Pahalgam Terror Attack: ‘പഹൽഗാം ആക്രമണത്തോടെ ഇന്ത്യയുടെ സൈനിക നടപടി ഉറപ്പ്’; പാകിസ്താൻ കരുതലിലെന്ന് പാക് മന്ത്രി
Khawaja Muhammad Asif: ഇന്ത്യയുടെ സൈനിക നടപടി ഉറപ്പാണെന്ന് പാകിസ്താൻ പ്രതിരോധ മന്ത്രി ഖവാജ മുഹമ്മദ് ആസിഫിൻ്റെ അവകാശവാദം. നിലനില്പിന് ഭീഷണിയുണ്ടെങ്കിലേ അണുവായുധം ഉപയോഗിക്കൂ എന്നും പാകിസ്താൻ കരുതലിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പഹൽഗാം ആക്രമണത്തോടെ ഇന്ത്യയുടെ സൈനിക നടപടി ഉറപ്പാണെന്ന് പാകിസ്താൻ പ്രതിരോധ മന്ത്രി ഖവാജ മുഹമ്മദ് ആസിഫ്. വാർത്താ എജൻസിയായ റൂയിട്ടേഴ്സിനോടാണ് അദ്ദേഹത്തിൻ്റെ പ്രതികരണം. ഈ മാസം ഏപ്രിൽ 22നായിരുന്നു പഹൽഗാമിലെ തീവ്രവാദ ആക്രമണം. 26 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
“ഞങ്ങൾ സൈനികരെ ശക്തിപ്പെടുത്തിയിട്ടുണ്ട്. കാരണം, ഇന്ത്യയുടെ സൈനിക നടപടി ഉറപ്പാണ്. അങ്ങനെ ഒരു അവസരത്തിൽ ചില തന്ത്രപരമായ തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട്. അത്തരം തീരുമാനങ്ങളെടുത്തു. പാകിസ്താൻ കരുതലിലാണ്. ഞങ്ങളുടെ നിലനില്പിന് നേരിട്ടുള്ള ഭീഷണിയുണ്ടെങ്കിലേ അണുവായുധം ഉപയോഗിക്കൂ. സൈന്യം ഇന്ത്യൻ ആക്രമണത്തിൻ്റെ സാധ്യതയെപ്പറ്റി സർക്കാരിനെ അറിയിച്ചിട്ടുണ്ട്.”- ആസിഫ് പറഞ്ഞു.
ഈ മാസം 22ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ആക്രമണത്തിന് പിന്നാലെ ഇന്ത്യ പാകിസ്താനെതിരെ കടുത്ത നടപടികൾ സ്വീകരിച്ചു. സിന്ധു നദീജല കരാർ റദ്ദാക്കിയ ഇന്ത്യ വാഗ – അട്ടാരി അതിർത്തി അടച്ചു. രാജ്യത്തുള്ള പാകിസ്താനികൾ ഉടൻ രാജ്യം വിടണമെന്നും അതിർത്തി കടന്നവർ മെയ് ഒന്നിന് മുൻപ് തിരികെയെത്തണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.




ആക്രമണം നടത്തിയത് ആകെ അഞ്ച് ഭീകരരാണെന്നാണ് റിപ്പോർട്ട്. ഇവരിൽ മൂന്ന് പേർ പാകിസ്താനികളും രണ്ട് പേർ പ്രദേശവാസികളുമാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. ഇവർ സംസാരിച്ചിരുന്ന ഉർദു പാകിസ്താനിലെ ചില പ്രദേശങ്ങളിൽ നിന്നുള്ളതാണ്. പ്രദേശവാസികൾ പഹൽഗാമിലെ ബിജ്ബെഹറ, തൊകെർപൊര സ്വദേശികളാണ്. 2017ൽ ഇവർ പാകിസ്താനിലേക്ക് പോയി. കഴിഞ്ഞ വർഷം ഇവർ തിരികെ എത്തുകയും ചെയ്തു. ഇക്കാലയളവിൽ പാകിസ്താനിൽ നിന്ന് ഇവർക്ക് പരിശീലനം ലഭിച്ചു എന്നും റിപ്പോർട്ടുകൾ സൂചിപ്പിച്ചു.
പാക് ഭീകര സംഘടനയായ ലക്ഷ്കർ എ തൊയ്ബയുടെ ഡെപ്യൂട്ടി ചീഫ് ആയ സൈഫുള്ള ഖാലിദ് ആണ് ഈ ആക്രമണത്തിൻ്റെ സൂത്രധാരൻ എന്ന് സൂചനയുണ്ട്. സൈഫുള്ള കസൂരി എന്നറിയപ്പെടുന്ന ഇയാൾ മുൻപ് ഇന്ത്യയിൽ നടന്ന പല ഭീകരാക്രമണങ്ങളുടെയും ആസൂത്രകനായ ഹാഫി സയീദിൻ്റെ വലം കയ്യാണ്. പാകിസ്താൻ സൈന്യത്തിലെ പല ഉന്നത ഉദ്യോഗസ്ഥരുമായും ഇയാൾക്ക് ബന്ധമുണ്ട്.