Pakistan Bomb Blast: പാകിസ്ഥാനിൽ മദ്രസയിൽ നമസ്കാരത്തിനിടെ ചാവേർ ആക്രമണം; അഞ്ചുപേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്
Pakistan Bomb Blast at Madrassa: പാക്കിസ്ഥാൻ ചാമ്പ്യൻസ് ട്രോഫി മത്സരത്തിന്റെ വേദികളിൽ ഒന്നായതിനാൽ സംഭവം അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്. പാക്കിസ്ഥാൻ പ്രധാനമന്ത്രി ശഹബാസ് ശരീഫ് സംഭവത്തിൽ അപലപിച്ചു.

ഇസ്ലാമബാദ്: വടക്കു പടിഞ്ഞാറൻ പാകിസ്ഥാനിലെ മദ്രസയിൽ നമസ്കാരത്തിനിടെ ചാവേർ സ്ഫോടനം. സ്‌ഫോടനത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. ഇരുപതിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഖൈബർ പഖ്‌തൂൻഖ്വ പ്രവിശ്യയിലെ ദാറുൽ ഉലൂം ഹഖാനിയ മദ്രസയിലാണ് സ്ഫോടനം നടന്നത്. മദ്രസയുടെ പ്രധാന ഹാളിൽ ആയിരുന്നു സ്ഫോടനം ഉണ്ടായത്. മതപുരോഹിതൻ ഉൾപ്പടെ അഞ്ച് പേർ കൊല്ലപ്പെട്ടു. ചാവേർ ആക്രമണമാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഇതുവരെ ആരും ഉത്തരവാദിത്ത്വം ഏറ്റെടുത്തിട്ടില്ല.
1947ൽ മതപണ്ഡിതൻ മൗലാന അബ്ദുൽ ഹഖ് ഹഖാനി സ്ഥാപിച്ചതാണ് സ്ഫോടനം നടന്ന ദാറുൽ ഉലൂം ഹഖാനിയ മദ്രസ. 2007 ഡിസംബർ 27ന് മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോ കൊല്ലപ്പെട്ട സംഭവത്തിൽ ഈ മദ്രസയിലെ ഏതാനും വിദ്യാർഥികൾക്ക് പങ്കുണ്ടെന്ന് ആ സമയത്ത് ആരോപണം ഉയർന്നിരുന്നു. അന്ന് മുതൽ അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലാണ് മദ്രസ പ്രവർത്തിച്ചു വന്നിരുന്നത്. അതിനിടെ ആണ് ഇപ്പോൾ സ്ഫോടനം നടന്നത്.
പാക്കിസ്ഥാൻ ചാമ്പ്യൻസ് ട്രോഫി മത്സരത്തിന്റെ വേദികളിൽ ഒന്നായതിനാൽ സംഭവം അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്. പാക്കിസ്ഥാൻ പ്രധാനമന്ത്രി ശഹബാസ് ശരീഫ് സംഭവത്തിൽ അപലപിച്ചു. ഭയപ്പെടുത്താൻ ശ്രമിച്ചാലും തീവ്രവാദത്തിനെതിരെയുള്ള പോരാട്ടം പാകിസ്ഥാൻ അവസാനിപ്പിക്കില്ലെന്നും, ഇവരെ ഉന്മൂലനം ചെയ്യാതെ വിശ്രമമില്ലെന്നും, ഉത്തരവാദികളായവർക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.