Pakistan Polio Virus: പാകിസ്താനിൽ വീണ്ടും പോളിയോ വൈറസ് ബാധ; 2025-ലെ മൂന്നാമത്തെ കേസ്
Pakistan Polio Virus Cases: 2025ൽ മാത്രം സിന്ധിൽനിന്ന് റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ പോളിയോ വൈറസ് ബാധയാണിത്. മറ്റൊന്ന് ഖൈബർ പഖ്തുൺഖ്‌വയിൽ നിന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം കഴിഞ്ഞ വർഷം പാകിസ്താനിൽ 74 പേർക്കാണ് പോളിയോ വൈറസ് ബാധിച്ചത്.

പാകിസ്താനിൽ വീണ്ടും പോളിയോ വൈറസ് ബാധ. ഈ വർഷം ഇതുവരെ മൂന്ന് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചതെന്നും ആരോഗ്യ അധികൃതർ അറിയിച്ചു. നിർമാർജനം ചെയ്യാനുള്ള ശ്രമങ്ങൾ ഊർജിതമായി നടക്കുകയാണെന്നാണ് ആരോഗ്യ വൃത്തങ്ങൾ പറയുന്നത്. സിന്ധ് പ്രവിശ്യയിലെ ലർകാന ജില്ലയിലാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. വൈൽഡ് പോളിയോ വൈറസ് ടൈപ്പ് 1 (ഡബ്ല്യുപിവി 1) രോഗബാധയാണ് സ്ഥിരീകരിക്കപ്പെട്ടത്.
2025ൽ മാത്രം സിന്ധിൽനിന്ന് റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ പോളിയോ വൈറസ് ബാധയാണിത്. മറ്റൊന്ന് ഖൈബർ പഖ്തുൺഖ്‌വയിൽ നിന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം കഴിഞ്ഞ വർഷം പാകിസ്താനിൽ 74 പേർക്കാണ് പോളിയോ വൈറസ് ബാധിച്ചത്. ഇതിൽ 27 പേർ ബലോചിസ്താനിൽനിന്നും 22 പേർ ഖൈബർ പഖ്തുൺഖ്‌വയിൽനിന്നും 23 പേർ സിന്ധ് പ്രവിശ്യയിൽനിന്നും ഉള്ളവരാണ്. പഞ്ചാബിലും ഇസ്ലമാബാദിലും ഓരോ കേസുകൾ വീതവും റിപ്പോർട്ട് ചെയ്തിരുന്നു.
ഫെബ്രുവരി മൂന്നാം തീയതി മുതൽ ഒൻപതാം തീയതി വരെയാണ് പാകിസ്താനിൽ 2025-ലെ ആദ്യ പോളിയോ വാക്‌സിൻ വിതരണം നടന്നത്. 99 ശതമാനം കുട്ടികൾക്കും വാക്‌സിൻ നൽകിയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇപ്പോഴും പോളിയോ വൈറസ് വ്യാപനമുള്ള രണ്ട് രാജ്യങ്ങളിൽ ഒന്നാണ് പാകിസ്താൻ. മറ്റൊന്ന് അഫ്ഗാനിസ്താനാണ്.
ചൈനയിൽ പുതിയ കൊറോണ വൈറസ്
ചൈനയിൽ പുതിയ കൊറോണ വൈറസ് സാനിധ്യം കണ്ടെത്തിയതായി ഗവേഷക സംഘം. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരാൻ സാധ്യതയുള്ള കൊറോണ വൈറസിനെയാണ് കണ്ടെത്തിയത്. കോവിഡ് -19 മഹാമാരിക്ക് കാരണമായ വൈറസിനെ കണ്ടെത്തിയ കുപ്രസിദ്ധനായ ചൈനീസ് ശാസ്ത്രജ്ഞൻ ഷി ഷെങ്‌ലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പുതിയ വൈറസ് സാനിധ്യവും കണ്ടെത്തിയിരിക്കുന്നത്. കോവിഡ് -19ന് കാരണമായ വൈറസായ SARS-CoV-2 ന് സമാനമായ വൈറസാണിതെന്നും അവർ വ്യക്തമാക്കി.
ഗ്വാങ്‌ഷോ ലബോറട്ടറി, ഗ്വാങ്‌ഷോ അക്കാദമി ഓഫ് സയൻസസ്, വുഹാൻ യൂണിവേഴ്‌സിറ്റി, വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരെയാണ് ഗവേഷണത്തിൽ ഉൾപ്പെടുത്തിയത്. പുതുതായി കണ്ടെത്തിയ വൈറസ് മെർബെക്കോവൈറസ് ഉപജാതിയിൽ ഉൾപ്പെടുന്നതാണ്. അതിൽ മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം (MERS) വൈറസും ഉൾപ്പെടുന്നു.