Pahalgam Terror Attack: ഇന്ത്യയുടെ തിരിച്ചടിയില്‍ അടിയന്തര യോഗം വിളിച്ച് പാകിസ്താന്‍; ശക്തമായ മറുപടി നല്‍കുമെന്ന് പാക് മന്ത്രി
Pahalgam Terror Attack Updates: പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് വിളിച്ച യോഗത്തിന് ശേഷം വ്യക്തമായ പ്രതികരണമുണ്ടാകുമെന്നും ഇഷാഖ് ദാര്‍ പറയുന്നു. ഇന്ന് (ഏപ്രില്‍ 24) രാവിലെയാണ് യോഗം ചേരുന്നത്. യോഗം ചേരുന്നതുമായി ബന്ധപ്പെട്ട വിവരം പാകിസ്താന്‍ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് ആണ് പുറത്തുവിട്ടത്.

ഇസ്ലാമാബാദ്: പഹല്‍ഗാമില്‍ ആക്രമണം നടത്തിയതിന് പിന്നാലെ ഇന്ത്യ സ്വീകരിച്ച നടപടികള്‍ക്കെതിരെ പാകിസ്താന്‍. സിന്ധു നദീജല കരാര്‍ റദ്ദാക്കിയത് ഉള്‍പ്പെടെ ശക്തമായ നടപടി സ്വീകരിച്ചതില്‍ ദേശീയ സുരക്ഷ സമിതിയുടെ അടിയന്തര യോഗം വിളിച്ച് പാകിസ്താന്‍. ഇന്ത്യയ്ക്ക് ശക്തമായ മറുപടി നല്‍കുമെന്ന് പാക് വിദേശകാര്യമന്ത്രി ഇഷാഖ് ദാര്‍ പറഞ്ഞു.
പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് വിളിച്ച യോഗത്തിന് ശേഷം വ്യക്തമായ പ്രതികരണമുണ്ടാകുമെന്നും ഇഷാഖ് ദാര്‍ പറയുന്നു. ഇന്ന് (ഏപ്രില്‍ 24) രാവിലെയാണ് യോഗം ചേരുന്നത്. യോഗം ചേരുന്നതുമായി ബന്ധപ്പെട്ട വിവരം പാകിസ്താന്‍ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് ആണ് പുറത്തുവിട്ടത്.
ആക്രമണത്തില്‍ 26 പേര്‍ മരിച്ചതായി കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാകാര്യ സമിതി അറിയിച്ചു. സാധാരണക്കാരായ ജനങ്ങളെ പഹല്‍ഗാമില്‍ ക്രൂരമായി കൊലപ്പെടുത്തിയതിന് പിന്നാലെ പാകിസ്താനെതിരെ ഇന്ത്യ കനത്ത രീതിയിലുള്ള നീക്കമാണ് നടത്തിയത്.




എന്‍വിഇഎസ് വീസയുള്ള പാകിസ്താന്‍ പൗരന്മാര്‍ 48 മണിക്കൂറിനുള്ളില്‍ ഇന്ത്യ വിടണം, സിന്ധു നദീജല കരാര്‍ റദ്ദാക്കി, വാഗ-അട്ടാരി അതിര്‍ത്തി അടച്ചു, അതിര്‍ത്തി കടന്നവര്‍ മെയ് ഒന്നിന് മുമ്പ് തിരിച്ചെത്തണം, പാക് പ്രതിരോധ ഉദ്യോഗസ്ഥരെ പുറത്താക്കി, പാകിസ്താന്‍ പൗരന്മാര്‍ക്ക് നല്‍കുന്ന സാര്‍ക്ക് വിസ റദ്ദാക്കി, പാകിസ്താനിലെ പ്രതിരോധ ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കും തുടങ്ങിയ സുപ്രധാന തീരുമാനങ്ങളാണ് കഴിഞ്ഞ ദിവസം ഇന്ത്യ സ്വീകരിച്ചത്.
പാകിസ്താന്‍ ആസ്ഥാനമായുള്ള നിരോധിത സംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബയുടെ നിഴല്‍ സംഘടനയായ റെസിസ്റ്റന്‍സ് ഫ്രണ്ട് പഹല്‍ഗാം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ഇവര്‍ക്ക് പാകിസ്താന്‍ ഭരണകൂടം സഹായം നല്‍കിയതായി ഇന്ത്യന്‍ അധികൃതര്‍ പറയുന്നു.