഴിവാക്കിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഫലസ്തീന്‍ യുവാക്കളുടെ പോസ്റ്റുകളെയും ഉപയോഗത്തെയും ഇസ്രായേല്‍ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അധിനിവേശ വെസ്റ്റ് ബാങ്ക്, ജെറുസലേം എന്നിവിടങ്ങളിലെ യുവാക്കളാണ് സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗം കുറച്ചതെന്ന് റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നുണ്ട്.